അന്താരാഷ്ട്ര കോടതിയിൽ ഇസ്രായേലിനെ നിർത്തിപ്പൊരിച്ച് അഭിഭാഷക; ആരാണ് ആദില ഹസ്സിം?
"വംശഹത്യ, നേരത്തേ പ്രഖ്യാപിച്ച് സംഭവിക്കുന്ന ഒന്നല്ല. കഴിഞ്ഞ 13 ആഴ്ചകളായി ഇസ്രായേൽ നടത്തുന്ന വംശഹത്യയുടെ നേർചിത്രം ലോകത്തിന് കാട്ടുകയാണ് ഗസ്സ"
"കരയിൽ നിന്നും കടലിൽ നിന്നും എന്തിനേറെ ആകാശത്തിൽ നിന്ന് പോലുമുള്ള ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെടുകയാണ് ഗസ്സ. പട്ടിണിയും രോഗങ്ങളും മൂലം മരണത്തിന്റെ വക്കിൽ നിൽക്കുന്നവരെ കൊണ്ട് ഗസ്സ നിറഞ്ഞു കവിഞ്ഞിരിക്കുന്നു. ഗസ്സയിൽ ഇസ്രായേൽ വംശഹത്യ നടത്തി എന്ന് കോടതി ചിലപ്പോൾ തീർപ്പു കൽപിക്കില്ലായിരിക്കാം, എന്നാൽ ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യാ കുറ്റങ്ങളാണെന്നത് ഉറപ്പിച്ചു തന്നെ പറയാൻ സാധിക്കും എന്നതാണ് വസ്തുത".
അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇസ്രായേലിനെതിരെ ആഞ്ഞടിച്ച ദക്ഷിണാഫ്രിക്കൻ നിയമവിദഗ്ധ ആദില ഹസ്സിമിന്റെ വാക്കുകളാണിത്. ലോകകോടതിയിൽ ഇസ്രായേലിനെ നിർത്തിപ്പൊരിച്ച്, ഇസ്രായേൽ ഗസ്സയോട് കാട്ടുന്നത് നീചമായ വംശഹത്യ തന്നെയെന്ന് ഊന്നിപ്പറഞ്ഞ ആദില ഹസ്സിം ദക്ഷിണാഫ്രിക്കയ്ക്ക് വെറുമൊരു അഭിഭാഷക മാത്രമല്ല, ദക്ഷിണാഫ്രിക്കയുടെ ഭാവി എല്ലാ തലങ്ങളിലും സമ്പന്നമാക്കാൻ അഹോരാത്രം പ്രയത്‌നിക്കുന്ന ഒരു സാമൂഹ്യപ്രവർത്തക കൂടിയാണ്.
ഇരുപത് വർഷമായി നിയമരംഗത്തുണ്ട് ആദില. സെക്ഷൻ 27 എന്ന നിയമസ്ഥാപനത്തിന്റെ സഹസ്ഥാപകയും ഡയറക്ടറുമാണിവർ. സൗജന്യ വിദ്യാഭ്യാസത്തിനും അടിസ്ഥാനപരമായ ആരോഗ്യ പരിരക്ഷയ്ക്കുമുള്ള ആവശ്യകതയെ പറ്റി ജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തുകയാണ് ആദില നേതൃത്വം നൽകുന്ന സ്ഥാപനത്തിന്റെ അജണ്ട. കറപ്ഷൻ വാച്ച് എന്ന അഴിമതി വിരുദ്ധ സംഘടനയുടെയും സഹസ്ഥാപകയാണിവർ.
ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യ തന്നെയാണെന്ന് തെളിവുകളടക്കം നിരത്തിയാണ് ആദില ലോകകോടതിയിൽ വാദിച്ചത്. ഗസ്സയിലെ ജനങ്ങളെ ഒന്നോടെ ഇല്ലാതാക്കണം എന്ന ഉദ്ദേശ്യത്തോടെ തന്നെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ വംശഹത്യാ കുറ്റകൃത്യങ്ങളായല്ലാതെ എങ്ങനെ കണക്കാക്കും എന്ന് ആദില ആഞ്ഞടിച്ചു.
താമസസ്ഥലങ്ങളുടെ തകർച്ച, മരുന്നും വെള്ളവുമുൾപ്പടെയുള്ള അവശ്യവസ്തുക്കളുടെ ലഭ്യതക്കുറവ് എന്നിവയൊക്കെ ഗസ്സയിൽ ജനജീവിതം അസാധ്യമാക്കുകയാണെന്നും അവർ ചൂണ്ടിക്കാട്ടി.
ആദിലയുടെ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങൾ:
വംശഹത്യ, നേരത്തേ പ്രഖ്യാപിച്ച് സംഭവിക്കുന്ന ഒന്നല്ല. കഴിഞ്ഞ 13 ആഴ്ചകളായി തങ്ങൾക്ക് മേൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയുടെ നേർചിത്രം ലോകത്തിന് കാട്ടുകയാണ് ഗസ്സ. ഈ കോടതിയിൽ നിന്നുള്ള ഒരു തീർപ്പ് മാത്രമാണ് ഇനി ഗസ്സയ്ക്ക് മുന്നിലുള്ള ഏക പ്രതീക്ഷ. ഇസ്രായേൽ നടത്തുന്നത് വംശഹത്യ തന്നെയാണെന്ന നിഗമനത്തിൽ ലോകകോടതി ചിലപ്പോൾ എത്തില്ലായിരിക്കാം. എന്നാൽ പലപ്പോഴും പല സന്ദർഭങ്ങളിലും ഇസ്രായേൽ നടത്തിയത് വംശഹത്യാ കുറ്റകൃത്യങ്ങളുടെ പരിധിയിൽ തന്നെ വരുമെന്ന് കണക്കാക്കേണ്ടതുണ്ട്.
ഇന്ന്, ഈ നിമിഷം ഞാനിവിടെ നിൽക്കുമ്പോൾ 23,210 ആണ് ഗസ്സയിലെ മരണക്കണക്ക്. മൂന്ന് മാസം കൊണ്ട് ഇസ്രായേൽ കൊന്നൊടുക്കിയ ഈ മനുഷ്യരിൽ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണെന്നത് യുഎൻ പുറത്തു വിട്ട ഞെട്ടിക്കുന്ന സത്യവും. മൂന്ന് മാസം കൊണ്ട് 7000 മനുഷ്യരെ ഗസ്സയിൽ നിന്ന് കാണാതായി. ഇവർ റബിളുകളിൽ കൊല്ലപ്പെട്ടു എന്നേ കരുതാനാകൂ.
എവിടെപ്പോയാലും ബോംബുകളാണ് ഫലസ്തീനികളെ പിന്തുടരുക. വീടുകളിൽ, പള്ളികളിൽ, അഭയാർഥി കേന്ദ്രങ്ങളിൽ, ആശുപത്രികളിൽ എന്ന് വേണ്ട എല്ലായിടത്തും അവർക്ക് മേൽ ബോംബുകൾ വർഷിക്കപ്പെടുന്നു. ഇസ്രായേൽ പറയുന്ന മുറയ്ക്ക് പലായനം ചെയ്തില്ലെങ്കിൽ, അവർ ചൂണ്ടിക്കാട്ടിയ സ്ഥലങ്ങളിലേക്ക് പോയാൽ, എന്തിന് സുരക്ഷിത പാതയെന്ന് അവർ വിശേഷിപ്പിക്കുന്ന സ്ഥലങ്ങളിൽ എല്ലാം ഗസ്സയിലെ ജനങ്ങൾ കൊല്ലപ്പെടുന്നു.
ഒക്ടോബർ 7ന് ശേഷം ഓരോ ആഴ്ചയിലും 6000 ബോംബുകളാണ് ഇസ്രായേൽ ഗസ്സയ്ക്ക് മേൽ വർഷിച്ചത്. 2000ത്തിനടുത്ത് കുടുംബങ്ങൾക്ക് ഒന്നിലധികം കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടു. പല കുടുംബങ്ങളെയും ഒരാളെ പോലും അവശേഷിപ്പിക്കാതെ വേരോടെ തുടച്ചു നീക്കി. ആർക്കും, എന്തിന് നവജാതശിശുക്കൾക്ക് പോലും ഇസ്രായേലിൽ നിന്ന് രക്ഷയില്ല. യുഎൻ സെക്രട്ടറി ജനറൽ വിശേഷിപ്പിച്ചത് പോലെ കുഞ്ഞുങ്ങളുടെ ശവപ്പറമ്പ് തന്നെയാണ് ഗസ്സ.
ഇത്രയും പറഞ്ഞത് മരണങ്ങളെ കുറിച്ചാണെങ്കിൽ മരിച്ചതിന് തുല്യമായി ജീവിച്ചിരിക്കുന്ന 60,000 പേരാണ് ഗസ്സയിലുള്ളത്. യുദ്ധത്തിൽ അംഗഭംഗം സംഭവിച്ചവർ, ബന്ദികളാക്കിയും മറ്റും മാനസികാഘാതം നേരിട്ടവർ എന്നിങ്ങനെ ഒരു വലിയ വിഭാഗം ജനത വേറെയുണ്ട് അവിടെ. ഇതിലും ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും തന്നെയാണെന്നതാണ് ദാരുണമായ അവസ്ഥ. വസ്ത്രമഴിച്ചും, ട്രക്കുകളിൽ കുത്തി നിറച്ചും എവിടേക്കോ കൊണ്ടു പോകുന്ന ആളുകളുടെ ദുർവിധി എങ്ങനെ കണ്ടില്ലെന്ന് നടിക്കും?
ഏകദേശം നാല് ലക്ഷത്തിനടുത്ത് ആളുകളുടെ വീടുകളാണ് ഇസ്രായേൽ തകർത്തെറിഞ്ഞത്. അഞ്ച് ലക്ഷത്തിനടുത്ത് ആളുകൾക്ക് യുദ്ധമവസാനിച്ചാലും പോകാനൊരിടമില്ല. ഇതിനിടയിൽ തങ്ങൾ തകർത്ത കെട്ടിടങ്ങളുടെ ഫോട്ടോയും മറ്റുമെടുത്ത് ഇസ്രായേൽ സൈനികർ വിജയം ആഘോഷിക്കുന്നു. തൽസ്ഥിതി തുടർന്നാൽ ഇസ്രായേൽ വ്യോമാക്രമണങ്ങളേക്കാൾ, പട്ടിണിയും പകർച്ചവ്യാധികളുമാകും ഇനി ഗസ്സയുടെ ജീവനെടുക്കുക.
മൂന്ന് മണിക്കൂറാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇന്ന് വാദം തുടർന്നത്. ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് വംശഹത്യ തന്നെയാണെന്നത് തെളിവുകൾ അക്കമിട്ട് നിരത്തിയായിരുന്നു ദക്ഷിണാഫ്രിക്കൻ പ്രതിനിധി സംഘത്തിന്റെ വാദം.
ആദില ഹസ്സിമിനെ കൂടാതെ മുതിർന്ന അഭിഭാഷകൻ ജോൺ ഡൂഗാർഡ്, ദക്ഷിണാഫ്രിക്കൻ നീതിന്യായ മന്ത്രി റൊണാൾഡ് ലമോല, തെംബെക ഉങ്കുകൈടോബി, പ്രൊഫ.മാക്‌സ് ഡുപ്ലെസിസ്, ബ്ലിന്നെ നി ഗ്രാലെയ്, ഷിഡിസോ റാമോഗാലെ, ബ്രിട്ടീഷ് നിയമവിദഗ്ധൻ വോഗൻ ലോവ് എന്നിവരായിരുന്നു ദക്ഷിണാഫ്രിക്കൻ പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്. ദക്ഷിണാഫ്രിക്കൻ സംഘത്തിന്റെ വാദങ്ങൾ പൂർത്തിയായതോടെ ഇന്നത്തെ കോടതി നടപടികൾ അവസാനിപ്പിച്ചു. നാളെ ഇസ്രായേൽ തങ്ങളുടെ വാദങ്ങൾ അവതരിപ്പിക്കും.
Adjust Story Font
16