നന്ദി പറയാന്‍ യു.എസ് പ്രതിരോധ സെക്രട്ടറി ഗള്‍ഫിലേക്ക്
അഫ്ഗാനിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ കൂടെ നിന്ന ഗൾഫ് രാജ്യങ്ങൾക്ക് നന്ദി പറയുകയാണ് പര്യടനത്തിലൂടെ പ്രധാനമായും ലക്ഷ്യം വെക്കുന്നതെന്നാണ് വൈറ്റ് ഹൗസ് വ്യക്തമാക്കുന്നത്
യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ഗൾഫിലേക്ക്. അഫ്ഗാനിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ കൂടെ നിന്ന ഗൾഫ് രാജ്യങ്ങൾക്ക് നന്ദി പറയുകയാണ് പര്യടനത്തിലൂടെ പ്രധാനമായും ലക്ഷ്യം വെക്കുന്നതെന്നാണ് വൈറ്റ് ഹൗസ് വ്യക്തമാക്കുന്നത്. എന്നാൽ അഫ്ഗാനിൽ നിന്ന് പൊടുന്നനെ പിൻവാങ്ങിയ യു.എസ് നടപടിക്കെതിരെ സഖ്യരാജ്യങ്ങളിൽ രൂപപ്പെട്ട എതിർപ്പ് തണുപ്പിക്കുകയാണ് ലക്ഷ്യമെന്നാണ് വാർത്താ ഏജൻസികൾ വ്യക്തമാക്കുന്നത്.
യു.എ.ഇ, ഖത്തർ ഉൾപ്പെടെ പ്രധാന ഗൾഫ് രാജ്യങ്ങളിൽ യു.എസ് പ്രതിരോധ സെക്രട്ടറി സന്ദർശനം നടത്തും. അഫ്ഗാനിൽ നിന്ന് പിൻമാറാനിടയായ സാഹചര്യത്തെ കുറിച്ച് ഓസ്റ്റിൻ ഗൾഫ് രാജ്യങ്ങൾക്കു മുമ്പാകെ വിശദീകരിക്കും. അഫ്ഗാന്റെ ഭാവി സംബന്ധിച്ചും താലിബാനോടുള്ള സമീപനത്തെ കുറിച്ചും അമേരിക്ക ഗൾഫ് രാജ്യങ്ങളുമായി ചർച്ച നടത്തും. താലിബാനുമായി തുറന്ന ചർച്ചയും സഹകരണവും വേണമെന്നാണ് ഖത്തറിന്‍റെ നിലപാട്. എന്നാൽ ഇക്കാര്യത്തിൽ മറ്റു ഗൾഫ് രാജ്യങ്ങൾ തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ല. അമേരിക്കയും നാറ്റോ രാജ്യങ്ങളുമായും കൂടിയാലോചന നടത്തി ഏകീകൃത തീരുമാനം കൈക്കൊളളാനാണ് ഗൾഫ് രാജ്യങ്ങളുടെ തീരുമാനം.
അതിനിടെ, നിത്യവും വൻതുക ചെലവിട്ട് അഫ്ഗാനിൽ തുടരുന്നതിന്‍റെ നിരര്‍ത്ഥകത ബോധ്യപ്പെട്ടതു കൊണ്ടാണ് പിൻവാങ്ങിയതെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു. പിന്നിട്ട ഇരുപത് വർഷമായി നിത്യവും 300 ദശലക്ഷം ഡോളർ വീതം തുലച്ചതായും ബൈഡൻ പ്രതികരിച്ചു. അഫ്ഗാനിൽ നിന്ന് ഒട്ടേറെ വലിയ പാഠങ്ങൾ പഠിച്ചതായി യു.എസ് സംയുക്ത സൈനിക മേധാവിയും പ്രതികരിച്ചു.
Adjust Story Font
16