'വിവോയ്ക്ക് ഉറച്ച പിന്തുണ'; ഇ.ഡി റെയ്ഡിൽ പ്രതികരിച്ച് ചൈന
ചൈനീസ് മൊബൈൽ നിർമാതാക്കളായ വിവോയുടെ 465 കോടി രൂപയാണ് ഇന്ന് ഇ.ഡി കണ്ടുകെട്ടിയത്. വിവോ ഇന്ത്യയുടെ 66 കോടിയുടെ സ്ഥിരനിക്ഷേപവും രണ്ടു കിലോ സ്വർണവും 73 ലക്ഷം രൂപയും ഉൾപ്പെടെയാണ് കണ്ടുകെട്ടിയത്
ബെയ്ജിങ്: മൊബൈൽ നിർമാതാക്കളായ വിവോയ്ക്കും അനുബന്ധ സ്ഥാപനങ്ങൾക്കും എതിരെയുള്ള ഇ.ഡി നടപടിയിൽ പ്രതികരിച്ച് ചൈന. വിവോയ്‌ക്കെതിരെ നടക്കുന്ന നടപടികൾ കൃത്യമായി നിരീക്ഷിച്ചുവരികയാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ജാവോ ലീജ്യൻ പ്രതികരിച്ചു. ഇന്ത്യൻ അധികൃതർ നിയമം പാലിക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസമെന്നും കമ്പനിക്കൊപ്പം ശക്തമായുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞതായി വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
''വിദേശത്ത് ബിസിനസ് നടത്തുമ്പോൾ നിയമങ്ങളും നിയന്ത്രണങ്ങളും കൃത്യമായി പാലിക്കണമെന്ന് ചൈനീസ് കമ്പനികളോട് ഞങ്ങൾ എപ്പോഴും പറയാറുള്ളതാണ്. അതോടൊപ്പം ചൈനീസ് കമ്പനികൾക്ക് ശക്തമായ പിന്തുണ അറിയിക്കുകയാണ്. അവരുടെ നിയമപരമായ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കാൻ കൂടെയുണ്ടാകും.''-ജാവോ ലീജ്യൻ വ്യക്തമാക്കി.
ഇന്ത്യൻ അധികാരികൾ അന്വേഷണം നടത്തുമ്പോൾ നിയമം പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യയിൽ നിക്ഷേപം നടത്തുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ചൈനീസ് കമ്പനികൾക്ക് ശരിക്കും സ്വതന്ത്രവും നീതിപൂർവകവും വിവേചനരഹിതവുമായ ബിസിനസ് അന്തരീക്ഷം ഒരുക്കുമെന്നുമാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചൈനീസ് കമ്പനിയായ വിവോയുടെ 465 കോടി രൂപയാണ് ഇന്ന് ഇ.ഡി കണ്ടുകെട്ടിയത്. വിവോ ഇന്ത്യയുടെ 66 കോടിയുടെ സ്ഥിരനിക്ഷേപവും രണ്ടു കിലോ സ്വർണവും 73 ലക്ഷം രൂപയും ഉൾപ്പെടെയാണ് കണ്ടുകെട്ടിയത്. 23 അനുബന്ധ കമ്പനികളുടെ നിക്ഷേപവും കണ്ടുകെട്ടിയവയിലുണ്ട്. രാജ്യത്തുടനീളം 48 ഇടങ്ങളിൽ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് നടപടി.
നികുതി വെട്ടിക്കാൻ വിവോ 62,476 കോടി രൂപ ചൈനയിലേക്ക് മാറ്റിയെന്ന് ഇ.ഡി ആരോപിച്ചു. ഇത് ഇന്ത്യയിൽനിന്നുള്ള വിറ്റുവരവിന്റെ 50 ശതമാനം വരുമെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. വിവോയിലും അനുബന്ധ സ്ഥാപനങ്ങളിലും ഇ.ഡി രണ്ട് ദിവസം മുമ്പ് റെയ്ഡ് നടത്തിയിരുന്നു. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട എല്ലാ രേഖകളും വിവരങ്ങളും നൽകിയെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും വിവോ കമ്പനി അധികൃതർ പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.
Summary: "Hope Indian authorities will abide by laws": China on raids on Vivo in India
Adjust Story Font
16