'എട്ടു മക്കളെങ്കിലും വേണം'; റഷ്യൻ സ്ത്രീകളോട് പുടിൻ
'കുടുംബം രാജ്യത്തിന്റെയും സമൂഹത്തിന്റെയും മാത്രം അടിത്തറയല്ല. അതൊരു ആത്മീയപ്രതിഭാസം കൂടിയാണ്.'
വ്ളാദ്മിര്‍ പുടിന്‍
മോസ്‌കോ: ജനസംഖ്യാ വർധനയ്ക്കു പ്രോത്സാഹനവുമായി റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മിർ പുടിൻ. എട്ടു കുട്ടികളെയെങ്കിലും പ്രസവിക്കണമെന്ന് പുടിൻ രാജ്യത്തെ സ്ത്രീകളോട് ആവശ്യപ്പെട്ടു. കൂട്ടുകുടുംബം മാതൃകയാക്കി മാറ്റണമെന്നും അദ്ദേഹം നിർദേശിച്ചു.
മോസ്‌കോയിൽ വേൾഡ് റഷ്യൻ പീപ്പിൾസ് കൗൺസിലിൽ സംസാരിക്കുകയായിരുന്നു പുടിൻ. ''റഷ്യൻ ജനസംഖ്യയെ ശക്തിപ്പെടുത്തലാകണം അടുത്ത പതിറ്റാണ്ടുകളിൽ നമ്മുടെ ലക്ഷ്യം. നമ്മുടെ നിരവധി വംശീയ വിഭാഗങ്ങൾ നാലും അഞ്ചും അതിലേറെപ്പോലും കുട്ടികളുള്ള കുടുംബപാരമ്പര്യം സംരക്ഷിച്ചുപോരുന്നുണ്ട്. റഷ്യൻ കുടുംബങ്ങളിലും നമ്മുടെ മുത്തശ്ശിമാർക്കും മുതുമുത്തശ്ശിമാർക്കും ഏഴും എട്ടും അതിലേറെയും കുട്ടികളുണ്ടായിരുന്നു. ആ മഹത്തായ പാരമ്പര്യം നമുക്ക് സംരക്ഷിക്കുകയും പുനരുജ്ജീവിപ്പിക്കുകയും വേണം.''-പുടിൻ ആഹ്വാനം ചെയ്തു.
കൂട്ടുകുടുംബങ്ങൾ മാതൃകയാക്കി മാറ്റേണ്ടതുണ്ട്. എല്ലാ റഷ്യൻ ജനതയുടെയും ജീവിതവഴിയാകണമത്. കുടുംബം രാജ്യത്തിന്റെയും സമൂഹത്തിന്റെയും മാത്രം അടിത്തറയല്ല. അതൊരു ആത്മീയപ്രതിഭാസം കൂടിയാണ്. ധാർമികതയുടെ ഉറവിടമാണ്. റഷ്യൻ ജനസംഖ്യയെ സംരക്ഷിക്കലും വർധിപ്പിക്കലുമാകണം വരും പതിറ്റാണ്ടുകളിലും മുന്നോട്ടും നമ്മുടെ ലക്ഷ്യം. ഇതാണ് റഷ്യൻ ലോകത്തിന്റെ ഭാവിയെന്നും വ്‌ളാദ്മിർ പുടിൻ കൂട്ടിച്ചേർത്തു.
റഷ്യയിലെ ഓർത്തഡോക്‌സ് സഭാ അധിപൻ പാട്രിയാർക്ക് കിറിലിന്റെ നേതൃത്വത്തിലായിരുന്നു സമ്മേളനം നടന്നത്. ഓൺലൈനായാണ് പുടിൻ സംബന്ധിച്ചത്. റഷ്യയിലെ വിവിധ സാമൂഹിക വിഭാഗങ്ങളുടെ പ്രതിനിധികൾ ചടങ്ങിൽ സംസാരിച്ചു.
1990കൾക്കുശേഷം റഷ്യയിലെ ജനനനിരക്ക് കുത്തനെ താഴോട്ടാണെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് പുടിന്റെ ആഹ്വാനം. യുക്രൈൻ യുദ്ധത്തിൽ മൂന്നു ലക്ഷം റഷ്യൻ പൗരന്മാർക്കാണു ജീവൻ നഷ്ടപ്പെട്ടതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Summary: Vladimir Putin asks Russian women to have '8 or more' children
Adjust Story Font
16