എപ്പോഴാണ് ഹമാസിനെ തകര്‍ക്കുന്നത്, നേതാക്കളെ കൊല്ലുന്നത്? ഐഡിഎഫ് മേധാവിയോട് ഇസ്രായേല്‍ മന്ത്രിമാര്‍
എപ്പോഴാണ് തങ്ങള്‍ക്കൊരു വിജയം കാണാനാവുക എന്നതായിരുന്നു പല മന്ത്രിമാരും ചോദിച്ചത്
ജറുസലെം: ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഹമാസിനെ ഏതുവിധേനെയും തകര്‍ക്കുക എന്നതാണ് ഇസ്രായേലിന്‍റെ ലക്ഷ്യം. കഴിഞ്ഞ ദിവസം രാത്രിയില്‍ നടന്ന കാബിനറ്റ് മീറ്റിംഗിലും മന്ത്രിമാര്‍ക്ക് ചോദിക്കാനുണ്ടായിരുന്നതും ഇതായിരുന്നു. എപ്പോഴാണ് ഹമാസിനെയും അതിന്‍റെ നേതാക്കളെയും ഇല്ലാതാക്കുക എന്നതായിരുന്നു ഐഡിഎഫ് മേധാവി ഹെർസി ഹലേവിയോട് മന്ത്രിമാര്‍ ചോദിച്ചതെന്ന് ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്യുന്നു.
എപ്പോഴാണ് തങ്ങള്‍ക്കൊരു വിജയം കാണാനാവുക എന്നതായിരുന്നു പല മന്ത്രിമാരും ചോദിച്ചത്. ബന്ദികളെ എത്രയും പെട്ടെന്ന് സ്വദേശത്ത് എത്തിക്കുക, ഹമാസ് കമാന്‍ഡര്‍മാരെ ഇല്ലാതാക്കുക എന്നതാണ് വിജയം എന്നതുകൊണ്ട് മന്ത്രിമാര്‍ ഉദ്ദേശിച്ചത്. എന്നാല്‍ കമാന്‍ഡര്‍മാരെ വകവരുത്താന്‍ സമയമെടുക്കുമെന്നായിരുന്നു ഹലേവിയുടെ മറുപടി. ''ഒസാമ ബിന്‍ലാദന്‍റെ തലയെടുക്കാന്‍ പത്തുവര്‍ഷം വേണ്ടിവന്നു. ഹമാസിന്‍റെ കാര്യത്തിലും കുറച്ചു സമയമെടുക്കും. നന്നായി ജോലി ചെയ്യുന്ന കഴിവുള്ളവര്‍ നമുക്കുണ്ട്'' ഹലേവി കൂട്ടിച്ചേര്‍ത്തു. ഹമാസിനെ നശിപ്പിക്കാന്‍ പത്തു വര്‍ഷമെടുക്കമോ എന്ന് മന്ത്രി യാരിവ് ലെനിന്‍ ചോദിച്ചു. വിജയം കാണാന്‍ ആരുണ്ടാകുമെന്നായിരുന്നു ഗതാഗതമന്ത്രി മിറി റെഗെവിന്‍റെ സംശയം.
തിങ്കളാഴ്ച രാത്രി നടന്ന യോഗത്തില്‍ നിരവധി മന്ത്രിമാര്‍ ഐഡിഎഫിനെയും യുദ്ധത്തിന്‍റെ ഗതിയെയും വിമര്‍ശിച്ചു. പ്രതിരോധ മന്ത്രി യോവ് ഗാലന്‍റെ മന്ത്രിമാരുടെ നിരുത്തരവാദിത്തപരമായ സമീപനത്തെ കുറ്റപ്പെടുത്തി. അതേസമയം തെക്കന്‍ ഗസ്സയില്‍ നടന്ന പോരാട്ടത്തില്‍ ഒരു ഇസ്രായേല്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടതായി ഐഡിഎഫ് അറിയിച്ചു. ഇതോടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 133 ആയി.
Adjust Story Font
16