Quantcast

മൊതാസ് അസൈസ; ഗസ്സയുടെ സത്യം ലോകത്തോട് വിളിച്ചുപറഞ്ഞ മാധ്യമപ്രവര്‍ത്തകന്‍

മൊതാസ് നിലവില്‍ യു.എൻ.ആർ.ഡബ്ല്യു.എയിൽ ( United Nations Relief and Works Agency )ഫോട്ടോഗ്രാഫറായി ജോലി ചെയ്യുകയാണ് .

MediaOne Logo

Web Desk

  • Updated:

    2023-11-25 06:11:17.0

Published:

25 Nov 2023 5:58 AM GMT

Motaz Azaiza
X

മൊതാസ് അസൈസ

ഗസ്സ: മൊതാസ് അസൈസ....ഇസ്രായേല്‍ നരനായാട്ട് തുടരുന്ന ഗസ്സയിലെ സംഘര്‍ഷ ഭൂമിയില്‍ നിന്നും അചഞ്ചലമായ ധീരതയോടെ മാധ്യമപ്രവര്‍ത്തനത്തിന്‍റെ ഉദാത്ത മാതൃക കാണിച്ച മാധ്യമപ്രവര്‍ത്തകന്‍. യുദ്ധമുഖത്തു നിന്നും മൊതാസ് എന്ന ഫലസ്തീനിയന്‍ ഫോട്ടോജേര്‍ണലിസ്റ്റ് പകര്‍ത്തിയതെല്ലാം വേദനയുടെയും അനാഥത്വത്തിന്‍റെയും നഷ്ടപ്പെടലിന്‍റെയും വേട്ടയാടലിന്‍റെയും ദൃശ്യങ്ങളായിരുന്നു. പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും സ്വന്തം ജീവന്‍ പോലും നോക്കാതെ ഗസ്സയുടെ സത്യം ലോകത്തോട് വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നതിന് മൊതാസിനെ മിഡില്‍ ഈസ്റ്റ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജിക്യൂ മിഡില്‍ ഈസ്റ്റ്(GQ Middle East) എന്ന മാഗസിന്‍ 2023ലെ 'മാന്‍ ഓഫ് ദി ഇയര്‍' ആയി തെരഞ്ഞെടുത്തിരിക്കുകയാണ്.

ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ട് കരിയര്‍ തുടങ്ങിയ മൊതാസ് നിലവില്‍ യു.എൻ.ആർ.ഡബ്ല്യു.എയിൽ ( United Nations Relief and Works Agency )ഫോട്ടോഗ്രാഫറായി ജോലി ചെയ്യുകയാണ് . ജിക്യു മിഡില്‍ ഈസ്റ്റ് വ്യാഴാഴ്ച ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് മൊതാസിനെ 'മാൻ ഓഫ് ദ ഇയർ' ആയി പ്രഖ്യാപിച്ച വിവരം അറിയിക്കുന്നത്. ''ജിക്യു മിഡില്‍ ഈസ്റ്റ് മൊതാസ് അസൈസയെ 'മാന്‍ ഓഫ് ദി ഇയര്‍' ആയി പ്രഖ്യാപിക്കുന്നു.പ്ലെസ്റ്റിയ അലഖാദ് (@byplestia), ഹിന്ദ് ഖൗദരി (@hindkhoudary), വാൽ അൽ-ദഹ്ദൂഹ് (@wael_eldahdouh), പരേതനായ ഇസ്സാം അബ്ദല്ല, പരേതനായ ഷിറീൻ അബു അക്‍ലേ. തുടങ്ങി നമുക്ക് അറിയാവുന്നതും അറിയാത്തതുമായ നിരവധി മാധ്യമപ്രവര്‍ത്തകരുടെ നിര്‍ഭയത്തോടെയും സമാനതകളുമില്ലാത്ത പോരാട്ടത്തിനായി ഇതു സമര്‍പ്പിക്കുന്നു'' ജിക്യു മിഡില്‍ ഈസ്റ്റ് അവരുടെ പോസ്റ്റില്‍ കുറിച്ചു.വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് മൊതാസിനെ തെരഞ്ഞെടുത്തതെന്നും മാഗസിന്‍ വ്യക്തമാക്കുന്നു.

"നമ്മൾ കാണാൻ ആഗ്രഹിക്കുന്ന അതേ മാറ്റം നടപ്പിലാക്കാൻ മനുഷ്യർക്ക് ശക്തിയുണ്ടെന്ന്" മൊതാസ് തെളിയിച്ചുവെന്നും പോസ്റ്റില്‍ പറയുന്നു. അദ്ദേഹം അധികാരത്തോട് ധൈര്യത്തോടെ സത്യം സംസാരിക്കുന്നത് തുടരുമ്പോൾ അദ്ദേഹത്തിന്‍റെയും ചുറ്റുമുള്ളവരുടെയും സുരക്ഷക്കായി തങ്ങൾ പ്രാർത്ഥിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്. ''ക്രൂരതക്കും ഇരുട്ടിനും ഇടയില്‍ നിന്നുകൊണ്ട് മൊതാസ് ഗസ്സയില്‍ വെളിച്ചം വീശിയെന്ന്'' ജിക്യു മിഡില്‍ ഈസ്റ്റ് എഡിറ്റര്‍ ഇന്‍ ചീഫ് അഹമ്മദ് ഷിഹാബ് എല്‍ദിന്‍ പറഞ്ഞു. സംഘര്‍ഷഭരിതമായ ഒരു പ്രദേശത്ത്, ഗസ്സയുടെ അജയ്യമായ പോരാട്ടത്തിന്‍റെ പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് മൊതാസ് പ്രതിരോധത്തിന്‍റെ പര്യായമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഭയാര്‍ഥി ക്യാമ്പില്‍ വളര്‍ന്ന ബാല്യം

2002 ജനുവരി 30ന് ജനിച്ച മൊതാസിന്‍റെ കുട്ടിക്കാലം ഗസ്സയിലെ അഭയാര്‍ഥി ക്യാമ്പിലായിരുന്നു. ഗസ്സയിലെ അൽ-അസ്ഹർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടി. ബിരുദം കയ്യിലുണ്ടായിരുന്നെങ്കിലും ജോലി എന്നത് ഒരു വിദൂര സ്വപ്നമായിരുന്നു. തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് മൊതാസ് കരിയര്‍ ആരംഭിക്കുന്നത്. മൊതാസ് എന്ന ഫോട്ടോഗ്രാഫറുടെ മികവ് തെളിയിക്കുന്ന ചിത്രങ്ങളായിരുന്നു എല്ലാം. അതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് സോഷ്യല്‍മീഡിയയില്‍ ഒരു ആരാധക വൃന്ദത്തെ സൃഷ്ടിച്ചെടുക്കാന്‍ മൊതാസിന് സാധിച്ചു. സർക്കാരിതര സംഘടനയായ മെഡെസിൻസ് ഡു മോണ്ടെ സ്യൂസെ ഉൾപ്പെടെയുള്ള കമ്പനികളുടെ ഫോട്ടോഗ്രാഫറായി അസൈസ പ്രവർത്തിച്ചിട്ടുണ്ട്. മിന്‍റ്പ്രസ് ന്യൂസ്, എബിസി ന്യൂസ് എന്നിവയുടെയും ഭാഗമായിട്ടുണ്ട്.

തുടർന്ന് ഈ വർഷം മാർച്ചിൽ യുഎൻആർഡബ്ല്യുഎ യുഎസ്എയിൽ ചേർന്ന അദ്ദേഹം ഗസ്സയിലെ സംഘര്‍ഷ ഭൂമിയില്‍ നിന്നും ചിത്രങ്ങള്‍ പകര്‍ത്താന്‍ തുടങ്ങി. ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ മൊതാസിനെ ബന്ധുക്കളും കൊല്ലപ്പെട്ടിരുന്നുവെന്ന് ദ ന്യൂ അറബ് റിപ്പോർട്ട് ചെയ്യുന്നു. താനിപ്പോള്‍ ഇരുണ്ട സ്ഥലത്താണ് ജീവിക്കുന്നതെന്ന് ഔട്ട്‍ലെറ്റിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. ''കഴിഞ്ഞ 75 വര്‍ഷമായി ഫലസ്തീനികള്‍ അടിച്ചമര്‍ത്തപ്പെട്ടവരാണ്. ഞങ്ങളുടെ പോരാട്ടം ലോകം അറിയണം. എനിക്ക് ഹമാസുമായി ബന്ധമില്ല. ഞാൻ ജീവിതത്തെ സ്നേഹിക്കുന്നു, ആ ജീവിതം രീതിയിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നു. ഗസ്സയും ഫലസ്തീനും എന്നന്നേക്കും സംഘര്‍ഷഭൂമിയായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല'' എന്നാണ് മൊതാസ് അഭിമുഖത്തില്‍ പറഞ്ഞത്.

സമാധാനവും സന്തോഷവും നിറഞ്ഞ ഗസ്സയുടെ കഴിഞ്ഞ കാലത്തെക്കുറിച്ചും അദ്ദേഹം ഓര്‍ത്തെടുത്തു. കുട്ടികള്‍ കളിക്കുന്നതിന്‍റെയും ഊഞ്ഞാലാടുന്നതിന്‍റെയും ചിത്രങ്ങള്‍ പകര്‍ത്തിയതും മൊതാസിന്‍റെ ഓര്‍മയിലുണ്ട്. ഇപ്പോള്‍ ഭക്ഷണം പോലുള്ള അടിസ്ഥാന ആവശ്യങ്ങൾ നേടിയെടുക്കാൻ പാടുപെടുകയാണെന്നും സംഘർഷം അവസാനിപ്പിക്കാൻ ഒരു വഴി കണ്ടെത്തേണ്ടതിന്‍റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.

ഗസ്സയിലെ മുറിവേറ്റവരുടെ ചിത്രങ്ങളാണ് മൊതാസിന്‍റെ ഇന്‍സ്റ്റഗ്രാം പേജ് നിറയെ.പരിക്കേറ്റ കുഞ്ഞുങ്ങളുമായി ആശുപത്രിയില്‍ നില്‍ക്കുന്ന മാതാപിതാക്കള്‍, അനാഥരായ കുഞ്ഞുങ്ങള്‍, സ്വന്തം കിടപ്പാടം വിട്ട് പലായനം ചെയ്യേണ്ടി വന്നവര്‍...മൊതാസിന്‍റെ ചിത്രങ്ങള്‍ പറയുന്നത് ഇസ്രായേലിന്‍റെ പൊറുക്കാനാവാത്ത അതിക്രമത്തിന്‍റെ കഥയാണ്. 15 മില്യണലധികം പേരാണ് മൊതാസിനെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്.

TAGS :

Next Story