അധികാരത്തിൽ നിന്നിറങ്ങും മുമ്പ് ഇസ്രായേലിന്റെ ആയുധപ്പുര നിറയ്ക്കും; എട്ട് ബില്യണിന്റെ കച്ചവടമുറപ്പിച്ച് യുഎസ്
ഗസയിലെ കൂട്ടക്കൊലയുടെ കണക്ക് ചൂണ്ടിക്കാട്ടി ഇസ്രായേലിന് സൈനിക പിന്തുണ താൽക്കാലികമായി നിർത്താൻ ആഹ്വാനമുയർന്നിരുന്നെങ്കിലും ഇത് വാഷ്ങ്ടൺ നിരസിച്ചു
വാഷിങ്ടൺ: ഇസ്രായേലിന് എട്ട് ബില്യൺ ഡോളറിന്റെ (എകദേശം 68,613 കോടി രൂപ) ആയുധങ്ങൾ വിൽക്കാനൊരുങ്ങി യുഎസ്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് കോൺഗ്രസിനെ കച്ചവടത്തെക്കുറിച്ച് അറിയിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു.
പ്രസിഡന്റ് ജോ ബൈഡൻ സ്ഥാനമൊഴിയാൻ വെറും രണ്ടാഴ്ച ശേഷിക്കെയാണ് യുഎസിന്റെ ആയുധവിൽപനാ നടപടി.
മിസൈലുകളും ഷെല്ലുകളും മറ്റ് യുദ്ധസാമഗ്രികളും അടങ്ങിയ വൻ ആയുധശേഖരമാണ് യുഎസ് ഇസ്രായേലിന് വിൽക്കുന്നതെന്നാണ് വിവരം. വിൽപനയ്ക്ക് ഹൗസ് സെനറ്റ് കമ്മിറ്റികളുടെ അംഗീകാരം ആവശ്യമാണ്.
ഗസയിലെ കൂട്ടക്കൊലയുടെ കണക്ക് ചൂണ്ടിക്കാട്ടി ഇസ്രായേലിന് സൈനിക പിന്തുണ താൽക്കാലികമായി നിർത്താൻ ആഹ്വാനമുയർന്നിരുന്നെങ്കിലും ഇത് വാഷ്ങ്ടൺ നിരസിച്ചിട്ടുണ്ട്.
കഴിഞ്ഞ ആഗസ്റ്റിൽ 20 ബില്യൺ ഡോളറിന്റെ സൈനികോപകരണങ്ങൾ ഇസ്രായേലിന് വിൽക്കാൻ യുഎസ് അംഗീകാരം നൽകിയിരുന്നു. യുദ്ധവിമാനങ്ങളും മറ്റ് സൈനിക ഉപകരണങ്ങളും അടങ്ങിയതായിരുന്നു ഈ വിൽപന.
ഏറ്റവും പുതിയ വിൽപനയിൽ എയർ ടു എയർ മിസൈലുകൾ, ഹെൽഫയർ മിസൈലുകൾ, പീരങ്കി ഷെല്ലുകൾ, ബോംബുകൾ എന്നിവ ഉൾപ്പെടുന്നു.
ഇസ്രായേലിന്റെ സുരക്ഷയ്ക്കും പ്രതിരോധത്തിനുമായി ആവശ്യമായ എല്ലാ സേവനങ്ങളും തങ്ങൾ നൽകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പലതവണ പറഞ്ഞിട്ടുണ്ട്.
'അന്താരാഷ്ട്ര നിയമങ്ങൾക്കും അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾക്കും അനുസ്യൂതമായി തങ്ങളുടെ പൗരൻമാരെ സംരക്ഷിക്കാനും ഇറാനിൽ നിന്നും മറ്റ് സംഘടനകളിൽ നിന്നും ആക്രമണം തടയാൻ ഇസ്രയേലിന് അവകാശമുണ്ടെന്ന്' ജോ ബൈഡൻ പറഞ്ഞിരുന്നു.
ഇസ്രായേലിനുള്ള യുഎസ് പിന്തുണ ഒരു ഇരുമ്പ് പുതപ്പാണെന്ന് ബൈഡൻ പലപ്പോഴും വിശേഷിപ്പിച്ചിട്ടുണ്ട്.
ഇസ്രായേലിന്റെ സൈന്യക ശേഷി ശക്തി വർധിപ്പിക്കുന്നതിനായി അമേരിക്ക പല തവണ വിൽപനയും സഹായവും രാജ്യത്തിന് നൽകിയിട്ടുണ്ട്. ഇസ്രയേലിന് ഏറ്റവുമധികം ആയുധങ്ങൾ വിതരണം ചെയ്യുന്ന രാജ്യവും യുഎസാണ്.
സായുധ യുദ്ധങ്ങളെക്കുറിച്ച് പഠനം നടത്തുന്ന സ്റ്റോക്ക്‌ഹോം ഇൻർനാഷണൽ പീസ് റീസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SIPRI) ന്റെ കണക്കനുസരിച്ച 2019നും 2023നും ഇടയിൽ ഇസ്രായേലിലേക്കുള്ള ആയുധ ഇറക്കുമതിയുടെ 69 ശതമാനവും യുഎസിൽ നിന്നായിരുന്നു.
2024 മേയ് മാസം ഫലസ്തീനിലെ റഫയിൽ ഇസ്രായേൽ ശക്തമായ കരയുദ്ധം നടത്തുമെന്ന ആശങ്കയിൽ 907 കിലോയുടെയും 226 കിലോയുടെയും സ്‌ഫോടകവസ്തുക്കളുടെ ചരക്ക് തങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. എന്നാൽ സംഭവത്തിൽ ബൈഡനെതിരെ റിപബ്ലിക്കൻ നേതാക്കൾ രൂക്ഷ വിമർശനവുമായി രംഗത്തുവന്നിരുന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും ബൈഡനെ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെ ബൈഡൻ ഇസ്രായേലിനെതിരെ ചുമത്തിയ ആയുധ കച്ചവടത്തിലെ താത്കാലിക വിലക്ക് പിൻവലിച്ചു.
തന്റെ പടിയിറക്കത്തിന് തൊട്ട് മുമ്പ് തന്റെ പേര് പാരമ്പര്യം കാത്തുസൂക്ഷിക്കാനായാണ് ബൈഡൻ പൊടുന്നനെയുള്ള ആയുധവിൽപന തീരുമാനിച്ചതെന്നാണ് അനുമാനം. ബൈഡൻ ഭരണകൂടത്തിന്റെ അവസാന ആയുധവിൽപനയായിരിക്കും ഇത്.
വരനിരിക്കുന്ന ട്രംപ് ഭരണകൂടവും ഇസ്രായേലുമായുള്ള ആയുധവിൽപന കൂടുതൽ ബലപ്പെടുത്താനാണ് സാധ്യത.
ഇസ്രയേൽ ഫലസ്തീന് മേൽ നടത്തിക്കൊണ്ടിരിക്കുന്ന കൂട്ടക്കൊലയിൽ ഇതിനോടകം 45,580 ആളുകൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇസ്രായേൽ ഉപയോഗിക്കുന്ന വലിയൊരു ശതമാനം ആയുധങ്ങളും യുഎസിൽ നിന്നുള്ളതാണ്.
ഇതിനിടെ ഗസ്സയിലെ ഇസ്രായേൽ വംശഹത്യ തുടരുകയാണ്. വീടുകൾക്കും അഭയാർഥി ക്യാമ്പുകൾക്കും നേരെ ഇസ്രായേൽ ആക്രമണം നടത്തി. 24 മണിക്കൂറിനിടെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 70ലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇസ്രായേൽ സൈനിക സേന 34 വ്യോമാക്രമണങ്ങൾ നടത്തിയതായും എൻക്ലേവിലെ പൊലീസ് സേനാ മേധാവിയും ഡെപ്യൂട്ടിമാരും ഉൾപ്പെടെ 71 പേർ കൊല്ലപ്പെടുകയും ചെയ്തു. അതേസമയം അതിശൈത്യത്തിനൊപ്പം കനത്ത മഴയും കാറ്റും വന്നത് ക്യാമ്പുകളിലെ ജീവിതം ദുസ്സഹമാക്കി. ഗസ്സ സിറ്റി ,ഖാൻ യൂനസ്,ദെയറുൽ ബലഹ് എന്നിവിടങ്ങളിൽ കനത്ത മഴയിൽ ജലനിരപ്പുയർന്ന് ക്യാമ്പുകളിൽ വെള്ളം കയറി.
മേഖലയിൽ അതിശൈത്യത്തെ നേരിടാൻ കഴിയാതെ 7 കുഞ്ഞുങ്ങൾ മരിച്ചു. കടുത്ത ഉപരോധം തുടരുന്ന വടക്കൻ ഗസ്സയിൽ ജബാലിയ, ബൈത് ലാഹിയ എന്നിവിടങ്ങളിൽ കൂട്ടമായി വീടുകൾ നശിപ്പിക്കുന്നതും തുടരുന്നു. വെടിനിർത്തൽ ചർച്ചകൾ വീണ്ടും വഴിമുട്ടിയെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇസ്രായേൽ ആക്രമണങ്ങൾ കടുപ്പിക്കുന്നത്.
Adjust Story Font
16