‘ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുന്നതിൽ കുറഞ്ഞതൊന്നും അംഗീകരിക്കില്ല’; നിലപാടിലുറച്ച് ഹമാസ്
‘തങ്ങളുടെ ജനങ്ങളുടെ ത്യാഗങ്ങളെയും ചെറുത്തുനിൽപ്പിന്റെ നേട്ടങ്ങളെയും നിസ്സാരമായി കാണില്ല’
ഇസ്രായേൽ പൂർണമായും ആക്രമണം അവസാനിപ്പിക്കുന്നതിൽ കുറഞ്ഞതൊന്നും തങ്ങൾ അംഗീകരിക്കില്ലെന്ന് ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ തലവൻ ഇസ്മായീൽ ഹനിയ്യ. ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താനവയിലാണ് ഇക്കാര്യം അറിയിച്ചത്.
വെടിനിർത്തൽ ചർച്ചകളെ ഹമാസ് ഉത്തരവാദിത്തത്തോടെയാണ് കൈകാര്യം ചെയ്യുന്നത്. തങ്ങളുടെ ജനങ്ങളുടെ ത്യാഗങ്ങളെയും ചെറുത്തുനിൽപ്പിന്റെ നേട്ടങ്ങളെയും നിസ്സാരമായി കാണില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഫലസ്തീനികൾക്കെതിരായ ഇസ്രായേൽ ആക്രമണം തടയാനും അന്യായ ഉപരോധം അവസാനിപ്പിക്കാനും ഗസ്സയിലേക്ക് സഹായം അനുവദിക്കാനും താമസസ്ഥലങ്ങളുടേത് ഉൾപ്പെടെ പുനർനിർമ്മാണം ആരംഭിക്കാനും മധ്യസ്ഥരുമായി സഹകരിച്ച് ഹമാസ് എല്ലായ്‌പ്പോഴും നല്ല മനോഭാവത്തോടെയും ഉത്തരവാദിത്തത്തോടെയും പ്രതികരിച്ചിട്ടുണ്ട്. മേൽപ്പറഞ്ഞ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഹമാസ് അങ്ങേയറ്റം വഴക്കം കാണിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രായേൽ ബോധപൂർവ്വം തുടർച്ചയായി തന്ത്രങ്ങൾ മെനയുകയും ഫലസ്തീനികളെ സംബന്ധിച്ച എല്ലാ പ്രശ്നങ്ങളും അവഗണിക്കുകയുമാണ്. ഹമാസിന്റെ കൈവശമുള്ള ബന്ദികളുടെ കാര്യത്തിൽ മാത്രമാണ് അവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഇസ്രായേൽ അധിനിവേശ സൈനികരെ പിൻവലിക്കൽ, ഗസ്സയിലെ അന്യായമായ ഉപരോധം നീക്കൽ, ഇസ്രായേൽ ആക്രമണത്തിന്റെ ഫലമായുണ്ടായ അഭയാർത്ഥികൾക്കും ഭവനരഹിതരായ ഫലസ്തീനികൾക്കും സുരക്ഷയും താമസവും ഒരുക്കൽ എന്നിവയെല്ലാം തങ്ങളുടെ ആവശ്യമാണ്.
ഗസ്സസയുടെ വടക്ക് ഭാഗത്തുനിന്ന് ഒഴിഞ്ഞുപോയവരെ തിരിച്ചുകൊണ്ടുവരുന്നതിലും അവിടത്തെ പുനർനിർമാണത്തിലും തങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ മനഃപൂർവം നടത്തുന്ന പട്ടിണി യുദ്ധം അവസാനിപ്പിക്കണമെന്നും ഹനിയ്യ ആവശ്യപ്പെട്ടു.
ഇസ്രായേൽ പിടികൂടി തടവിലാക്കിയവരെ മോചിപ്പിക്കലും തങ്ങളുടെ ലക്ഷ്യമാണ്. ഐക്യരാഷ്ട്രസഭയും മനുഷ്യാവകാശ സംഘടനകളും അന്താരാഷ്ട്ര നീതിന്യായ കോടതിയുമെല്ലാം ഇസ്രായേലിന്റെ ആക്രമണത്തിന് എതിരാണ്. അവരെ ഇസ്രായേൽ അനുസരിക്കണം. അധിനിവേശ സേന തങ്ങളുടെ ജനങ്ങൾക്കെതിരെ നടത്തുന്ന രക്തച്ചൊരിച്ചിൽ തടയാൻ ഹമാസ് വേണ്ടതെല്ലാം ചെയ്യുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
134-ാം ദിവസവും ഇസ്രായേൽ ഗസ്സയിൽ ആക്രമണം തുടരുകയാണ്. ഒക്‌ടോബർ ഏഴിന് ശേഷം കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 28,858 ആയി ഉയർന്നു. 68,667 പേർക്ക് പരിക്കേറ്റതായും ഗസ്സയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇസ്രായേൽ അധിനിവേശ സേന ഗസ്സയിലെ കുടുംബങ്ങൾക്ക് നേരെ ഒമ്പത് കൂട്ടക്കൊലകളാണ് നടത്തിയത്. 83 ഫലസ്തീനികൾ കൊല്ലപ്പെടുകയും 125 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഒക്ടോബർ ഏഴിന് ശേഷം ഇസ്രായേൽ ഗസ്സയിൽ നടത്തിയത് 2503 കൂട്ടക്കൊലകളാണെന്ന് ഗസ്സ സർക്കാർ മീഡിയ ഓഫിസ് വ്യക്തമാക്കുന്നു. ഇതുവരെ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്ത ഫലസ്തീനികളുടെ എണ്ണം 35,775 ആയതായും സർക്കാർ അറിയിച്ചു.
നിരവധി പേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നു. ഇതിൽ അധികപേരും മരിച്ചതായി കണക്കാക്കുന്നതായും അധികൃതർ അറിയിച്ചു. കുടുങ്ങിക്കിടക്കുന്നവരുടെ അടുത്തേക്ക് ആംബുലൻസുകളും മറ്റു സഹായങ്ങളും എത്തുന്നത് ഇസ്രായേൽ അധിനിവേശ സേന ബോധപൂർവം തടയുകയാണ്.
15 ലക്ഷത്തോളം ജനങ്ങൾ തെക്കൻ ഗസ്സയിലെ റഫയിൽ അഭയം തേടിയിട്ടുണ്ട്. എന്നാൽ, ഇവിടേക്കും ഇസ്രായേൽ ആക്രമണം വ്യാപിപ്പിച്ചിരിക്കുന്നു. ഇതിനെതിരെ ലോകരാജ്യങ്ങളുടെ ഭാഗത്തുനിന്ന് വലിയ വിമർശനമാണ് ഉയരുന്നത്. റഫയിൽ ആക്രമണം നടത്തരുതെന്ന് പല രാജ്യങ്ങളും ഇസ്രായേലിനോട് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, ഇതൊന്നും വകവെക്കാതെ ആക്രമണങ്ങളും കൂട്ടക്കൊലകളും തുടരുകയാണ് അധിനിവേശ സൈന്യം.
റഫക്കു നേരെയുള്ള ആക്രമണ നീക്കത്തിൽ നിന്ന് പിന്തിരിയില്ലെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലൻറ് അറിയിച്ചു. ഉചിത സമയത്ത് ആക്രമണം ഉറപ്പാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത ആഴ്ചയോടെ രാഷ്ട്രീയ നേതൃത്വത്തിനു മുമ്പാകെ സൈന്യം റഫ ആക്രമണ പദ്ധതി അവതരിപ്പിക്കുമെന്ന് ഇസ്രായേൽ ചാനൽ 12 റിപ്പോർട്ട് ചെയ്തു.
Adjust Story Font
16