Quantcast

യൂറോപ്പിൽ കുരങ്ങുപനി പടരുന്നു; അടിയന്തര യോഗം വിളിച്ച് ലോകാരോഗ്യസംഘടന

രോഗത്തിന്റെ പേരിൽ ആളുകളെ അപകീർത്തിപ്പെടുത്തുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് ഡബ്ല്യു.എച്ച്.ഒ

MediaOne Logo

Web Desk

  • Published:

    21 May 2022 5:06 AM GMT

യൂറോപ്പിൽ കുരങ്ങുപനി പടരുന്നു;  അടിയന്തര യോഗം വിളിച്ച് ലോകാരോഗ്യസംഘടന
X

വാഷിങ്ടൺ: യൂറോപ്പിൽ കൂടുതൽ രാജ്യങ്ങളിലേക്ക് കുരങ്ങുപനി സ്ഥിരീകരിച്ചതോടെ ലോകാരോഗ്യസംഘടന അടിയന്തര യോഗം വിളിച്ചു. കാനഡക്ക് പിറകെ ബെൽജിയം, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, പോർച്ചുഗൽ, സ്‌പെയിൻ, സ്വീഡൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലും കുരങ്ങുപനി കണ്ടെത്തിയിരുന്നു. ആഫ്രിക്കയിൽ സാധാരണയായി കണ്ടുവന്നിരുന്ന കുരങ്ങുപനി അടുത്തിടെ യൂറോപ്പിലെയും അമേരിക്കയിലെയും വിവിധ ഇടങ്ങളിലേക്ക് പടർന്നത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്.

യൂറോപ്പിൽ ഇതുവരെ 100-ലധികം കേസുകൾ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് ലോകാരോഗ്യസംഘടന വെള്ളിയാഴ്ച അടിയന്തരയോഗം ചേർന്നത്. എട്ടോളം യൂറോപ്യൻ രാജ്യങ്ങളിലാണ് രോഗം കണ്ടെത്തിയത്.

എന്നാൽ കോവിഡ് 19ൽ നിന്ന് വ്യത്യസ്തമായാണ് കുരങ്ങുപനി പടരുന്നതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഭയപ്പെടാനില്ലെന്നും രോഗം പടരുന്നുണ്ടെങ്കിൽ അതിനെ കുറിച്ച് വ്യക്തമായ വിവരങ്ങൾ അറിയിക്കണമെന്നും ലോകാരോഗ്യസംഘടന അറിയിച്ചു. കുരങ്ങുപനി ബാധിച്ചേക്കാവുന്ന ആളുകളെ കണ്ടെത്തുന്നതിനും അവർക്ക് വേണ്ട ചികിത്സയും പിന്തുണയും നൽകുന്നതിനും രോഗം കൂടുതൽ പേരിലേക്ക് പടരാതിരിക്കാനുള്ള മാർഗ്ഗനിർദ്ദേശം നൽകുന്നതിനും അതത് രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി.

അടുത്ത സമ്പർക്കത്തിലൂടെയാണ് രോഗം പകരുന്നതിനാൽ രോഗികളുമായി ബന്ധപ്പെടുന്നവരെ നിരീക്ഷിക്കാനും നിർദേശം നൽകിയിട്ടുണ്ട്. ആരോഗ്യപ്രവർത്തകർ, രോഗികളുടെ വീട്ടുകാർ, ലൈംഗിക പങ്കാളികൾ എന്നിവർക്കാണ് രോഗം വേഗത്തിൽ പടരാൻ സാധ്യതയുള്ളത്. അതേ സമയം രോഗത്തിന്റെ പേരിൽ ആളുകളെ അപകീർത്തിപ്പെടുത്തുന്നതും ഒറ്റപ്പെടുത്തുന്നതും ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ഇത് രോഗവ്യാപനത്തെ തടയുന്ന പ്രവർത്തനങ്ങൾക്ക് വിലങ്ങാകുമെന്നും ലോകാരോഗ്യസംഘടന ഓർമിപ്പിച്ചു. ആളുകളെ ഒറ്റപ്പെടുത്തുന്നതിലൂടെ രോഗികൾക്ക് ചികിത്സ തേടാൻ മടിക്കുമെന്നും ഇത് രോഗം കൂടുതൽ വ്യാപിക്കാൻ ഇടയാക്കുമെന്നും ഡബ്ല്യു.എച്ച്.ഒ മുന്നറിയിപ്പ് നൽകി.

TAGS :
Next Story