'ഇതു വംശഹത്യയല്ല; നെതന്യാഹുവിനെതിരായ അറസ്റ്റ് വാറന്റ് അന്യായം'-കടുത്ത ഭാഷയില്‍ യു.എസ്; സ്വാഗതം ചെയ്ത് ദക്ഷിണാഫ്രിക്കയും ബെല്‍ജിയവും
ഇസ്രായേലും ഹമാസും തമ്മിൽ ഒരു നിലയ്ക്കും താരതമ്യമില്ലെന്നാണ് ജോ ബൈഡൻ വ്യക്തമാക്കിയത്
വാഷിങ്ടൺ/തെൽഅവീവ്: ഗസ്സ ആക്രമണത്തിൽ ഇസ്രായേൽ ഭരണകൂടത്തിനെതിരെ യുദ്ധക്കുറ്റം ചുമത്താനുള്ള ഐ.സി.സി നിർദേശത്തിൽ രൂക്ഷവിമർശനവുമായി യു.എസ്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും വിദേശകാര്യ മന്ത്രി യോവ് ഗാലന്റിനെയും അറസ്റ്റ് ചെയ്യാനുള്ള ചീഫ് പ്രോസിക്യൂട്ടറുടെ നിർദേശം അന്യായമാണെന്നാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചത്. ഇസ്രായേലും ഹമാസും തമ്മിലൊരു താരതമ്യമില്ലെന്നും ഗസ്സയിൽ നടക്കുന്നത് വംശഹത്യയല്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ് ബൈഡൻ. ഐ.സി.സി നിർദേശം ഇസ്രായേലും തള്ളിയിട്ടുണ്ട്. അതേസമയം, ദക്ഷിണാഫ്രിക്കയും ബെല്‍ജിയവും വാറന്‍റിനെ സ്വാഗതം ചെയ്തു.
കോടതി നിർദേശം അവഞ്ജയോടെ തള്ളുന്നുവെന്നായിരുന്നു ഇസ്രായേൽ പ്രതികരണം. കൂട്ടക്കൊലയാളികളായ ഹമാസിനെയും ജനാധിപത്യ ഇസ്രായേലിനെയും തുലനം ചെയ്ത നടപടിയെ തള്ളിക്കളയുന്നുവെന്ന് നെതന്യാഹു പറഞ്ഞു. നമ്മുടെ സഹോദരങ്ങളെ കൊലപ്പെടുത്തുകയും അഗ്നിക്കിരയാക്കുകയും കശാപ്പ് ചെയ്യുകയും ശിരഛേദം ചെയ്യുകയും ബലാത്സംഗം ചെയ്യുകയും തട്ടിക്കൊണ്ടുപോകുകയുമെല്ലാം ചെയ്ത ഹമാസിനെയും ന്യായമായ യുദ്ധം ചെയ്യുന്ന ഇസ്രായേൽ സൈനികരെയും എന്ത് ധിക്കാരത്തോടെയാണു നിങ്ങൾ താരതമ്യം ചെയ്യുന്നതെന്നും നെതന്യാഹു ചോദിച്ചു.
അതേസമയം, ഇരകളെയും വേട്ടക്കാരെയും ഒരുപോലെ കാണുന്ന കോടതി ആരുടെ താൽപര്യമാണ് സംരക്ഷിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് ഹമാസും ഫലസ്തീൻ സംഘടനകളും ആവശ്യപ്പെട്ടു. നെതന്യാഹുവിനും ഗാലന്റിനുമെതിരെ അറസ്റ്റ് വാറന്റ് പുറത്തിറക്കാൻ ഐ.സി.സി ഏഴു മാസം വൈകിയെന്നും ഹമാസ് ചൂണ്ടിക്കാട്ടി. ഹമാസ് നേതാക്കളെ അറസ്റ്റ് ചെയ്യാനുള്ള നിർദേശത്തെ ഗസ മീഡിയ കാര്യാലയവും പി.എൽ.ഒയും വിമർശിച്ചു.
കടുപ്പിച്ച് യു.എസ്; ഇസ്രായേലിനൊപ്പം തന്നെയെന്ന് പ്രഖ്യാപനം
ഇതാദ്യമായാണ് ഒരു യു.എസ് സഖ്യകക്ഷി രാജ്യത്തിന്റെ തലവനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാനുള്ള നിർദേശം വരുന്നത്. അതുകൊണ്ടുതന്നെ അതിരൂക്ഷമായ ഭാഷയിലാണ് ഇതിനോട് യു.എസ് പ്രതികരിച്ചിരിക്കുന്നതും. ഇസ്രായേൽ നേതാക്കൾക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാനുള്ള ഐ.സി.സി പ്രോസിക്യൂട്ടറുടെ അപേക്ഷ അന്യായമാണെന്നു പറഞ്ഞ ബൈഡൻ ഒരുപടികൂടി കടന്ന് ഗസ്സ ആക്രമണത്തിൽ യു.എസിന്റെ നിലപാട് ആവർത്തിക്കുകയും ചെയ്തിരിക്കുകയാണ്. ഒരു കാര്യം വ്യക്തമാക്കുന്നുവെന്നു പറഞ്ഞ് ബൈഡൻ തുറന്നടിച്ചത് ഇങ്ങനെയായിരുന്നു:
''പ്രോസിക്യൂട്ടർ എന്നുതന്നെ ഉദ്ദേശിച്ചാലും, ഇസ്രായേലും ഹമാസും ഒരു തരത്തിലും തുല്യമല്ല. ഇസ്രായേലിന്റെ സുരക്ഷയ്ക്കെതിരെ ഉയരുന്ന ഭീഷണികൾക്കെതിരെ എപ്പോഴും ഞങ്ങൾ ഒപ്പമുണ്ടാകും.''
വൈകീട്ട് വൈറ്റ് ഹൗസിൽ നടന്ന അമേരിക്കൻ ജൂത പൈതൃക മാസാചരണ ചടങ്ങിലും നിലപാട് ബൈഡൻ ആവർത്തിച്ചു: ''ഹമാസ് ഉൾപ്പെടെയുള്ള മുഴുവൻ ശത്രുക്കൾക്കുമെതിരെ സ്വയം പ്രതിരോധമൊരുക്കാൻ ആവശ്യമായതെല്ലാം ഇസ്രായേലിന്റെ പക്കലുണ്ടെന്ന് ഞാൻ എപ്പോഴും ഉറപ്പുവരുത്തും. ഹമാസിനെ തറപറ്റിച്ചിരിക്കണം. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യയല്ല.''
ഇതു പറഞ്ഞ ശേഷം ഗസ്സയിലെ സിവിലിയൻ മരണം ഹൃദയഭേദകമാണെന്നും ബൈഡൻ പറഞ്ഞു. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനും ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കാനുമുള്ള ശ്രമത്തിലാണ് യു.എസ് ഭരണകൂടമെന്നു വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ബൈഡൻ പറഞ്ഞതെല്ലാം ആവർത്തിക്കുകയായിരുന്നു യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ചെയ്തത്. ഇസ്രായേൽ വൃത്തങ്ങളെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തെ അപ്പാടെ തള്ളിക്കളയുന്നുവെന്ന് പറഞ്ഞ ബ്ലിങ്കൻ വെടിനിർത്തൽ കരാറിലെത്താനുള്ള ശ്രമങ്ങൾക്കു തിരിച്ചടിയാകും നടപടിയെന്നും സൂചിപ്പിച്ചു. ഈ വിഷയത്തിൽ ഐ.സി.സിക്ക് ഇടപെടാൻ അധികാരമില്ലെന്നു തുടക്കംതൊട്ടേ യു.എസ് വ്യക്തമാക്കിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.
പരിമിതമായ അധികാരമുള്ള കോടതിയായാണ് ഐ.സി.സി സ്ഥാപിക്കപ്പെട്ടിട്ടുള്ളതെന്നും ബ്ലിങ്കൻ വാദിചാ്ചു. ഇസ്രായേൽ നിയമസംവിധാനത്തെ ഇക്കാര്യത്തിൽ സമയബന്ധിതമായ നടപടികളുമായി മുന്നോട്ടുപോകാൻ അനുവദിക്കന്നതിനു പകരം അറസ്റ്റ് വാറന്റിനു തിരക്കുകൂട്ടുകയാണ് പ്രോസിക്യൂട്ടർ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സ്വാഗതം ചെയ്തും വിമർശിച്ചും ലോകരാജ്യങ്ങൾ
അറസ്റ്റ് വാറന്റിൽ ജർമനിയും ഇസ്രായേലിനുള്ള പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്രായേലും ഹമാസും തമ്മിലുള്ള താരതമ്യം തെറ്റായെന്ന് ജർമൻ വിദേശകാര്യ വക്താവ് പ്രതികരിച്ചു. എന്നാൽ, ഇസ്രായേലിനെതിരെ ഐ.സി.സിയിൽ യുദ്ധക്കുറ്റ കേസിനു തുടക്കമിട്ട ദക്ഷിണാഫ്രിക്ക പുതിയ നീക്കത്തെ സ്വാഗതം ചെയ്തു. എല്ലാവരോടും തുല്യമായി നിയമം നടപ്പാക്കേണ്ടതുണ്ടെന്നാണ് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ രാമഫോസ പറഞ്ഞത്. ഹീനമായ കുറ്റകൃത്യങ്ങൾ ചെയ്തവർക്കെതിരെ നടപടിയുണ്ടാകണം. സാധാരണക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും രാമഫോസ ആവശ്യപ്പെട്ടു.
ബെൽജിയവും ലോകകോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്തപ്പോൾ യു.എസിന്റെ നിലപാട് ആവർത്തിച്ച് വിവിധ യൂറോപ്യൻ രാജ്യങ്ങളും രംഗത്തെത്തി. ഹമാസ് നേതാക്കൾക്കൊപ്പം ഇസ്രായേൽ പ്രധാനമന്ത്രിയെയും വിദേശകാര്യ മന്ത്രിയെയും അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിൽ ആശങ്ക പ്രകടിപ്പിക്കുകയായിരുന്നു ബ്രിട്ടനും ചെക്ക് റിപബ്ലിക്കും ആസ്ട്രിയയുമെല്ലാം ചെയ്തത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെയും 'ഇസ്‌ലാമിക ഭീകരസംഘമായ' ഹമാസിനെയും ഒരുപോലെ കാണരുതെന്ന ആവശ്യമായിരുന്നു എല്ലാവരുടെയും പ്രതികരണങ്ങളിൽ മുഴച്ചുനിന്നത്.
'പട്ടിണി ആയുധമാക്കി വംശഹത്യ': ഐ.സി.സിയുടെ അറസ്റ്റ് വാറന്‍റ്
കഴിഞ്ഞ ദിവസമാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി(ഐ.സി.സി) അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഗസ്സ ആക്രമണത്തിൽ യുദ്ധക്കുറ്റം ആരോപിച്ചായിരുന്നു ഐ.സി.സി നടപടി. ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും യഹ്യ സിൻവാർ ഉൾപ്പെടെ മൂന്ന് ഹമാസ് നേതാക്കൾക്കുമെതിരെയും കോടതി വാറന്റ് പുറപ്പെടുവിച്ചു.
ഒക്ടോബർ ഏഴിന് ഇസ്രായേലിലും തുടർന്ന് ഗസ്സയിലും നടന്ന ആക്രമണങ്ങളിലാണ് ഐ.സി.സിയുടെ നടപടിയെന്നാണ് ചീഫ് പ്രോസിക്യൂട്ടർ കരീം ഖാൻ അറിയിച്ചത്. അൽഖസ്സാം ബ്രിഗേഡ് തലവനും മുഹമ്മദ് ദൈഫ് എന്ന പേരിൽ അറിയപ്പെടുന്ന മുഹമ്മദ് ദിയാബ് ഇബ്രാഹിം അൽമസ്രി, ഹമാസ് രാഷ്ട്രീയകാര്യ തലവൻ ഇസ്മാഈൽ ഹനിയ്യ എന്നിവരാണ് അറസ്റ്റ് വാറന്റ് നേരിടുന്ന മറ്റ് ഹമാസ് നേതാക്കൾ.
പട്ടിണി ആയുധമാക്കി ജനങ്ങളെ കൂട്ടക്കുരുതി നടത്തിയെന്നാണ് നെതന്യാഹുവിനും ഗാലന്റിനുമെതിരായ പ്രധാന കുറ്റങ്ങൾ. ഗസ്സയിൽ സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമണം നടത്തി, പ്രദേശത്തേക്കുള്ള മാനുഷിക സഹായങ്ങൾ തടഞ്ഞു തുടങ്ങിയ കുറ്റങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൊലപാതകം, ബന്ദിയാക്കൽ, ലൈംഗികാതിക്രമം തുടങ്ങിയ കുറ്റങ്ങളാണ് ഹമാസ് നേതാക്കൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
Summary: US president Joe Biden attacks request by ICC prosecutor for Benjamin Netanyahu, Yoav Gallant arrest warrant: World leaders react
Adjust Story Font
16