Quantcast

'കാനഡയുടെ അന്വേഷണത്തോട് പൂർണമായി സഹകരിക്കണം'; ഇന്ത്യയോട് യു.എസ്

ഔദ്യോഗിക സന്ദർശനത്തിനായി വാഷിങ്ടണിലുള്ള വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോട് യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ആണ് ആവശ്യം ഉയർത്തിയത്

MediaOne Logo

Web Desk

  • Published:

    30 Sep 2023 3:33 AM GMT

US urges India to ‘cooperate fully’ with Canada’s probe, S Jaishankar, Antony Blinken, US state secretary
X

വാഷിങ്ടൺ: ഖലിസ്ഥാനി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ കാനഡയുടെ അന്വേഷണത്തോട് പൂർണമായി സഹകരിക്കണമെന്ന് ഇന്ത്യയോട് യു.എസ്. വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ആണ് ആവശ്യമുയർത്തിയതെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തി ഒരു ദിവസത്തിനുശേഷമാണ് കാനഡ വിഷയത്തിലെ യു.എസ് ഇടപെടൽ വാർത്തയാകുന്നത്.

അഞ്ചുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് ജയശങ്കർ യു.എസിലെത്തിയത്. വ്യാഴാഴ്ച വിദേശകാര്യ മന്ത്രാലയം ഓഫിസിൽ വച്ചായിരുന്നു ജയശങ്കർ-ബ്ലിങ്കൻ കൂടിക്കാഴ്ച. ഇതിൽ ഇന്ത്യ-കാനഡ നയതന്ത്ര തർക്കം ചർച്ചയായി. കാനഡയുടെ അന്വേഷണവുമായി സഹകരിക്കാൻ യോഗത്തിൽ ബ്ലിങ്കൻ ജയശങ്കറിനോട് ആവശ്യപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം വക്താവ് അറിയിച്ചു.

കൂടിക്കാഴ്ചയിൽ കാനഡ വിഷയം ചർച്ചയായതായി വിദേശകാര്യ മന്ത്രിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഹഡ്‌സൺ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ഒരു പരിപാടിയിൽ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്‌നത്തെക്കുറിച്ചുള്ള തങ്ങളുടെ വിലയിരുത്തൽ യു.എസ് വൃത്തങ്ങൾ പങ്കുവച്ചു. തിരിച്ച് ഇന്ത്യയുടെ ആശങ്കകൾ താൻ വ്യക്തമാക്കുകയും ചെയ്‌തെന്നും ജയശങ്കർ വെളിപ്പെടുത്തി.

ജൂൺ 18ന് ബ്രിട്ടീഷ് കൊളംബിയയിലായിരുന്നു നിജ്ജാറിന്റെ കൊലപാതകം. കൊലയ്ക്കു പിന്നിൽ ഇന്ത്യൻ സർക്കാരാണെന്ന് നേരത്തെ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. ഇതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തർക്കത്തിലേക്കു നയിച്ചത്.

Summary: US urges India to ‘cooperate fully’ with Canada’s probe: Report

TAGS :

Next Story