നിങ്ങൾ ഇപ്പോൾ 'ബ്രെയിന്‍ റോട്ട്' എന്ന അവസ്ഥയിലാണോ ഉള്ളത്; ഓക്‌സ്‌ഫോഡ് തിരഞ്ഞെടുത്ത പുതിയ വാക്കിനെ ‘സൂക്ഷിക്കണം’
1854ല്‍ ഹെൻറി ഡേവിഡ് തോറോയുടെ ‘വാള്‍ഡന്‍’ എന്ന പുസ്തകത്തിലാണ് ഈ വാക്ക് ആദ്യമായി ഉപയോഗിക്കുന്നത്
ലണ്ടൻ: വിരസത ഒഴിവാക്കാനായി മണിക്കൂറുകളോളം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പതിവായി സ്‌ക്രോള്‍ ചെയ്യുന്നത് നിങ്ങളുടെ ദൈനംദിന ജീവിതത്തിൻ്റെ ഭാഗമായി മാറിയിട്ടുണ്ടോ? അങ്ങനെയെങ്കിൽ ഓക്‌സ്‌ഫോഡ് നിഘണ്ടു 'വേഡ് ഓഫ് ദി ഇയറായി' തിരഞ്ഞെടുത്ത ‘ബ്രെയിന്‍ റോട്ട്’ എന്ന അവസ്ഥയിലൂടെയാണ് നിങ്ങൾ കടന്ന പോകുന്നത്.
ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റി പ്രസ് ശേഖരിച്ച ഈ വർഷത്തെ പ്രശസ്തമായ ആറ് വാക്കുകളുടെ ചുരുക്കപ്പട്ടികയില്‍ ഒന്നാം സ്ഥാനമാണ് ബ്രെയിന്‍ റോട്ട് നേടിയെടുത്തത്. 37,000 വോട്ടുകളാണ് ബ്രെയിന്‍ റോട്ടിന് ലഭിച്ചത്.
ഒരു വ്യക്തിയുടെ മാനസികമോ ബൗദ്ധികമോ ആയ അവസ്ഥ തകരുന്നതിനെയാണ് ബ്രെയിന്‍ റോട്ട് എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. നിസ്സാരമോ വെല്ലുവിളി കുറഞ്ഞതോ ആയി കണക്കാക്കപ്പെടുന്ന വസ്തുക്കളുടെ അമിത ഉപയോത്തിന്റെ ഫലമായാണ് ഇത് കാണുപ്പെടുന്നത്. ഗുണനിലവാരം കുറഞ്ഞതും ബുദ്ധിശൂന്യവുമായ കാര്യങ്ങൾ കാണന്നതിന് ഓൺലൈനിൽ കൂടുതൽ സമയം ഇരിക്കുന്നതും അതിനായി സോഷ്യല്‍ മീഡിയയില്‍ സമയം ചെലവഴിക്കുന്നതും ബ്രെയിന്‍ റോട്ടിന്റെ ഫലമായാണ് സംഭവിക്കുന്നത്.
സമീപകാലത്ത് ടിക് ടോക്കും ഇൻസ്റ്റഗ്രാമും അടക്കമുള്ള സമൂഹമാധ്യമങ്ങളിലും മൊബൈലിലും ആളുകൾ കൂടുതൽ സമയം ചെലവഴിക്കുന്നതിനെതിരായ വിമർശനങ്ങളിലൂടെയാണ് ഈ വാക്ക് വീണ്ടും ശ്രദ്ധ നേടുന്നത്. 2023 മുതല്‍ 2024 വരെ 230 ശതമാനമാണ് ഇന്റര്‍നെറ്റ് ഉപയോഗം ഉയർന്നത്. ബ്രെയിന്‍ റോട്ട്, നമ്മൾ ജീവിക്കുന്ന കാലത്തിന്റെ ലക്ഷണമാണെന്ന് സൈക്കോളജിസ്റ്റും ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ ആന്‍ഡ്രൂ പ്രസില്‍ബില്‍സ്‌കി ബിബിസിയോട് പറഞ്ഞു.
ഇന്റര്‍നെറ്റിന്റെ ഉപയോഗം പ്രാബല്യത്തില്‍ വരുന്നതിനും ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ബ്രെയിന്‍ റോട്ട് എന്ന പദം ആദ്യമായി ഉണ്ടായത്. 1854ല്‍ ഹെൻറി ഡേവിഡ് തോറോയുടെ ‘വാള്‍ഡന്‍’ എന്ന പുസ്തകത്തിലാണ് ഈ വാക്ക് ആദ്യമായി ഉപയോഗിക്കുന്നത്. സങ്കീര്‍ണമായ ആശയങ്ങളെ വിലകുറച്ച് കാണിക്കുന്ന സമൂഹത്തിന്റെ പ്രവണതയെക്കുറിച്ചും ഇത് മാനസിക, ബൗദ്ധിക തലത്തിലുണ്ടാക്കുന്ന തകര്‍ച്ചയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
ബ്രെയിന്‍ റോട്ട് അനുഭവിക്കുന്ന ആളുകള്‍, പലപ്പോഴും അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യ മധ്യമങ്ങളിലെ ഉള്ളടക്കങ്ങളിലൂടെ അരിച്ചെടുക്കുകയാണ് ചെയ്യുന്നതെന്ന് യുഎസിലെ ഡിജിറ്റല്‍ വെല്‍നസ് ലാബിലെ ശിശുരോഗ വിദഗ്ധനും സ്ഥാപകനുമായ ഡോ. മൈക്കിള്‍ റിച്ച് ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു.
'എന്റെ പല സുഹൃത്തുക്കളും ബ്രെയിന്‍ റോട്ടിനെ ഒരു ബഹുമതിയായി ആയിട്ടാണ് കാണുന്നത്. വീഡിയോ ഗെയിമുകളില്‍ ഉയര്‍ന്ന സ്‌കോറുകള്‍ നേടുന്നത് പോലെയാണ് അവര്‍ അതിനെ കാണുന്നത്. ഒരു വലിയ കാര്യമെന്ന രീതിയിൽ കൂടുതൽ സമയം സ്‌ക്രീനില്‍ ചെലവഴിക്കാനായി അവർ മത്സരിക്കുന്നു' എന്ന് ഡോ. റിച്ച് പറഞ്ഞു.
ഡെമ്യൂർ, ഡൈനാമിക് പ്രൈസിങ്, ലോർ, റൊമാന്റിസി, സ്ലോപ്പ് എന്നീ വാക്കുകളാണ് ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റി പ്രസ് ശേഖരിച്ച ഈ വർഷത്തെ പ്രശസ്തമായ ആറ് വാക്കുകളുടെ പട്ടികയിൽ ഇടംനേടിയിരിക്കുന്നത്. 2021ൽ 'വാക്സ്', 2022ൽ 'ഗോബ്ലിൻ മോഡ്', 2023ൽ 'റിസ്' എന്നീ വാക്കുകളണ് ഓക്‌സ്‌ഫോഡ് 'വേഡ് ഓഫ് ദി ഇയറായി' തിരഞ്ഞെടുത്തത്.
Adjust Story Font
16