Quantcast

പൊട്ടിയൊലിച്ച് അഗ്നിപർവതം, പിന്നാലെ ആഞ്ഞടിച്ച് സുനാമിത്തിര; ഇരട്ട ദുരന്തത്തിൽ ഒറ്റപ്പെട്ട് ടോംഗ

ആശയവിനിമയ മാർഗങ്ങൾ മുറിഞ്ഞതോടെ സാറ്റലൈറ്റ് ദൃശ്യങ്ങളിൽനിന്നാണ് ദ്വീപിലെ ദുരന്തത്തെക്കുറിച്ചുള്ള ആദ്യസൂചനകളും ദുരന്തവിവരങ്ങളുമെല്ലാം പുറംലോകമറിഞ്ഞത്

MediaOne Logo

Web Desk

  • Published:

    18 Jan 2022 11:41 AM GMT

പൊട്ടിയൊലിച്ച് അഗ്നിപർവതം, പിന്നാലെ ആഞ്ഞടിച്ച് സുനാമിത്തിര; ഇരട്ട ദുരന്തത്തിൽ ഒറ്റപ്പെട്ട് ടോംഗ
X

ശനിയാഴ്ചയുണ്ടായ കനത്ത അഗ്നിപർവത സ്‌ഫോടനവും തുടർന്നുണ്ടായ സുനാമിയും വൻ നാശനഷ്ടങ്ങളാണ് ദക്ഷിണ പസഫിക് ദ്വീപ് രാജ്യമായ ടോംഗയിൽ വിതച്ചിരിക്കുന്നത്. ആശയവിനിമയങ്ങൾക്കായി അന്തർസമുദ്ര കേബിളുകളെ ആശ്രയിച്ചിരുന്ന ദ്വീപ് ഇപ്പോൾ പൂർണമായും പുറംലോകത്തുനിന്ന് ഒറ്റപ്പെട്ട് കിടക്കുകയാണ്. അന്തർസമുദ്ര ഫൈബർ ഒപ്ടിക് കേബിളുകളുടെ ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ ദ്വീപിലെ ദുരന്തത്തിന്റെ വ്യാപ്തി ഇനിയും അറിയാനായിട്ടില്ല. ഇവിടത്തെ സ്ഥിതിഗതികളെക്കുറിച്ചും വിവരങ്ങൾ ലഭ്യമല്ല.

ശനിയാഴ്ചയാണ് ഹുംഗ ടോംഗ ഹുംഗ ഹാപായ് അഗ്നിപർവതം ദ്വീപിൽ പൊട്ടിയൊലിച്ചത്. പിന്നാലെ ഇരട്ടി ആഘാതമായി കനത്ത സുനാമിയും തീരങ്ങളിൽ ആഞ്ഞടിച്ചു. ആശയവിനിമയ മാർഗങ്ങൾ മുറിഞ്ഞതോടെ സാറ്റലൈറ്റ് ദൃശ്യങ്ങളിൽനിന്നാണ് ദ്വീപിലെ ദുരന്തത്തെക്കുറിച്ചുള്ള ആദ്യസൂചനകളും ദുരന്തവിവരങ്ങളുമെല്ലാം പുറംലോകമറിഞ്ഞത്.


തിരയില്‍ ഒലിച്ചുപോയി ആംഗെല; മരത്തിൽ തൂങ്ങിനിന്ന് ജെയിംസ്

ദുരന്തത്തിൽ ഒരു മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ദുരന്തത്തെത്തുടർന്ന് കാണാതായ ബ്രിട്ടീഷ്പൗര ആംഗെല ഗ്ലോവറുടെ മൃതദേഹം കഴിഞ്ഞ ദിവസമാണ് ബീച്ചിൽനിന്ന് കണ്ടെത്തിയത്. ടോംഗയിൽ തെരുവുമൃഗങ്ങൾക്കു വേണ്ടിയുള്ള ചാരിറ്റി സംഘടന നടത്തുകയായിരുന്നു ഗ്ലോവർ.

ആ ദുരന്തത്തിന്റെ നടുക്കുന്ന ഓർമകൾ ആംഗെലെയുടെ ഭർത്താവ് ജെയിംസ് ഗ്ലോവർ മാധ്യമങ്ങളോട് പങ്കുവച്ചിട്ടുണ്ട്. ''അഗ്നിപർവസ്‌ഫോടനത്തിനു പിന്നാലെയായിരുന്നു സുനാമിയെത്തിയത്. ഇതോടെ എല്ലാവരും ജീവനുവേണ്ടി പരക്കംപായുമ്പോൾ ഞാൻ അടുത്തുണ്ടായിരുന്ന ഒരു മരത്തിൽ ഓടിക്കയറി. ഏറെനേരം മരത്തിൽ തന്നെ തൂങ്ങിനിന്നു. എന്നാൽ, ആംഗെലയ്ക്ക് അതിനായില്ല. അവൾ നായകൾക്കൊപ്പം തിരയിൽ ഒലിച്ചുപോയി..'' ജെയിംസ് ഗ്ലോവർ പറയുന്നു.


ടോംഗയുടെ അയൽരാജ്യങ്ങളായ ന്യൂസിലൻഡും ആസ്‌ട്രേലിയയും ദുരന്തത്തിന്റെ വ്യാപ്തി പരിശോധിച്ചുവരികയാണ്. ദ്വീപിലേക്ക് പൊലീസ് സേനയെ അയച്ചതായി ആസ്‌ട്രേലിയ അറിയിച്ചു. ദ്വീപിലേക്കുള്ള സഹായങ്ങൾ എത്തിച്ചുകൊണ്ടിരിക്കുകയാണെന്നാണ് അയൽരാജ്യങ്ങൾ പറയുന്നത്. ദക്ഷിണ പസഫിക്കിൽ സ്വന്തം ദ്വീപ് പ്രദേശങ്ങളുള്ള ഫ്രാൻസ് ആസ്‌ട്രേലിയയുമായും ന്യൂസിലൻഡുമായും സഹകരിച്ച് വേണ്ട സഹായങ്ങളെത്തിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Summary: Volcanic Blast-Tsunami Struck Tonga Suffers Extensive Damage, First Death Reported

TAGS :

Next Story