Quantcast

യുക്രൈനിൽ സംഘർഷമൊഴിയുന്നില്ല; കിഴക്കൻ യൂറോപ്പിലേക്ക് സൈന്യത്തെ അയക്കാൻ യുഎസ്

കഴിഞ്ഞ ദിവസങ്ങളിലായി 8,500 യുഎസ് സൈനികരും പടക്കപ്പലും യുക്രൈൻ തീരത്തെത്തിയിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    29 Jan 2022 4:06 PM GMT

യുക്രൈനിൽ സംഘർഷമൊഴിയുന്നില്ല; കിഴക്കൻ യൂറോപ്പിലേക്ക് സൈന്യത്തെ അയക്കാൻ യുഎസ്
X

യുക്രൈൻ വിഷയത്തിൽ റഷ്യയ്‌ക്കെതിരെ സമ്മർദനീക്കവുമായി അമേരിക്ക. കിഴക്കൻ യൂറോപ്പിലേക്ക് സൈനികരെ അയക്കാൻ യുഎസ് നീക്കം. പുതിയ നീക്കത്തിന് പെന്റഗൺ അനുമതി നൽകിയിട്ടുണ്ട്.

അതിർത്തിയിലെ വൻതോതിലുള്ള റഷ്യൻ സേനാവിന്യാസവുമായി ബന്ധപ്പെട്ട് പരിഭ്രാന്തി സൃഷ്ടിക്കുന്നത് ഒഴിവാക്കണമെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ളോഡ്മിർ സെലൻസ്‌കി പടിഞ്ഞാറൻ രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ മേഖലയിൽ സംഘർഷമൊഴിവാക്കാനുള്ള നടപടികൾ കൈക്കൊള്ളാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മിർ പുടിനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും തമ്മിൽ ധാരണയായിരുന്നു.

എന്നാൽ, ഇതിനിടയിലും കിഴക്കൻ യൂറോപ്പിൽ സൈന്യത്തെ വിന്യസിച്ച് മേഖലയിൽ പടയൊരുക്കത്തിനുള്ള നീക്കത്തിലാണ് അമേരിക്ക. ഇവിടെ നേരത്തെ നാറ്റോ സൈന്യത്തിന്റെ സാന്നിധ്യമുണ്ട്. ഇതിലേക്കാണ് കൂടുതൽ യുഎസ് സൈനികരെത്തുന്നത്.

അതിർത്തിയിൽ റഷ്യയുടെ വൻ സേനാവിന്യാസത്തിനു പിന്നാലെ ദിവസങ്ങൾക്കുമുൻപ് യുഎസ് പടക്കപ്പൽ യുക്രൈൻ തീരത്തെത്തിയിരുന്നു. മിസൈൽവേധ മിസൈലുകളടക്കമുള്ള ആയുധങ്ങളുമായാണ് യുഎസ് തീരത്ത് നങ്കൂരമിട്ടത്. കഴിഞ്ഞ ദിവസങ്ങളിലായി 8,500 സൈനികരെയും യുക്രൈന് സഹായവുമായി അമേരിക്ക അയച്ചിട്ടുണ്ട്.

ദിവസങ്ങൾക്കുമുൻപാണ് യുക്രൈൻ അതിർത്തിയിൽ റഷ്യ ആയിരക്കണക്കിന് സൈനികരെ വിന്യസിച്ചത്. യുക്രൈനെതിരായ സൈനിക നടപടിക്കുള്ള നീക്കമാണിതെന്നാണ് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ആരോപിക്കുന്നത്. സൈനികനീക്കത്തിനൊന്നും ഇപ്പോൾ ആലോചനയില്ലെന്ന് റഷ്യ പ്രതികരിച്ചിട്ടുണ്ട്. എന്നാൽ, തങ്ങളുടെ ആവശ്യങ്ങൾ നാറ്റോയും യുഎസും അംഗീകരിച്ചില്ലെങ്കിൽ ആ രീതിയിലേക്ക് നീങ്ങേണ്ടിവരുമെന്നും റഷ്യയുടെ മുന്നറിയിപ്പുണ്ട്.

Summary: US President Joe Biden announced that a small troop will be deployed in eastern Europe amid Ukraine crisis


TAGS :

Next Story