‘അവൾക്ക് നൽകിയ വാഗ്ദാനം നിറവേറ്റി’; ഗസ്സയിൽ കൊല്ലപ്പെട്ട ഭാര്യക്കായി ഹജ്ജ് നിർവഹിച്ച് വാഇൽ അൽദഹ്ദൂഹ്
അൽജസീറ ഗസ്സ ബ്യൂറോ മേധാവിയായ വാഇലിന് ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റിരുന്നു
ഗസ്സയിൽ ഇസ്രായേലി ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രിയ പത്നി ഉമ്മു ഹംസക്ക് വേണ്ടി ഹജ്ജ് നിർവഹിച്ച് മാധ്യമപ്രവർത്തകൻ വാഇൽ അൽദഹ്ദൂഹ്. രണ്ടാം തവണയാണ് ഹജ്ജിനായി അദ്ദേഹം മക്കയിലെത്തുന്നത്. ‘ഇത് എനിക്ക് അധിക സന്തോഷം നൽകുന്നു. കഴിഞ്ഞവർഷം അവളെ എന്റെ കൂടെ കൊണ്ടുവരാൻ സാധിച്ചിരുന്നില്ല. ഭാര്യക്ക് നൽകിയ വാഗ്ദാനം താൻ നിറവേറ്റിരിക്കുകയാണ്. ഇത് ഏറ്റവും പ്രധാനപ്പെട്ട മനുഷ്യസംഗമമാണ്. ഒരു സ്ഥലത്ത് ഒരേസമയം ഏറ്റവും കൂടുതൽ പേർ ഇവിടെ ഒത്തുകൂടുന്നു’ -വാഇൽ പറഞ്ഞു.
‘ലോകത്തിലെ ഏറ്റവും നല്ല നാളുകളിൽ ഗസ്സയിലെയും ജറൂസലേമിലെയും ഫലസ്തീനിലെയും നമ്മുടെ ജനതക്ക് വേണ്ടി ദൈവത്തോടുള്ള പ്രാർഥനയല്ലാതെ മറ്റൊന്നിനും സ്ഥാനമില്ല. ഉത്കണ്ഠയും സങ്കടവും ലഘൂകരിക്കാനും ദുരിതം അകറ്റാനും ഹൃദയങ്ങളെ ശക്തിപ്പെടുത്താനും അറഫയിൽനിന്ന് ഞങ്ങൾ ദൈവത്തോട് അപേക്ഷിക്കുന്നു. അവൻ അതിന്റെ സംരക്ഷകനും അതിന് കഴിവുള്ളവനുമാണ്’ -അറഫാ ദിനത്തിൽ വാഇൽ ‘എക്സി’ൽ കുറിച്ചു.
അൽജസീറ അറബിക് വിഭാഗത്തിന്‍റെ ഗസ്സയിലെ ബ്യൂറോ മേധാവിയാണ് വാഇൽ. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന നരനായാട്ടിന്റെ ദൃശ്യങ്ങൾ ലോകത്തിന് മുന്നിൽ എത്തിക്കുന്നതിൽ എന്നും മുന്നിലുണ്ടായിരുന്നു അദ്ദേഹം. ഇതിനിടയിൽ അദ്ദേഹത്തിനുണ്ടായ നഷ്ടങ്ങളും നിരവധിയാണ്. യുദ്ധത്തിനിടെ ഭാര്യയും മക്കളും മറ്റു കുടുംബാംഗങ്ങളും കൊല്ലപ്പെട്ടിരുന്നു. കൂടാതെ യുദ്ധം റിപ്പോർട്ട് ചെയ്യുന്നതിനിടെ വാഇലിനും പരിക്കേറ്റു.
ഒക്ടോബർ 25ന് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് വാഇലിന് തന്റെ ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെടുന്നത്. തെക്കൻ ഗസ്സയിലെ നുസയ്റാതിലെ അഭയാർഥി ക്യാമ്പിന് നേരെ നടന്ന വ്യോമാക്രമണത്തിൽ ഭാര്യ, മകൻ, മകൾ, പേരക്കുട്ടി ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടു. അന്ന്
അൽ അഖ്സ ആശുപത്രിയിലെത്തി വാഇൽ തന്റെ പ്രിയപ്പെട്ടവർക്ക് അന്തിമോപചാരമർപ്പിക്കുന്ന ദൃശ്യങ്ങൾ ലോകം കണ്ണീരണിഞ്ഞാണ് കണ്ടത്. പിതാവിനെപ്പോലെ മാധ്യമപ്രവർത്തകനാകാൻ ആഗ്രഹിച്ച മകൻ മഹ്മദൂദിന്റെ മുഖത്ത് തലലോടുന്ന ദൃശ്യങ്ങൾ ഹൃദയഭേദകമായിരുന്നു.
കുടുംബാംഗങ്ങളെയെല്ലാം നഷ്ടപ്പെട്ടെങ്കിലും അദ്ദേഹം യുദ്ധഭൂമിയിൽ വെറുതെയിരുന്നില്ല. 24 മണിക്കൂറിന് മുമ്പ് തന്നെ മൈക്കുമായി വീണ്ടും ഗസ്സയുടെ മണ്ണിലേക്കിറങ്ങി. ഇസ്രായേലിന്റെ ക്രൂരതകൾ ലോകത്തിന് മുമ്പിൽ വിളിച്ചുപറഞ്ഞു. ഇസ്രായേൽ കരയാക്രമണം ശക്തമാക്കിയതോടെ അദ്ദേഹത്തിന് തെക്കൻ ഗസ്സയിലേക്ക് പലായനം ചെയ്യേണ്ടി വന്നു. സ്വന്തം വീടും നാടും വിടുന്നതിനേക്കൾ വലിയ വേദനയില്ലെന്നാണ് വാഇൽ ഇതിനെ വിശേഷിപ്പിച്ചത്. ഓരോ ഫലസ്തീനിയുടെയും വേദന കൂടിയായിരുന്നു ആ വാക്കുകൾ.
പിന്നീട് അദ്ദേഹത്തിന് ഖാൻ യൂനിസിൽ വെച്ച് ഇസ്രായേൽ ആക്രമണത്തിൽ പരിക്കേൽക്കുകയുണ്ടായി. ഫർഹാൻ സ്‌കൂളിനു സമീപം ഫലസ്തീനികൾക്ക് നേരെയുള്ള ബോംബാക്രമണം റിപ്പോർട്ട് ചെയ്യുന്നതിനിടെയായിരുന്നു ആക്രമണം. വാഇലിന്റെ വലതുകൈയിൽ വെടിയുണ്ടയേറ്റു. കാമറമാൻ സാമിർ അബൂദഖക്കും പരിക്കേറ്റു. ഇയാൾ പിന്നീട് മരണത്തിന് കീഴടങ്ങി. എന്നാൽ, ഇസ്രായേലിന്റെ വെടിയുണ്ടകൾക്കും വാഇലിനെ തളർത്താൻ സാധിച്ചിരുന്നില്ല. അദ്ദേഹം വീണ്ടും കാമറക്ക് മുന്നിലെത്തി. മുറിവേറ്റ കൈകളുമായാണ് വാഇൽ ജോലിയിൽ സജീവമായത്. സഹപ്രവർത്തകന്റെ മരണത്തിനുൾപ്പെടെ കാരണമായ ആക്രമണത്തെ കുറിച്ച് ലോകത്തെ അറിയിച്ചു.
തുടർന്നും ദുരന്തങ്ങൾ അദ്ദേഹത്തെ വേട്ടയാടി. ഈ വർഷം ആദ്യം മറ്റൊരു മകനെയും ഇസ്രായേൽ ആക്രമണത്തിൽ നഷ്ടമായി. മാധ്യമപ്രവർത്തകനായിരുന്ന ഹംസ അൽദഹ്ദൂഹാണ് ഖാൻ യൂനിസിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. എ.എഫ്.പി റിപ്പോർട്ടർ മുസ്തഫ തുറായയും കൂടെ രക്തസാക്ഷിയായി.
വിങ്ങിപ്പൊട്ടിയാണ് മകനെ വാഇൽ യാത്രയാക്കിയത്. ‘ഹംസ എന്റെ ഭാഗമായിരുന്നില്ല, അവൻ എന്റെ എല്ലാമായിരുന്നു. അവൻ എന്റെ ആത്മാവായിരുന്നു. ഇത് വേർപിരിയിയലിന്റെയും നഷ്ടത്തിന്റെയും കണ്ണുനീരാണ്, മനുഷ്യത്വത്തിന്റെ കണ്ണുനീരാണ്. നാം നമ്മുടെ പ്രതിജ്ഞകൾ പൂർത്തീകരിക്കുമെന്ന് ഹംസയോടും എല്ലാ രക്തസാക്ഷികളോടും പറയുകയാണ്. ഇത് നാം സ്വമേധയാ തെരഞ്ഞെടുത്ത പാതായാണ്. രക്തം കൊണ്ടാണ് നാം അതിനെ നനക്കുന്നത്’ -വാഇൽ വികാരാധീനനായി പറഞ്ഞു. മകന്റെ വിയോഗശേഷവും അദ്ദേഹം യുദ്ധമുഖത്തുണ്ടായിരുന്നു. ഗസ്സക്കരുടെ വേദനയും ദുരിതവും ഇസ്രായേലിന്റെ ക്രൂരതയുമെല്ലാം റിപ്പോർട്ട് ചെയ്തു. ഒടുവിൽ ചികിത്സക്കായി ഖത്തറിലേക്ക് പോകുന്നത് വരെയും തന്റെ ദൗത്യം അചഞ്ചലമായി നിർവഹിച്ചുകൊണ്ടേയിരുന്നു.
Adjust Story Font
16