വെസ്റ്റ് ബാങ്കിലും ഇസ്രായേലിന്‍റെ കൂട്ടക്കുരുതി; 7 പേർ കൊല്ലപ്പെട്ടു, 19 പേര്‍ക്ക് പരിക്ക്
കമാൽ അദ്വാൻ ഉൾപ്പെടെ ഗസ്സയിൽ ആശുപത്രികളുടെ പ്രവർത്തനവും സൈന്യം തടഞ്ഞു
തെല്‍ അവിവ്: ഗസ്സക്കൊപ്പം വെസ്റ്റ് ബാങ്കിലും ഇസ്രായേലിന്‍റെ കൂട്ടക്കുരുതി. വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിൽ നടന്ന ആക്രമണത്തിൽ 7 പേർ കൊല്ലപ്പെടുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കമാൽ അദ്വാൻ ഉൾപ്പെടെ ഗസ്സയിൽ ആശുപത്രികളുടെ പ്രവർത്തനവും സൈന്യം തടഞ്ഞു. നെതന്യാഹുവിനെതിരായ ഐസിസിയുടെ അറസ്റ്റ് വാറണ്ട് നടപ്പാക്കുമെന്ന് നോർവെ അറിയിച്ചു. അസോസിയേറ്റഡ് പ്രസിനെതിരെ കൈക്കൊണ്ട നടപടികൾ ഇസ്രായേൽ പിൻവലിച്ചു.
ആയിരത്തിലേറെ സൈന്യത്തെ രംഗത്തിറക്കിയാണ് വെസ്റ്റ്ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിനു നേരെയുള്ള ഇസ്രായേൽ ആക്രമണം. വിദ്യാർഥികൾ, അധ്യാപകൻ, ഡോക്ടർ എന്നിവരുൾപ്പെടെ ഏഴു പേർ കൊല്ലപ്പെട്ടു. 19 പേർക്ക് പരിക്കേറ്റു. സൈനിക വാഹനങ്ങൾ ക്യാമ്പിനകത്തേക്ക് ഇരച്ചുകയറുകയായിരുന്നു. ഗസ്സയിലും ഇസ്രായേൽ ആക്രമണം വ്യാപിപ്പിച്ചു. വടക്കൻ ഗസ്സയിലെ ബെയ്ത്ത് ലാഹിയയിലെ വീടുകൾക്ക് നേരെ മുന്നറിയിപ്പില്ലാതെ നടത്തിയ ബോംബാക്രമണത്തിൽ സ്ത്രീകളും കുഞ്ഞുങ്ങളുമടങ്ങിയ ഫലസ്തീൻ സിവിലിയന്മാർ കൊല്ലപ്പെട്ടു. കമാൽ അദ്‍വാൻ ആശുപത്രിയിൽ മൂന്നു ദിവസമായി ഉപരോധം തുടരുന്ന ഇസ്രായേൽ സൈന്യം ഇവിടെയുള്ള രോഗികളെ മാറ്റുന്നതുൾപ്പെടെ തടയുകയാണ്. പിന്നിട്ട 24 മണിക്കൂറിനിടെ 85 കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 35,647 ആയി. ജബാലിയ അഭയാർഥി ക്യാമ്പിൽ തമ്പടിച്ച സൈനികർക്കു നേരെ നടത്തിയ ആക്രമണത്തിൽ ശത്രുവിന് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായി ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ് അറിയിച്ചു.
റഫയിൽ ആക്രമണം രൂക്ഷമായതോടെ ഭക്ഷ്യവിതരണം നിർത്തി വെച്ചതായി യുനർവ ഉദ്യോഗസ്ഥർ അറിയിച്ചു. പട്ടിണി പിടിമുറുക്കിയ ഗസ്സയിൽ നിന്ന് ദുരന്തവാർത്തകളാകും ഇനി പുറത്തുവരികയെന്നും ഏജൻസി മന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര വാർത്ത ഏജൻസിയായ അസോസിയേറ്റഡ് പ്രസിന്‍റെ ലൈവ് ഫീഡ് തടഞ്ഞ ഇസ്രായേൽ നടപടി അമേരിക്ക ഉൾപ്പെടെ ലോക രാജ്യങ്ങളുടെ കടുത്ത വിമർശനത്തിന് ഇടയാക്കി. പുതിയ വിദേശ സംപ്രേഷണ നിയമം ലംഘിച്ചെന്നാരോപിച്ചായിരുന്നു ക്യാമറയും സംപ്രേഷണ ഉപകരണങ്ങളും പിടിച്ചെടുത്തത്. അമേരിക്ക കടുത്ത പ്രതിഷേധം അറിയിച്ചതോടെ നടപടി പിൻവലിക്കുന്നതായി ഇസ്രായേൽ അറിയിച്ചു. വെടിനിർത്തൽ മാത്രമാണ് ഗസ്സ പ്രതിസന്ധിക്കുള്ള പരിഹാരമെന്നും മധ്യസ്ഥ രാജ്യങ്ങളുമായി ചേർന്ന് നീക്കം തുടരുമെന്നും അമേരിക്ക. ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭാ യോഗം ഇന്ന് ചേർന്ന് പുതിയ വെടിനിർത്തൽ നിർദേശം ചർച്ച ചെയ്യുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Adjust Story Font
16