ഗോർബച്ചേവിന്റെ സംസ്‌കാര ചടങ്ങിൽ പുടിൻ പങ്കെടുക്കില്ല
സെപ്തംബർ മൂന്നിനാണ് ഗോർബച്ചേവിന്റെ ശവസംസ്‌കാരം
മോസ്കോ: സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവിന്റെ സംസ്‌കാരച്ചടങ്ങിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡ്മിർ പുടിൻ പങ്കെടുക്കില്ല. പ്രസിഡന്റിന്റെ ഔദ്യോഗിക വക്താവാണ് ഇക്കാര്യം അറിയിച്ചത്. ഔദ്യോഗിക തിരക്കുകൾ മാറ്റിവെക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് തീരുമാനം. സെപ്തംബർ മൂന്നിനാണ് ഗോർബച്ചേവിന്റെ ശവസംസ്‌കാരം നടക്കുന്നത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന ഗോർബച്ചേവ് ഇന്നലെയാണ് മരിച്ചത്.
നിലവിൽ റഷ്യയുടെ ഭാഗമായ പ്രിവോയ്‌ലിയിൽ 1931 മാർച്ച് രണ്ടിനാണ് മിഖായേൽ സെർജെയ്വിച്ച് ഗോർബച്ചേവിന്റെ ജനനം. 1985 മുതൽ 1991 വരെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് സോവിയറ്റ് യൂണിയന്റെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. 1990-91 കാലയളവിലാണ് അദ്ദേഹം സോവിയറ്റ് യൂണിയന്റെ പ്രസിഡന്റ് സ്ഥാനത്തേക്കെത്തിയത്. തുടർന്ന് യുഎസ്എസ്ആറിൽ പ്രധാന രാഷ്ട്രീയ സാമ്പത്തിക പരിഷ്‌കാരങ്ങൾ അവതരിപ്പിച്ചു. സോവിയറ്റ് യൂണിയനെ ജനാധ്യപത്യവത്കരിക്കാൻ ശ്രമിച്ചു. ഇതിനായി ഗ്ലാസ്നോസ്ത്, പെരിസ്ട്രോയിക്ക പരിഷ്‌കാരങ്ങൾ നടപ്പിലാക്കി. പ്രത്യേക ചട്ടക്കൂടിനകത്ത് നിന്ന പാർട്ടിയെ ജനങ്ങളുമായി അടുപ്പിക്കുകയായിരുന്നു ലക്ഷ്യം.
സർക്കാരിനെ വിമർശിക്കാൻ ആളുകളെ അനുവദിച്ചു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം രൂപപ്പെട്ട ശീതയുദ്ധം അവസാനിപ്പിക്കാൻ ശ്രമം തുടങ്ങി. പശ്ചാത്യ ശക്തികളെ കൂടെക്കൂട്ടാനായി പരിശ്രമിച്ചു, അമേരിക്കയുമായി ആയുധനിയന്ത്രണ കരാറുകൾ ഒപ്പുവെച്ചു. കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലെ രാഷ്ട്രീയ പ്രതിസന്ധികളിൽ ഇടപെട്ടില്ല. സോവിയറ്റ് യൂണിയന്റെ ഏകാധിപത്യ രീതികൾക്ക് അന്ത്യം വരുത്താനും കൂടുതൽ ജനാധിപത്യ രീതികൾ നടപ്പിലാക്കാനും ഗോർബച്ചേവിന് സാധിച്ചു.
Adjust Story Font
16