മധ്യസ്ഥനായി ബെലാറൂസ് പ്രസിഡന്റ്; മോസ്‌കോയിലേക്കുള്ള സൈനിക നീക്കം വാഗ്നർ സംഘം നിർത്തിവെച്ചു
രക്തച്ചൊരിച്ചിൽ ഒഴിവാക്കാനാണ് പിൻമാറ്റമെന്ന് വാഗ്‌നർ സംഘത്തലവൻ യെവ്ഗിനി പ്രിഗോഷിൻ അറിയിച്ചു.
മോസ്‌കോ: റഷ്യയിൽ വിമത നീക്കം നിർത്തിവച്ച് വാഗ്‌നർ സംഘം. ബെലാറൂസ് പ്രസിഡനന്റിന്റെ മധ്യസ്ഥയിൽ നടന്ന ചർച്ചയിലാണ് തീരുമാനം. മോസ്‌കോ ലക്ഷ്യമാക്കിയുള്ള നീക്കത്തിൽ നിന്ന് പിൻമാറുന്നുവെന്ന് വാഗ്‌നർ സംഘത്തലവൻ യെവ്ഗിനി പ്രിഗോഷിൻ അറിയിച്ചു.
റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിന്റെ അനുമതിയോടെ ബെലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെങ്കോ നടത്തിയ മധ്യസ്ഥ ചർച്ചയെ തുടർന്നാണ് വാഗ്നർ ഗ്രൂപ്പ് മോസ്‌കോ ലക്ഷ്യമിട്ടുള്ള നീക്കത്തിൽനിന്ന് പിന്തിരിഞ്ഞതെന്നാണ് വിവരം. റഷ്യയിൽ നടക്കുന്ന സംഭവവികാസങ്ങൾ ശനിയാഴ്ച രാവിലെ പുടിൻ ബെലാറൂസ് പ്രസിഡന്റിനെ അറിയിച്ചിരുന്നു. തുടർന്നാണ് പ്രശ്‌നപരിഹാരത്തിനായി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നീക്കം സജീവമായത്. ബെലാറൂസ് പ്രസിഡന്റ് മുന്നോട്ടുവച്ച ഒത്തുതീർപ്പ് വ്യവസ്ഥകൾ വാഗ്‌നർ ഗ്രൂപ്പ് അംഗീകരിച്ചതായാണ് റിപ്പോർട്ട്.
രക്തച്ചൊരിച്ചിൽ ഒഴിവാക്കാനാണ് പിൻമാറ്റമെന്ന് പ്രിഗോഷിൻ പ്രതികരിച്ചു. വാഗ്‌നർ സേനയോട് ക്യാമ്പുകളിലേക്ക് മടങ്ങാനാണ് നിർദേശിച്ചിരിക്കുന്നത്. ചർച്ചകൾ തുടരാനും തീരുമാനിച്ചിട്ടുണ്ട്. ബെലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടർ ലൂകാഷെങ്കോ പ്രിഗോഷിനുമായി ഉണ്ടാക്കിയ കരാർ എന്താണെന്ന് പുറത്ത് വന്നിട്ടില്ല. പിൻമാറ്റത്തിന് പകരമായി വാഗ്‌നർ ഗ്രൂപ്പുകൾക്കുള്ള സുരക്ഷാ ഉറപ്പുകൾ നൽകിയതായി സൂചനയുണ്ട്. നേരത്തെ, വാഗ്നർ ഗ്രൂപ്പിലെ അയ്യായിരത്തിലധികം ആളുകളാണ് മോസ്‌കോ ലക്ഷ്യമാക്കി നീങ്ങിയത്.
വാഗ്നർ ഗ്രൂപ്പിന്റെ ആയുധങ്ങൾ നിറച്ച വാഹനങ്ങൾ മോസ്‌കോ ലക്ഷ്യമാക്കി നീങ്ങുകയാണെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ മോസ്‌കോയിൽ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്ന് മോസ്‌കോ മേയർ നിർദേശം നൽകുകയും ചെയ്തു. പുടിൻ മോസ്‌കോ വിട്ടതായി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. പ്രസിഡന്റിന്റെ വിമാനങ്ങളിലൊന്ന് മോസ്‌കോയിൽനിന്ന് പറന്നുയർന്നതാണ് അഭ്യൂഹങ്ങൾക്ക് ഇടയാക്കിയത്. വാഗ്‌നർ സംഘത്തിന്റെ പിൻമാറ്റത്തിന്റെ പശ്ചാത്തലത്തിൽ ദക്ഷിണ റഷ്യൻ പ്രവിശ്യകളിലെ നിയന്ത്രണങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്.
Adjust Story Font
16