'പൂൾ കവറേജ്' ; അമേരിക്കയിൽ വീണ്ടും മാധ്യമ വിലക്കുമായി വൈറ്റ് ഹൗസ്
എപിയെ നിരോധിച്ച വൈറ്റ് ഹൗസ് നടപടിയുമായി ബന്ധപ്പെട്ട നിയമവ്യവഹാരങ്ങൾക്ക് പിന്നാലെയാണ് ട്രംപ് സർക്കാരിന്റെ പുതിയ നയം

വാഷിങ്ടൺ: അമേരിക്കയിൽ വീണ്ടും മാധ്യമവിലക്കുമായി ട്രംപ് ഭരണകൂടം. പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നേരിട്ട് ബന്ധപ്പെട്ട വാർത്തകൾ ലഭിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി കൊണ്ടാണ് പുതിയ മാധ്യമ നയം. ലോകമെമ്പാടുമുള്ള മാധ്യമ സ്ഥാപനങ്ങൾക്ക് സേവനം നൽകുന്ന വാർത്താ ഏജൻസികൾക്കാണ് നിയന്ത്രണം. ഇത് പ്രകാരം ഭരണകൂടവുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവിടുന്നതിൽ ഏജൻസികൾക്ക് നിയന്ത്രണമുണ്ടാകും.
ഓവൽ ഓഫീസ്, എയർഫോഴ്‌സ് വൺ പോലുള്ള സ്ഥലങ്ങളിൽ പുതിയ 'പൂൾ കവറേജ്' നയം ആണ് വൈറ്റ് ഹൗസ് രൂപീകരിച്ചിരിക്കുന്നത്. ട്രംപുമായി ബന്ധപ്പെട്ട മാധ്യമ കവറേജുകളിൽ അന്തിമ തീരുമാനമെടുക്കുക പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ആയിരിക്കും. ആർക്കൊക്കെ പ്രസിഡന്റിനോട് ചോദ്യങ്ങൾ ചോദിക്കാം എന്നതടക്കമുള്ള കാര്യങ്ങൾ ഇതിൽ ഉൾപ്പെടും. ആയിരക്കണക്കിന് വാർത്താ സ്ഥാപനങ്ങളിലൂടെ കോടിക്കണക്കിന് വായനക്കാർക്ക് സേവനം നൽകുന്ന അസോസിയേറ്റഡ് പ്രസ് ഉൾപ്പടെയുള്ള വാർത്ത ഏജൻസികളെ നിയന്ത്രണം ബാധിക്കുമെന്നാണ് വിലയിരുത്തൽ.
എന്നാൽ വൈറ്റ് ഹൗസ് വിഷയത്തോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
മെക്സിക്കോ ഉൾക്കടലിന്റെ പേര് മാറ്റേണ്ടതില്ലെന്ന തീരുമാനം കൈകൊണ്ട എപിയെ നിരോധിച്ച വൈറ്റ് ഹൗസ് നടപടിയുമായി ബന്ധപ്പെട്ട നിയമവ്യവഹാരങ്ങൾക്ക് പിന്നാലെയാണ് ട്രംപ് സർക്കാരിന്റെ തീരുമാനം. മീഡിയ ഔട്ട്ലെറ്റിന്റെ അഭിപ്രായ സ്വാതന്ത്ര്യം വൈറ്റ് ഹൗസ് ലംഘിച്ചുവെന്ന് കേസിൽ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എപിയുടെ റിപ്പോർട്ടർമാരെയും ഫോട്ടോഗ്രാഫർമാരെയും പരിപാടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് തടഞ്ഞത് അനുചിതമായെന്നും ജഡ്ജി വിധിച്ചിരുന്നു. മറ്റ് വാർത്താ ഏജൻസികളെ പോലെ എപിയെയും പരിഗണിക്കണമെന്നും യുഎസ് ജില്ലാ ജഡ്ജി ട്രെവർ എൻ. മക്ഫാഡൻ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു.
Adjust Story Font
16