14 വർഷത്തിനിടെ പലായനം ചെയ്തത് ഒന്നേകാൽ കോടിയിലേറെ പേർ: കുടിയൊഴിപ്പിക്കപ്പെട്ട സിറിയൻ അഭയാർത്ഥികൾ എവിടെ?
അഭയാർത്ഥികളായവർ അസദിന്റെ പതനത്തിന് ശേഷം വൻതോതിൽ സിറിയയിലേക്ക് മടങ്ങിയെത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ
ദമസ്കസ്: 24 വർഷം നീണ്ട ഏകാധിപത്യം അവസാനിപ്പിക്കാൻ പ്രതിപക്ഷ സേന നടത്തിയ മുന്നേറ്റം കഴിഞ്ഞ ദിവസങ്ങളിൽ സിറിയയിൽ വലിയ രാഷ്ട്രീയ മാറ്റങ്ങൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. പ്രസിഡന്റ് ബശ്ശാറുൽ അസദ് രാജ്യം വിടുകയും പ്രതിപക്ഷ സേന ഭരണം ഏറ്റെടുക്കുകയും ചെയ്തു. അൻപത് വർഷമായി അസദ് വംശമാണ് സിറിയയിൽ ഭരണം കയ്യാളുന്നത്. 13 വർഷം നീണ്ട ആഭ്യന്തര കലാപങ്ങൾക്കും അടിച്ചമർത്തലുകൾക്കുമാണ് സിറിയൻ ജനങ്ങൾ ഇരകളായത്. ഇക്കാലയളവിൽ 60 ലക്ഷ്യത്തോളം പേർ രാജ്യത്ത് നിന്ന് പലായനം ചെയ്യുകയുണ്ടായി. സുരക്ഷ തേടി സിറിയ വിട്ട ഈ അഭയാർത്ഥികൾ ഇപ്പോൾ എവിടെയാണ് ?
2011-ൽ, സിറിയയിൽ ബശ്ശാറുൽ അസദിനെതിരായ ജനകീയ പ്രക്ഷോഭങ്ങൾ ആരംഭിച്ച കാലയളവിൽ, സിറിയയിലെ ജനസംഖ്യ ഏകദേശം രണ്ട് കോടിയിൽ അധികമായിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ ഏകദേശം അരലക്ഷത്തോളം ആളുകൾ കൊല്ലപ്പെടുകയും പത്ത് ലക്ഷത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സിറിയൻ ജനസംഖ്യയുടെ പകുതിയിലധികം, ഏകദേശം ഒരു കോടി മുപ്പത് ലക്ഷം പേർ രാജ്യത്ത് നിന്ന് സുരക്ഷിത സ്ഥാനം തേടി പലായനം ചെയ്തിട്ടുണ്ട്.
2024-ലെ കണക്കനുസരിച്ച്, കുറഞ്ഞത് 74 ലക്ഷം സിറിയക്കാർ ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടു. ഏകദേശം 49 ലക്ഷം പേർ അയൽ രാജ്യങ്ങളിൽ അഭയം തേടി. 13 ലക്ഷത്തോളം പേർ യൂറോപ്പിലേക്കും മറ്റുമായി കുടിയേറി. സിറിയൻ അഭയാർത്ഥികളെ ഏറ്റവും കൂടുതൽ ഉൾക്കൊള്ളുന്നത് അയൽ രാജ്യങ്ങളായ തുർക്കി, ലെബനാൻ, ജോർദാൻ, ഇറാഖ് തുടങ്ങിയവയാണ്.
രജിസ്റ്റർ ചെയ്ത ഏറ്റവും കൂടുതൽ സിറിയൻ അഭയാർത്ഥികളെ ഉൾക്കൊളളുന്നത് തുർക്കിയാണ്. ഏകദേശം 31 ലക്ഷം പേരാണ് തുർക്കിയിൽ ഉള്ളത്. ലോകത്ത് ഏറ്റവും കൂടുതൽ അഭയാർത്ഥികളെ ഉൾകൊള്ളുന്ന രാജ്യം കൂടിയാണ് തുർക്കി. തുർക്കി സർക്കാർ സിറിയക്കാർക്ക് താൽക്കാലിക സംരക്ഷിത പദവി (ടിപിഎസ്) നൽകുന്നുണ്ട്. ഇത് കൊണ്ട് നിയമപരമായി രാജ്യത്ത് തുടരാൻ സിറിയൻ അഭയാർത്ഥികൾക്ക് സാധിക്കും. എന്നാൽ പൗരത്വം നേടാൻ സാധിക്കില്ല.
സിറിയൻ അഭയാർത്ഥികളെ ഏറ്റവും കൂടുതൽ ഉൾകൊള്ളുന്ന രണ്ടാമത്തെ രാജ്യം ലെബനാനാണ്. രജിസ്റ്റർ ചെയ്തിട്ടുള്ള കണക്കുകൾ പ്രകാരം 7,74,000 സിറിയൻ അഭയാർത്ഥികൾ രാജ്യത്തുണ്ട്. രജിസ്റ്റർ ചെയ്യാത്ത വ്യക്തികൾ ഉൾപ്പെടെ 15 ലക്ഷത്തോളം അഭയാർത്ഥികൾ രാജ്യത്തുണ്ടാകുമെന്നാണ് കണക്ക്. രാജ്യത്തെ ജനസംഖ്യയുടെ കണക്ക് പരിശോധിക്കുമ്പോൾ, ലെബനാനിൽ അഞ്ചിൽ ഒരാൾ സിറിയൻ അഭയാർഥിയാണ്.
യൂറോപ്യൻ രാജ്യമായ ജർമനിയാണ് മൂന്നാമത്. 7,16,000 സിറിയൻ അഭയാർത്ഥികൾ രാജ്യത്തുണ്ടെന്നാണ് യുഎൻ കണക്ക്. ബശ്ശാറുൽ അസദിന്റെ പതനത്തിന് പിന്നാലെ ജർമ്മനിയുടെ ആഭ്യന്തര, കമ്മ്യൂണിറ്റി ഫെഡറൽ മന്ത്രാലയം സിറിയൻ പൗരന്മാരുടെ അഭയാർത്ഥി അപേക്ഷകൾ പരിഗണിക്കുന്നത് താൽക്കാലികമായി നിർത്തിവെക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. തീരുമാനം 47,770 ലധികം അഭയാർഥി അപേക്ഷകളെ ബാധിക്കുമെന്ന് ഫെഡറൽ ഓഫീസ് ഫോർ മൈഗ്രേഷൻ ആൻഡ് റഫ്യൂജീസ് (ബിഎഎംഎഫ്) വക്താവ് വ്യക്തമാക്കിയിരുന്നു.
ജർമനിക്ക് പിന്നാലെ ഇറാഖ്, ഈജിപ്ത്, ഓസ്ട്രിയ, സ്വീഡൻ, നെതർലാൻഡ്‌സ്, ഗ്രീസ് തുടങ്ങിയവയാണ് യഥാക്രമം ഏറ്റവും കൂടുതൽ സിറിയൻ അഭയാർത്ഥികളെ ഉൾകൊള്ളുന്ന മറ്റു രാജ്യങ്ങൾ. അടുത്തിടെ മാതൃരാജ്യമായ സിറിയയിലേക്ക് മടങ്ങിവരുന്ന അഭയാർഥികളുടെ എണ്ണത്തിൽ വർധന ഉണ്ടായതായി അഭയാർത്ഥികൾക്കുള്ള യുഎൻ കമ്മിഷൻ വ്യക്തമാക്കിയിരുന്നു.
2024 ലെ ആദ്യ എട്ട് മാസങ്ങളിൽ 34,000 സിറിയൻ അഭയാർത്ഥികളാണ് രാജ്യത്ത് തിരിച്ചെത്തിയത്. അസദിന്റെ പതനത്തിന് ശേഷവും വൻതോതിൽ ആളുകൾ സിറിയയിൽ മടങ്ങിയെത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Adjust Story Font
16