Quantcast

യുദ്ധഭൂമിയില്‍ വീണ്ടും കല്യാണമേളം; യുക്രൈന്‍ സൈനികര്‍ വിവാഹിതരായി

ഞായറാഴ്ച യുദ്ധഭൂമിയില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം

MediaOne Logo

Web Desk

  • Published:

    7 March 2022 2:40 AM GMT

യുദ്ധഭൂമിയില്‍ വീണ്ടും കല്യാണമേളം; യുക്രൈന്‍ സൈനികര്‍ വിവാഹിതരായി
X

റഷ്യ ആക്രമണം കടുപ്പിച്ചുകൊണ്ടിരിക്കുമ്പോഴും യുക്രൈനില്‍‌ നിന്നും ചില നല്ല വാര്‍ത്തകളും വരുന്നുണ്ട്. മാതൃരാജ്യത്തിനു വേണ്ടി യുദ്ധം ചെയ്യുന്നതിനിടയില്‍ ഒരുമിച്ച് ജീവിച്ച് പോരാടാന്‍ തീരുമാനിച്ചിരിക്കുകയാണ് രണ്ട് യുക്രൈന്‍ സൈനികര്‍. ഞായറാഴ്ച യുദ്ധഭൂമിയില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം.

112 ബ്രിഗേഡിലെ ടെറിട്ടോറിയൽ ഡിഫൻസിലെ ലെസ്യയും വലേരിയുമാണ് വിവാഹിതരായത്. സൈനിക വേഷത്തില്‍ തന്നെയായിരുന്നു ഇരുവരും ചടങ്ങിനെത്തിയത്. വധുവിന്‍റെ കയ്യില്‍ ബൊക്കയും തലയില്‍ കിരീടവും ഉണ്ടായിരുന്നു എന്ന വ്യത്യാസം മാത്രം. ദമ്പതികളെ ആശിര്‍വദിക്കാന്‍ പുരോഹിതനും ഉണ്ടായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പും സമാനമായ തരത്തില്‍ മറ്റൊരു വിവാഹവും യുക്രൈനില്‍ നടന്നിരുന്നു. ദമ്പതികളായ ക്ലെവെറ്റ്‌സും നതാലിയ വ്ലാഡിസ്‌ലേവും ഒഡെസയിലെ ബോംബ് ഷെൽട്ടറിൽ വച്ചാണ് വിവാഹിതരായത്.


അതേസമയം റഷ്യന്‍ ആക്രമണം 12ാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. തുടക്കം മുതൽ ചെറുത്ത് നിൽക്കുന്ന ഖാർഖീവ്, തെക്കൻ നഗരമായ മരിയുപോൾ , സുമി നഗരങ്ങളെ വളഞ്ഞ് ഉപരോധിക്കുന്ന റഷ്യൻ സേന ഷെല്ലാക്രമണും വ്യോമാക്രമണവും നിർത്താതെ തുടരുകയാണ്. അതിനിടെ റഷ്യ യുക്രൈൻ മൂന്നാംവട്ട സമാധാന ചർച്ച ഇന്ന് നടക്കും. കിയവിന് വടക്ക് പടിഞ്ഞാറ് ഇർപിൻ പട്ടണത്തിലും റഷ്യ ബോംബിങ് ശക്തമാക്കി.. തന്ത്രപ്രധാനമായ ഹോസ്റ്റോമെൽ വിമാനത്താവളത്തിന് സമീപമാണ് പട്ടണം. കിയവിലേയ്ക്ക് മുന്നേറാൻ ശ്രമിക്കുന്ന റഷ്യയുടെ സൈനിക വാഹനവ്യൂഹവും ഇതിനടുത്താണുള്ളത്. റഷ്യൻ മുന്നേറ്റം തടയുന്നതിനായി ഇർപിലെ പാലങ്ങൾ യുക്രൈൻ സൈന്യം തകർത്തു.


കിയവിൽ യുക്രെയ്ൻ സൈനികർ കിടങ്ങുകൾ നിർമിച്ചും റോഡുകൾ അടച്ചും പ്രതിരോധം ശക്തമാക്കി. സമീപപ്രദേശങ്ങളിൽ ഷെല്ലാക്രമണം രൂക്ഷമാണ്. പ്രധാന പാതയിൽ മണൽചാക്കുകളും കോൺക്രീറ്റ് സ്ലാബുകളും നിരത്തി. തെക്കൻ നഗരമായ നോവ കഖോവ്‍ക്കയിൽ പ്രവേശിച്ച റഷ്യൻ സേനയ്ക്കെതിരെ പ്രതിഷേധവുമായി രണ്ടായിരത്തിലേറെപ്പേർ ദേശീയ പതാകയുമായി തെരുവിലിറങ്ങി. തെക്കൻ നഗരമായ ഒഡേസ ആക്രമിക്കാൻ റഷ്യൻ സേന തയ്യാറെടുക്കുകയാണെന്നും ഖാർകീവ്, മൈക്കലേവ്, ചെർണീവ്, സുമി എന്നിവിടങ്ങൾ വളഞ്ഞിരിക്കുകയാണെന്നും യുക്രെയ്ൻ പ്രസിഡന്‍റ് വ്ളാദിമിര്‍ സെലെൻസ്കി പറഞ്ഞു. മധ്യ യുക്രൈനിലെ നിപ്രോ നഗരം ആക്രമിക്കാനും റഷ്യ നീക്കം തുടങ്ങിയെന്നാണു വിവരം. റഷ്യക്കെതിരെ ഉപരോധം ശക്തമാക്കണമെന്ന് പടിഞ്ഞാറൻ രാജ്യങ്ങളോട് യുക്രൈൻ വീണ്ടും ആവശ്യപ്പെട്ടു. പോർ വിമാനങ്ങളും ആയുധങ്ങളും എത്തിക്കണമെന്നും അഭ്യർഥിച്ചു. പോളണ്ടിൽ നിന്നു പോർവിമാനം എത്തിക്കാൻ ആലോചിക്കുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ പറഞ്ഞു. ഉപരോധം മൂലമുള്ള രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്യാൻ റഷ്യൻ ഭരണകൂടം നടപടികൾ ശക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്.

TAGS :

Next Story