'ഹിസ്ബുല്ലയ്‍ക്കെതിരെ തുറന്ന യുദ്ധം വേണ്ട'; ഇസ്രായേലിനെ പിന്തിരിപ്പിക്കാൻ അമേരിക്കയുടെ തീവ്രശ്രമം
ഇസ്രായേലിനെതിരെ ദീർഘകാല യുദ്ധത്തിന് സജ്ജമാണെന്ന് ഹമാസ് തലവന്‍ യഹ്‍യ സിൻവാർ
തെല്‍അവീവ്: ലബനാനിൽ ഹിസ്ബുല്ലയ്ക്കുനേരെയുള്ള തുറന്ന യുദ്ധത്തിൽനിന്ന് ഇസ്രായേലിനെ പിന്തിരിപ്പിക്കാൻ അമേരിക്കയുടെ തീവ്രശ്രമം. എന്നാല്‍, ലബനാനുനേരെയുള്ള സൈനിക നടപടിയിലുറച്ചുനില്‍ക്കുകയാണ് ഇസ്രായേൽ. ദീർഘകാല യുദ്ധത്തിന് സജ്ജമാണെന്നാണ് ഹമാസ് തലവന്‍ യഹ്‍യ സിൻവാർ അറിയിച്ചത്.
ലബനാനുനേരെ തുറന്ന യുദ്ധത്തിൽനിന്ന് ഇസ്രായേലിനെ പിന്തിരിപ്പിക്കാൻ തിരക്കിട്ട നീക്കം തുടരുന്നതായാണ് അമേരിക്ക സൂചിപ്പിക്കുന്നത്. ഇന്നലെ തെൽഅവീവിൽ ഇസ്രായേൽ നേതാക്കളുമായി യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ ഉപദേശകൻ അമോസ് ഓസ്റ്റിൻ ചർച്ച നടത്തി. ലബനാനെതിരായ വ്യാപകയുദ്ധം മേഖലായുദ്ധമായി മാറുമെന്നും തുടർപ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും ഓസ്റ്റിൻ ഇസ്രായേൽ നേതാക്കളെ അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്നാൽ, വടക്കൻ ഇസ്രായേലിൽനിന്ന് മാറ്റിപ്പാർപ്പിച്ച ആയിരങ്ങളുടെ തിരിച്ചുവരവിന് അവസരമൊരുക്കുകയാണ് പ്രധാനമെന്ന് നെതന്യാഹു പറഞ്ഞു. സൈനിക സമ്മർദത്തിലൂടെ മാത്രമേ ഹിസ്ബുല്ലയെ അമർച്ച ചെയ്യാൻ കഴിയൂ എന്നായിരുന്നു പ്രതിരോധമന്ത്രി യോവ് ഗാലന്‍റിന്‍റെ പ്രതികരണം. കഴിഞ്ഞ ദിവസം ഹൂതികൾ അയച്ച മിസൈൽ തെൽഅവീവിൽ പതിച്ചതിന്‍റെ ആഘാതത്തിലാണ് ഇസ്രായേൽ. ശക്തമായി പകരം ചോദിക്കുമെന്ന് നെതന്യാഹു ആവർത്തിച്ചു.
ഹൂതികൾക്ക് സൂപ്പർ സോണിക് മിസൈലുകൾ കൈമാറിയെന്ന ആരോപണം ഇറാൻ പ്രസിഡന്‍റ് നിഷേധിച്ചു. എന്നാൽ, യമൻ ജനത ഫലസ്തീൻ സമൂഹത്തിന് നൽകുന്ന പിന്തുണയ്ക്ക് ഹമാസ് നേതാവ് യഹ്‍യ സിൻവാർ നന്ദി അറിയിച്ചു. ഇസ്രായേലിനെതിരെ ദീർഘകാല യുദ്ധത്തിന് സജ്ജമാണെന്നും ഹൂതി നേതൃത്വത്തിന് കൈമാറിയ കത്തിൽ യഹ്‍യ സിൻവാർ വ്യക്തമാക്കി.
അതിനിടെ, ഇസ്രായേൽ സൈന്യം ഗസ്സയിലുടനീളം ആക്രമണം തുടരുകയാണ്. നുസ്റത്ത് ക്യാമ്പിൽ കഴിഞ്ഞ 10 പേർ മരിച്ചു. ഗസ്സ സിറ്റിയിലെ സെയ്‌ടൗൺ, ഷെയ്ഖ് റദ്‌വാൻ എന്നീ നഗരങ്ങളിൽ നടത്തിയ ആക്രമണങ്ങളിൽ കുട്ടികളടക്കം 12 പേർ കൊല്ലപ്പെട്ടു. ഗസ്സയിൽ വെടിനിർത്തലിന് മധ്യസ്ഥ രാജ്യങ്ങൾക്ക് പുതിയ നിർദേശം സമർപ്പിച്ചതായും അതിൻമേൽ ആശയവിനിമയം തുടരുന്നതായും യു.എസ് സ്റ്റേറ്റ് വകുപ്പ് പ്രതികരിച്ചു.
Summary: US desperate to dissuade Israel from open war against Hezbollah in Lebanon
Adjust Story Font
16