അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നിന്നും വിവേക് രാമസ്വാമി പിന്‍മാറി; ട്രംപിന് പിന്തുണ
പ്രതീക്ഷിച്ച അദ്‌ഭുതം കാഴ്ച വയ്ക്കാൻ നമുക്ക് ഈ രാത്രിയിൽ കഴിഞ്ഞില്ല," അയോവ കോക്കസ് ഫലം പുറത്ത് വന്നയുടൻ രാമസ്വാമി ഡെ മോയ്‌നിൽ പറഞ്ഞു
വിവേക് രാമസ്വാമി
വാഷിംഗ്ടണ്‍: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായി മത്സരിക്കുന്നതിന് രംഗത്തെത്തിയ ഇന്ത്യൻ-അമേരിക്കൻ സംരംഭകനും മലയാളിയുമായ വിവേക് രാമസ്വാമി മത്സരരംഗത്ത് നിന്ന് പിന്മാറി. മുൻ പ്രസിഡന്‍റ് ഡൊണൾഡ് ട്രംപിനെ താൻ പിന്തുണക്കുന്നതായി രാമസ്വാമി പ്രഖ്യാപിച്ചിട്ടുണ്ട്.
2023 ഫെബ്രുവരിയിൽ മത്സരത്തിനിറങ്ങിയപ്പോൾ രാഷ്ട്രീയ വൃത്തങ്ങളിൽ താരതമ്യേന പുതുമുഖമായ രാമസ്വാമിക്ക്, കുടിയേറ്റത്തെക്കുറിച്ചുള്ള ശക്തമായ അഭിപ്രായങ്ങളിലൂടെയും റിപ്പബ്ലിക്കൻ വോട്ടർമാർക്കിടയിൽ ശ്രദ്ധയും പിന്തുണയും നേടിയെടുക്കാൻ കഴിഞ്ഞിരുന്നു. അയോവ കോക്കസിൽ ദയനീയമായ നാലാം സ്ഥാനത്തെത്തിയതിന് തൊട്ടുപിന്നാലെയാണ് താൻ മത്സരരംഗത്ത് നിന്ന് പിൻവാങ്ങുകയാണെന്ന് അറിയിച്ചത്.
" പ്രതീക്ഷിച്ച അദ്‌ഭുതം കാഴ്ച വയ്ക്കാൻ നമുക്ക് ഈ രാത്രിയിൽ കഴിഞ്ഞില്ല," അയോവ കോക്കസ് ഫലം പുറത്ത് വന്നയുടൻ രാമസ്വാമി ഡെ മോയ്‌നിൽ പറഞ്ഞു. ബയോടെക് വ്യവസായ സംരംഭകനായ രാമസ്വാമി സ്വന്തം സമ്പാദ്യം ഉപയോഗിച്ചാണ് ആദ്യ കോക്കസ് വരെ മത്സരത്ത് ഉറച്ചുനിന്നത്.
പാലക്കാട് വേരുകളുള്ള വിവേക് സാമൂഹിക പ്രവർത്തകനും എഴുത്തുകാരനും കൂടിയാണ്. 37 കാരനായ രാമസ്വാമിയുടെ മാതാപിതാക്കൾ വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ നിന്നും യു.എസിലേക്ക് കുടിയേറിവരാണ്. ഓഹിയോയിലെ ജനറൽ ഇലക്ട്രോണിക് പ്ലാന്റിലാണ് വിവേക് ജോലി ചെയ്തിരുന്നത്. 2014 ലാണ് റോവിയൻ സയൻസ് എന്ന ഫാർമസ്യൂട്ടിക്കൽ കമ്പനി വിവേക് രാമസ്വാമി ആരംഭിക്കുന്നത്. തുടർന്ന് 2020 ൽ ചാപ്റ്റർ മെഡികെയറിന്റെ സഹസ്ഥാപകനുമായി വിവേക് രാമസ്വാമി മാറി. എന്നാൽ 2021 ൽ റോവന്റ് സയൻസിന്റെ സി.ഇ.ഒ സ്ഥാനത്ത് നിന്നും അദ്ദേഹം പടിയിറങ്ങി. പിന്നീട് 'വിവേക് ഇൻക്: ഇൻസൈഡ് കോർപ്പറേറ്റ് അമേരിക്കാസ് സോഷ്യൽ ജസ്റ്റിസ് സ്‌കാം' എന്ന പുസ്‌തകവും അദ്ദേഹം രചിച്ചു.ഒഹിയോ കേന്ദ്രീകരിച്ച പ്രവർത്തിക്കുന്ന സ്‌ട്രൈവ് അസെറ്റ് മാനേജ്‌മെന്‍റിന്‍റെ സഹസ്ഥാപകനാണ് നിലവിൽ വിവേക് രാമസ്വാമി.
Adjust Story Font
16