Quantcast

‘നാം നമ്മുടെ പ്രതിജ്ഞകൾ പൂർത്തീകരിക്കും’; മകന്റെ മൃതദേഹത്തിന് മുമ്പിൽ വിങ്ങിപ്പൊട്ടി വാഇൽ അൽദഹ്ദൂഹ്

‘ഇത് നാം സ്വമേധയാ തെരഞ്ഞെടുത്ത പാതയാണ്. രക്തം കൊണ്ടാണ് നാം അതിനെ നനക്കുന്നത്’

MediaOne Logo

Web Desk

  • Updated:

    2024-01-07 15:50:12.0

Published:

7 Jan 2024 3:48 PM GMT

Wael Dahdouh son hamsa killed by israel attack
X

ഗസ്സ സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മകൻ ഹംസ അൽദഹ്ദൂഹിന്റെ മൃതദേഹത്തിന് മുമ്പിൽ വിങ്ങിപ്പൊട്ടി അൽജസീറ ഗസ്സ ബ്യൂറോ ചീഫ് വാഇൽ അൽദഹ്ദൂഹ്. ‘ഹംസ എന്റെ ഭാഗമായിരുന്നില്ല, അവൻ എന്റെ എല്ലാമായിരുന്നു. അവൻ എന്റെ ആത്മാവിന്റെ ആത്മാവായിരുന്നു. ഇത് വേർപിരിയലിന്റെയും നഷ്ടത്തിന്റെയും കണ്ണുനീരാണ്, മനുഷ്യത്വത്തിന്റെ കണ്ണുനീരാണ്’ -വാഇൽ വികാരാധീനനായി പറഞ്ഞു.

‘നാം നമ്മുടെ പ്രതിജ്ഞകൾ പൂർത്തീകരിക്കുമെന്ന് ഹംസയോടും എല്ലാ രക്തസാക്ഷികളോടും പറയുകയാണ്. ഇത് നാം സ്വമേധയാ തെരഞ്ഞെടുത്ത പാതയാണ്. രക്തം കൊണ്ടാണ് നാം അതിനെ നനക്കുന്നത്’ -അദ്ദേഹം വ്യക്തമാക്കി.

‘ഗസ്സയിൽ എന്താണ് സംഭവിക്കുന്നതെന്ന് ലോകം മുഴുവൻ ഉറ്റുനോക്കണം. ഇവിടെ പ്രതിരോ​ധ ശേഷിയില്ലാത്ത സാധാരണക്കാരോട് വലിയ അനീതിയാണ് ചെയ്യുന്നത്. മാധ്യമപ്രവർത്തകരായ ഞങ്ങളോടും ഇസ്രായേൽ അന്യായമാണ് ചെയ്യുന്നത്’ -വാഇൽ കൂട്ടിച്ചേർത്തു. മകന്റെ മൃതദേഹം ഖബറക്കടിയശേഷം അൽ ജസീറയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധത്തെ കുറിച്ച് റിപ്പോർട്ട് ചെയ്യുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ പിതാവിനെക്കുറിച്ചായിരുന്നു ഹംസയുടെ ‘എക്സ്’ അക്കൗണ്ടിലെ അവസാന പോസ്റ്റ്. ‘നിങ്ങളാണ് ക്ഷമയും പ്രതിഫലം ആഗ്രഹിക്കുന്നവനും. എന്റെ പിതാവേ, അതിനാൽ വീണ്ടെടുക്കലിൽ നിരാശപ്പെടരുത്, ദൈവത്തിന്റെ കരുണയിൽ നിരാശപ്പെടരുത്. നിങ്ങൾ ക്ഷമയോടെ പ്രവർത്തിച്ചതിന് ദൈവം നിങ്ങൾക്ക് മികച്ച പ്രതിഫലം നൽകും’ -ഹംസ ശനിയാഴ്ച ‘എക്സി’ൽ കുറിച്ചു.


ദഹ്ദൂഹിന്റെ മകൻ ഹംസ അൽദഹ്ദൂഹും എ.എഫ്.പി റിപ്പോർട്ടർ മുസ്തഫ തുറായയുമാണ് ഞായറാഴ്ച കൊല്ലപ്പെട്ടത്. ഇതോടെ ഒക്ടോബർ ഏഴിനുശേഷം ഗസ്സയിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം 109 ആയി.

ഒക്ടോബറിൽ ഇസ്രായേൽ ആക്രമണത്തിൽ വാഇൽ ദഹ്ദൂഹിന്റെ കുടുംബത്തിലെ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. ഭാര്യ ഉമ്മു ഹംസ, 15കാരനായ മകൻ മഹ്മൂദ്, ഏഴു വയസ്സുള്ള മകൾ ഷാം, പേരമകൻ ആദം എന്നിവർക്കാണു ജീവൻ നഷ്ടമായത്.

ഗസ്സയിലെ നുസൈറാത്തിലുള്ള അഭയാർത്ഥി ക്യാംപിലായിരുന്നു അന്ന് ഇസ്രായേൽ ആക്രമണം നടന്നത്. ഡിസംബർ 15ന് ഖാൻ യൂനിസിൽ ഇസ്രായേൽ ഷെല്ലാക്രമണത്തിൽ അൽജസീറ കാമറാമൻ സാമിർ അബൂദഖ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിൽ വാഇലിനും പരിക്കേറ്റു.

ഹംസയയെും മുസ്തഫയെയും കൊലപ്പെടുത്തിയതിൽ അൽ ജസീറ അപലപിച്ചു. ഇസ്രായേലിന്റെ കുറ്റകൃത്യങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

TAGS :

Next Story