ഗസ്സയിൽ യുദ്ധം നീളരുതെന്ന് ഇസ്രായേലിനോട് യു.എസ്; ആക്രമണം നിർത്താൻ ഇടപെടുന്നുണ്ടെന്ന് ബൈഡൻ
മുതിർന്ന കമാൻഡർ കൊല്ലപ്പെട്ടതോടെ ഇസ്രായേലിനുനേർക്ക് ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഹിസ്ബുല്ല
ഗസ്സ സിറ്റി/ദുബൈ: ഗസ്സയിലെ യുദ്ധം അനിശ്ചിതമായി നീളരുതെന്ന് ഇസ്രായേലിനോട് അമേരിക്ക. ആക്രമണം ലഘൂകരിക്കാൻ ഇസ്രായേലിനോട് താൻ ആവശ്യപ്പെട്ടുവരികയാണെന്ന് തന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണം തടസപ്പെടുത്തിയ യുദ്ധവിരുദ്ധ പ്രവർത്തകരോട് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ അറിയിച്ചു. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കന്‍ ഇന്ന് ഇസ്രായേൽ നേതാക്കളുമായി ചർച്ച നടത്തും.
അതിനിടെ, മുതിർന്ന കമാൻഡർ കൊല്ലപ്പെട്ടതോടെ ഇസ്രായേലിനുനേർക്ക് ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഹിസ്ബുല്ല. വടക്കൻ ഗസ്സയിൽനിന്ന് ഇസ്രായേൽ പ്രദേശങ്ങളിലേക്ക് റോക്കറ്റ്വർഷം നടന്നു. ബന്ദികളെ രക്ഷിച്ചെടുക്കാനുള്ള ഇസ്രായേൽ സ്പെഷ്യൽ ഫോഴ്സിന്റെ നീക്കം വീണ്ടും തകർത്തതായി അൽഖസ്സാം ബ്രിഗേഡ് അറിയിച്ചു. വെസ്റ്റ് ബാങ്കിലെ തുൽക്കറമിൽ മൂന്ന് ഫലസ്തീൻ പോരാളികളെ ഇസ്രായേൽ വധിച്ചു.
ഗസ്സയിൽ പരമാവധി നേരത്തെ യുദ്ധത്തിന് അറുതി വരുത്തണമെന്ന ബൈഡൻ ഭരണകൂടത്തിന്‍റെ തീരുമാനം യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍ ഇന്ന് ഇസ്രായേൽ നേതാക്കളെ അറിയിക്കുമെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൗത്ത് കരോലിനയയിൽ ബൈഡന്‍റെ തെരഞ്ഞെടുപ്പു പ്രചാരണ പ്രസംഗം ഗസ്സ അനുകൂലികളായ ജനങ്ങൾ ഇന്നലെ രാത്രി തടസപ്പെടുത്തി. ജനങ്ങളുടെ വികാരം ഉൾക്കൊള്ളുന്നതായും യുദ്ധം പരമാവധി കുറക്കാൻ ഇസ്രായേലുമായി ആശയവിനിമയം നടന്നുവരികയാണെന്നും ബൈഡൻ പറഞ്ഞു.
അതിനിടെ, വടക്കൻ ഗസ്സയിൽ പോരാളികളെ പൂർണമായും അമർച്ച ചെയ്തുവെന്ന സൈന്യത്തിന്‍റെ പ്രഖ്യാപനത്തെ വെല്ലുവിളിച്ച് ഇസ്രായേൽ പ്രദേശങ്ങളെ ലക്ഷ്യമിട്ട് നൂറുകണക്കിന് റോക്കറ്റുകളയച്ചിരിക്കുകയാണ് ഹമാസ്. സിദ്റത്ത് ഉൾപ്പെടെ പല പ്രദേശങ്ങളിലും നിലക്കാത്ത സൈറൺ ഉയർന്നു. സൈനിക സംവിധാനങ്ങൾ തകർത്തെങ്കിലും വടക്കൻ ഗസ്സയിൽ പോരാളികളെ തങ്ങൾക്ക് നേരിടേണ്ടി വരുന്നതായി സൈനിക വക്താവ് അറിയിച്ചു. തുരങ്കങ്ങളുമായി ബന്ധിപ്പിച്ച് ഹമാസിന്‍റെ ആയുധ ഫാക്ടറികൾ പ്രവർത്തിക്കുന്നതായും സൈനിക വക്താവ് പറഞ്ഞു.
ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ മുതിർന്ന ഹിസ്ബുല്ല കമാൻഡറടക്കം രണ്ടുപേർ ഇന്നലെ കൊല്ലപ്പെട്ടതോടെ സംഘർഷം മൂർഛിച്ചിരിക്കുകയാണ്. ഹിസ്ബുല്ല റിദ്‍വാൻ ഫോഴ്സിന്റെ യൂനിറ്റ്ഉ പമേധാവി വിസ്സാം അൽ തവീലാണ് മജ്ദുൽ സലം ഗ്രാമത്തിൽ നടന്ന ആക്രമണത്തിൽ മരിച്ചത്. കാറിനുമേൽ മിസൈൽ പതിച്ചാണ് മരണം. ഹിസ്ബുല്ലയുടെ തിരിച്ചടി ഭയന്ന് ആയിരങ്ങൾ അതിർത്തി പ്രദേശങ്ങളിൽനിന്ന് ഒഴിഞ്ഞുപോകുകയാണ്.
ഖാൻ യൂനിസിലും പരിസരപ്രദേശങ്ങളിലും ഇസ്രായേൽ രൂക്ഷമായ ആക്രമണം തുടരുന്നതിലിടെ ഗസ്സയിൽ മരണം 23,084 ആയി. 58,926 പേർക്ക് പരിക്കേറ്റു. 24 മണിക്കൂറിനിടെ 17 ഇടങ്ങളിൽ നടത്തിയ ബോംബിങ്ങിൽ 249 പേരാണു മരിച്ചത്. ദാറുൽ ബലാഇലും നുസൈറാത്, അൽ മഗാസി അഭയാർഥി ക്യാമ്പുകളിലുമാണ് കൂടുതൽ മരണം. അൽ മഗാസി ക്യാംപില്‍ സ്കൂളിനുനേരെ നടത്തിയ ആക്രമണത്തിൽ 30ലധികം പേരാണ് മരിച്ചത്. അതേസമയം, അൽഖസ്സാം ബ്രിഗേഡ് ശക്തമായ ചെറുത്തുനിൽപ് തുടരുകയാണ്. രണ്ട് ഇസ്രായേലി സൈനിക ടാങ്കുകൾ തകർത്തതായും ഭൂഗർഭ അറയിൽ നടത്തിയ സ്ഫോടനത്തിൽ ഏഴ് സൈനികർക്ക് പരിക്കേറ്റതായും അൽഖസ്സാം ബ്രിഗേഡ് അറിയിച്ചു.
Summary: US instructs Israel not to prolong the war in Gaza; Joe Biden announced that he was intervening to stop the attack
Adjust Story Font
16