Quantcast

പേജർ പൊട്ടിത്തെറിക്കുന്ന കാർട്ടൂൺ: പ്രതിഷേധിച്ച് യുഎസ് കോൺഗ്രസ് അംഗം റാഷിദ ത്‌ലൈബ്

‘നാഷനൽ റിവ്യൂ’ മാഗസിനിൽ പ്രസിദ്ധീകരിച്ച കാർട്ടൂണിലാണ് റാഷിദ ത്‌ലൈബിനെ മോശമായി ചിത്രീകരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    21 Sep 2024 9:58 AM GMT

Rashida Tlaib
X

വാഷിങ്ടൺ: തന്റെ മുന്നിൽ പേജർ പൊട്ടിത്തെറിക്കുന്നതായി ചിത്രീകരിക്കുന്ന വംശീയത നിറഞ്ഞ കാർട്ടൂണിനെതിരെ ഫലസ്തീനിയൻ-അമേരിക്കൻ യുഎസ് കോൺഗ്രസ് അംഗം റാഷിദ ത്‌ലൈബ്. യാഥാസ്ഥിക മാഗസിനായ നാഷനൽ റിവ്യൂവിലാണ് വിവാദ കർട്ടൂൺ പ്രസിദ്ധീകരിച്ചത്. ലബനാനിൽ ഹിസ്ബുല്ല ഉപയോഗിച്ചിരുന്ന പേജറുകൾ പൊട്ടിത്തെറിച്ച സംഭവത്തിന് പിന്നാലെയാണ് മാഗസിനിൽ കാർട്ടൂൺ വരുന്നത്.

‘നമ്മുടെ സമൂഹം ഇപ്പോൾ തന്നെ വലിയ വേദനയിലാണ്. ഈ വംശീയത നമ്മുടെ അറബ്, മുസ്‍ലിം സമുദായങ്ങൾക്കെതിരെ കൂടുതൽ അക്രമവും വിദ്വേഷവും സൃഷ്ടിക്കും. ഇത് എല്ലാവരുടെയും സുരക്ഷയെയാണ് ബാധിക്കുക. മാധ്യമങ്ങൾ ഈ വംശീയത സാധാരണവൽകരിക്കുന്നത് അപമാനകരമാണ്’ -റാഷിദ ത്‌ലൈബ് ‘എക്സി’ൽ കുറിച്ചു.

വ്യാഴാഴ്ചയാണ് മാഗസിനിൽ കാർട്ടൂൺ പ്രസിദ്ധീകരിച്ചത്. പേജർ പൊട്ടിത്തെറിക്കുന്നതിന്റെ മുമ്പിൽ ഒരു സ്ത്രീ പേടിച്ച് നിൽക്കുന്നതാണ് ഇതിന്റെ ഇതിവൃത്തം. സ്ത്രീയുടെ മേശയിൽ ‘ത്‌ലൈബ്’ എന്ന നെയിംബോർഡ് കാണാം. എന്റെ പേജർ പൊട്ടിത്തെറിച്ചു എന്ന് സ്ത്രീ കാർട്ടൂണിൽ പറയുന്നുമുണ്ട്.

യുഎസ് ജനപ്രതിനിധി സഭയിൽ മിഷിഗണിനെ ​പ്രതിനിധീകരിക്കുന്ന ഡെമോക്രാറ്റ് അംഗമാണ് റാഷിദ ത്‌ലൈബ്. യുഎസ് കോൺഗ്രസിലെ ഏക ഫലസ്തീനിയൻ-അമേരിക്കൻ അംഗം കൂടിയാണ് ഇവർ. കാർട്ടൂണിനെതിരെ മുസ്‍ലിം അമേരിക്കൻ അഡ്വക്കസി ഗ്രൂപ്പായ എംഗേജ് ആക്ഷൻ, ഡെമോക്രാറ്റിക് യുഎസ് ഹൗസ് അംഗങ്ങളായ കോറി ബുഷ്, അലക്സാണ്ടിയ്ര ഒകാസിയോ കോർട്ടസ്, മിഷിഗണിലെ മനുഷ്യാവകാശ സംഘടനകൾ എന്നിവരും രംഗത്തുവന്നു.

TAGS :

Next Story