'ഇതാരാ പെൺ ബ്രൂസ് ലിയോ..?'; ഉപദ്രവിക്കാൻ ശ്രമിച്ചവരെ അടിച്ചോടിച്ച് റെസ്റ്റോറന്റ് ജീവനക്കാരി; വൈറൽ വീഡിയോ
ഭക്ഷണം വിളമ്പുന്നതിടെ ഒരാൾ യുവതിയുടെ കൈയിൽ കയറിപ്പിടിക്കുകയായിരുന്നു
സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ ഓരോ ദിവസവും കൂടുമ്പോൾ വർധിക്കുന്ന കാലമാണിത്. സ്വയം പ്രതിരോധിക്കാനറിയുക എന്നത് ഇന്നത്തെ കാലഘട്ടത്തിൽ വളരെ അത്യാവശ്യമായ കാര്യമാണ്. പ്രത്യേകിച്ചും പെൺകുട്ടികൾ. എപ്പോൾ എവിടെ നിന്ന് ആക്രമണം നേരിടേണ്ടി വരിക എന്ന് അറിയാൻ സാധിക്കില്ല.പെട്ടന്നുള്ള ആക്രമണത്തിൽ ആത്മവിശ്വാസം നഷ്ടപ്പെടാതെ,പതറാതെ പിടിച്ചുനിൽക്കാൻ കഴിയുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. 2020 ലെ സി.സി.ടി.വി ദൃശ്യമാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. തന്നോട് മോശമായി പെരുമാറിയ രണ്ടുപേരെ ബ്രൂസ് ലി സ്റ്റൈലിൽ അടിച്ചോടിക്കുകയാണ് റെസ്റ്റോറന്റ് ജീവനക്കാരി.
രണ്ട് പേർ ഇരിക്കുന്ന മേശയ്ക്ക് സമീപം റെസ്റ്റോറന്റ് ജീവനക്കാരിയായ യുവതി നിൽക്കുന്നത് വീഡിയോയില്‍ കാണാം. നിമിഷങ്ങൾക്കുള്ളിൽ, അവരിൽ ഒരാൾ എഴുന്നേറ്റു നിൽക്കുന്നതും യുവതിയുടെ കൈയിൽ ബലമായി പിടിക്കുന്നതും കാണാം. വേഗത്തിൽ കുതറിമാറാൻ ശ്രമിക്കുന്ന അവളെ വീണ്ടും കടന്നുപിടിച്ചു. ഈ സമയം, അയാളുടെ അടിവയറ്റിൽ പലതവണ ഇടിച്ചു. ഇതുകണ്ട അടുത്തയാളും അവളെ തടയാനെത്തി. എന്നാൽ അയാളെയും യുവതി ഇടിച്ചിട്ടു. അവൾക്ക് നേരെ കസേരകൊണ്ട് എറിഞ്ഞെങ്കിലും അത് വളരെ നിസാരമായി പിടിച്ചെടുക്കുന്നതും വീഡിയോയിൽ കാണാം.
വെറും 15 സെക്കന്റ് മാത്രമുള്ള വീഡിയോ ഇതിനോടകം തന്നെ ദശലക്ഷക്കണക്കിന് പേർ കണ്ടുകഴിഞ്ഞു. പെൺ ബ്രൂസ് ലി എന്ന തലക്കെട്ടോടെയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ ഇത് എവിടെയാണ് സംഭവിച്ചതെന്നടക്കമുള്ള വിവരങ്ങളും ഇതുവരെ പുറത്ത് വന്നിട്ടില്ല.
നിരവധി പേരാണ് യുവതിയുടെ ധൈര്യത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, ഇത് ശരിക്കുമുള്ള വീഡിയോ ആണോ,അതോ ഏതെങ്കിലും സിനിമയിലെ രംഗമാണോ എന്നാണ് മറ്റു ചിലർ ചോദിക്കുന്നത്. എന്തായാലും ഒരു ആക്ഷൻ സിനിമയിലെ രംഗം കണ്ടപോലെയുണ്ടെന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്.
Adjust Story Font
16