Quantcast

അരക്കെട്ടിന് ഭംഗികൂട്ടണം; വാരിയെല്ലുകൾ നീക്കം ചെയ്‌ത്‌ ഇൻഫ്ലുവൻസർ, ചെലവ് 14 ലക്ഷം

നീക്കം ചെയ്‌ത ആറ് വാരിയെല്ലുകൾ കൊണ്ട് ഒരു കിരീടമുണ്ടാക്കാനാണ് എമിലിയുടെ അടുത്ത പദ്ധതി ...

MediaOne Logo

Web Desk

  • Published:

    11 Jan 2025 2:46 PM GMT

influencer_ribs
X

സൗന്ദര്യം വർധിപ്പിക്കാൻ എന്തെല്ലാം മാർഗങ്ങളിലൂടെയാണ് ചിലർ കടന്നുപോകുന്നത്... വടിവൊത്ത ആകാരഭംഗി സ്വന്തമാക്കാൻ ആരും സഞ്ചരിക്കാത്ത വഴികൾ തിരഞ്ഞെടുക്കേണ്ടി വരും. പ്ലാസ്റ്റിക് സർജറിയടക്കം പല തരത്തിലുള്ള ശസ്‌ത്രക്രിയകൾ ചെയ്‌ത്‌ ഭംഗി കൂട്ടിയ നടീനടന്മാരെയും സോഷ്യൽ മീഡിയ താരങ്ങളെയും നമുക്കറിയാം. അങ്ങ് അമേരിക്കയിൽ അരക്കെട്ടിന് ഭംഗി കൂട്ടാൻ വാരിയെല്ല് തന്നെ നീക്കം ചെയ്‌തിരിക്കുകയാണ് ഒരു ഇൻഫ്ളുവൻസർ.

യുഎസിലെ കൻസാസ് സിറ്റിയിൽ നിന്നുള്ള 27കാരിയായ ട്രാൻസ് വനിത എമിലി ജെയിംസ് ആണ് ചെറിയ അരക്കെട്ട് സ്വന്തമാക്കാനായി തന്റെ വാരിയെല്ലുകളിൽ ആറെണ്ണം നീക്കം ചെയ്‌തത്‌. ഈ ശസ്ത്രക്രിയക്കായി എമിലി ചെലവാക്കിയത് എത്രയാണെന്നോ! ഏകദേശം 14 ലക്ഷം രൂപ.

വാരിയെല്ല് നീക്കം ചെയ്‌ത കാര്യം സോഷ്യൽ മീഡിയയിലൂടെയാണ്‌ എമിലി പരസ്യമാക്കിയത്. മൂന്ന് ദിവസത്തിനുള്ളിൽ ഇരുവശത്തുനിന്നും മൂന്ന് വാരിയെല്ലുകൾ നീക്കം ചെയ്യുമെന്ന് ഇവർ ഒരു വീഡിയോയിലൂടെ അറിയിച്ചിരുന്നു. 'എമിലി ബാർബിക്യൂ' ചെയ്യാൻ പോകുന്നു എന്നാണ് ഓപ്പറേഷനെ അവർ വിശേഷിപ്പിച്ചത്.

ശസ്ത്രക്രിയക്ക് ശേഷം വാരിയെല്ലുകൾ സൂക്ഷിക്കാൻ എമിലിയെ ഡോക്‌ടർമാർ അനുവദിച്ചു. വാരിയെല്ലുകൾ കൂട്ടിച്ചേർത്ത് ഒരു കിരീടമുണ്ടാക്കാനാണ് നിലവിൽ എമിലിയുടെ പദ്ധതി. ആദ്യം ഉറ്റസുഹൃത്തിന് അവ സമ്മാനിക്കാനായിരുന്നു പദ്ധതി. എന്നാൽ, കൂടുതൽ രാജകീയമായ എന്തെങ്കിലും ചെയ്യണം എന്നോർത്താണ് കിരീടമുണ്ടാക്കാൻ തീരുമാനിച്ചതെന്ന് എമിലി പറയുന്നു.

സുഖം പ്രാപിച്ചെങ്കിലും ഇപ്പോഴും വേദന അനുഭവിക്കുന്നുണ്ടെന്നും എമിലി വെളിപ്പെടുത്തി. എമിലിയുടെ ഈ അസാധാരണ തീരുമാനത്തിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങളും പരിഹാസവുമാണ് ഉയരുന്നത്. അവരോടെല്ലാം എമിലിക്ക് പറയാനുള്ളത് ഒന്ന് മാത്രമാണ് 'ഇത് എന്റെ പണമാണ്, എന്റെ ശരീരമാണ്, ഞാൻ അത് ഉപയോഗിച്ച് എനിക്ക് വേണ്ടത് ചെയ്യും...'

TAGS :

Next Story