Quantcast

പാക്കിസ്താനിലെ ഏറ്റവും വലിയ ധനികൻ; ആരാണ് ടൈറ്റൻ അന്തർവാഹിനിയിൽ ഉണ്ടായിരുന്ന ഷഹ്‌സാദ ദാവൂദ്?

അഞ്ചു പേരുമായി കടലില്‍ മുങ്ങിയ ടൈറ്റൻ അന്തര്‍വാഹിനിയെ നാലു ദിവസമായിട്ടും കണ്ടെത്താനായിട്ടില്ല

MediaOne Logo

Web Desk

  • Updated:

    2023-06-21 15:44:08.0

Published:

21 Jun 2023 3:29 PM GMT

Pakistans richest man, Who was Shahzada Dawood, Titan submarine, tittanic , latest malayalam news,പാക്കിസ്ഥാനിലെ ഏറ്റവും ധനികൻ, ഷഹ്‌സാദ ദാവൂദ്, ടൈറ്റൻ അന്തർവാഹിനി, ടൈറ്റാനിക്, ഏറ്റവും പുതിയ മലയാളം വാർത്തകൾ
X

വാഷിംഗ്ടണ്‍: ടൈറ്റാനിക്കിന്‍റെ അവശിഷ്ടങ്ങള്‍ കാണാന്‍ പോയി നോര്‍ത്ത് അറ്റ്ലാന്‍റിക് സമുദ്രത്തില്‍ അപ്രത്യക്ഷമായ ടൈറ്റന്‍ എന്ന അന്തര്‍വാഹിനിയെ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുകയാണ്. ഞായറാഴ്ചയാണ് ടൈറ്റന്‍ ആഴങ്ങളില്‍ അപ്രത്യക്ഷമായത്. അഞ്ചു പേരുമായി കടലില്‍ മുങ്ങിയ അന്തര്‍വാഹിനിയെ നാലു ദിവസമായിട്ടും കണ്ടെത്താനായിട്ടില്ല.

ടൈറ്റന്‍ അന്തര്‍വാഹിനിയിൽ ഉണ്ടായിരുന്ന രണ്ടുപേർ പാകിസ്താൻ വ്യവസായിയായ ഷഹ്‌സാദ ദാവൂദും 19കാരനായ മകൻ സുലൈമാൻ ദാവൂദും ആണ്. പാകിസ്താനിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളാണ് ഷഹ്‌സാദ ദാവൂദ്. 2003-ൽ എൻഗ്രോ കോർപ്പറേഷൻ ബോർഡിൽ അംഗമായ ഷഹ്‌സാദ നിലവിൽ വൈസ് ചെയർമാനാണ്. 1996 ൽ ബിസിനസിലേക്ക് ഇറങ്ങിയ ഷഹ്‌സാദ ദാവൂദ് കോർപ്പറേറ്റ് ഭരണത്തിലും പാകിസ്താനിലെ വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിലും വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്.

പ്രിൻസ് ചാൾസിന്റെ ചാരിറ്റി, പ്രിൻസ് ട്രസ്റ്റ് ഇന്റർനാഷണലിന്റെ ഗ്ലോബൽ അഡ്വൈസറി ബോർഡിൽ സേവനമനുഷ്ഠിക്കുന്ന ഷഹ്‌സാദ ദാവൂദ്, സിലിക്കൺ വാലിയിലെ നാസ അമേസ് റിസർച്ച് സെന്ററിന് സമീപമുള്ള ഗവേഷണ സ്ഥാപനമായ സെറ്റി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബോർഡ് ഓഫ് ട്രസ്റ്റിയിലും അംഗമാണ്. ഷഹ്‌സാദ ദാവൂദ് യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഫിലാഡൽഫിയ സർവകലാശാലയിൽ നിന്ന് ഗ്ലോബൽ ടെക്സ്റ്റൈൽ മാർക്കറ്റിംഗിൽ മാസ്റ്റർ ഓഫ് സയൻസ് ബിരുദവും യുണൈറ്റഡ് കിംഗ്ഡത്തിലെ ബക്കിംഗ്ഹാം സർവകലാശാലയിൽ നിന്ന് നിയമ ബിരുദവും നേടിയിട്ടുണ്ട്. ഭാര്യ ക്രിസ്റ്റീനോടും അവരുടെ രണ്ട് മക്കളായ സുലൈമാൻ, അലീന എന്നിവർക്കുമൊപ്പം യുണൈറ്റഡ് കിംഗ്ഡത്തിലാണ് ഷഹ്‌സാദ ദാവൂദ് താമസിക്കുന്നത്.

വടക്കൻ അറ്റ്ലാന്‍റിക് സമുദ്രത്തിൽ വെള്ളത്തിനടിയിലുള്ള ശബ്ദങ്ങൾ കണ്ടെത്തിയെന്നും യുഎസും കനേഡിയൻ ക്രൂവും അന്തര്‍വാഹിനിക്കായി തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് യു.എസ് കോസ്റ്റ് ഗാര്‍ഡ് ബുധനാഴ്ച അറിയിച്ചു. ശബ്ദത്തിന്‍റെ ഉറവിടം എവിടെ നിന്നാണെന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും കോസ്റ്റ് ഗാര്‍ഡ് ട്വീറ്റ് ചെയ്തു. അന്തര്‍വാഹിനിയില്‍ ഇനി ഒരു ദിവസത്തേക്ക് മാത്രമുള്ള ഓക്സിജനാണ് അവശേഷിക്കുന്നത്. വ്യാഴാഴ്ച രാവിലെയോടെ ടൈറ്റനിലെ ഓക്സിജന്‍ നിലയ്ക്കുമെന്ന് ബോസ്റ്റണിലെ ഫസ്റ്റ് കോസ്റ്റ് ഗാർഡ് ഡിസ്ട്രിക്റ്റിലെ ക്യാപ്റ്റൻ ജാമി ഫ്രെഡറിക് പറഞ്ഞു. ഓക്‌സിജന്റെ അളവ് കുറഞ്ഞാല്‍ മുങ്ങിക്കപ്പലിലുള്ളവരുടെ അവയവങ്ങള്‍ തകരാറിലാകുമെന്ന് അമേരിക്കൻ ലംഗ് അസോസിയേഷന്‍റെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ആൽബർട്ട് റിസോ പറഞ്ഞു.ഉത്കണ്ഠയും ഭയവും സംസാരവും വേഗത്തിലുള്ള ഹൃദയമിടിപ്പും ഒരു വ്യക്തി ഉപയോഗിക്കുന്ന ഓക്സിജന്റെ അളവ് വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ ആശങ്കകൾക്കിടയിൽ യുഎസ്, കനേഡിയൻ കപ്പലുകളും വിമാനങ്ങളും ചൊവ്വാഴ്ച തിരച്ചിൽ ഊർജിതമാക്കിയിരുന്നു. ചൊവ്വാഴ്ച രാവിലെ വരെ, മൊത്തം 10,000 ചതുരശ്ര മൈൽ തിരച്ചിൽ നടത്തിയതായി കോസ്റ്റ് ഗാർഡ് അറിയിച്ചു. ടൈറ്റാനികിന്‍റെ പരിസരത്ത് അണ്ടർവാട്ടർ റോബോട്ട് തെരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും കണ്ടെത്തിയാൽ സംഭവസ്ഥലത്ത് രക്ഷാ ഉപകരണങ്ങൾ എത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ഫ്രെഡറിക് പറഞ്ഞു. കൂടാതെ, യുഎസ് മിലിട്ടറിയിൽ നിന്നുള്ള മൂന്ന് സി -130 വിമാനങ്ങളും മൂന്ന് സി -17 ട്രാൻസ്പോർട്ട് വിമാനങ്ങളും തിരച്ചിലിനെ സഹായിക്കുന്നുണ്ട്. കനേഡിയൻ സൈന്യം ഒരു പട്രോളിംഗ് വിമാനവും രണ്ട് ഉപരിതല കപ്പലുകളും നൽകിയതായി അറിയിച്ചു.എന്നിരുന്നാലും, കേപ് കോഡിന് കിഴക്ക് 900 മൈൽ, സമുദ്രനിരപ്പിൽ നിന്ന് 13,000 അടി താഴെ വരെയുള്ള തിരച്ചില്‍ സങ്കീര്‍ണ്ണമാണെന്നും ഫ്രെഡറിക് കൂട്ടിച്ചേര്‍ത്തു.

കടലിലേക്ക് പോകുമ്പോള്‍ ടൈറ്റനില്‍ 96 മണിക്കൂര്‍ ഓക്സിജന്‍ സ്റ്റോക്കുണ്ടായിരുന്നുവെന്ന് ആഴക്കടൽ പര്യവേക്ഷണ കമ്പനിയായ ഓഷ്യൻഗേറ്റ് എക്‌സ്‌പെഡിഷൻസിന്റെ അഡ്വൈസറായ ഡേവിഡ് കോൺകന്നൻ പറഞ്ഞു. ഓഷ്യൻഗേറ്റിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ടൈറ്റന്‍. ഞായറാഴ്ചയാണ് അഞ്ച് പേരുമായി പോയ അന്തര്‍വാഹിനി കാണാതായത്. മുങ്ങി ഒരു മണിക്കൂറും 45 മിനിറ്റും കഴിഞ്ഞപ്പോൾ അതിന്‍റെ സപ്പോർട്ട് കപ്പലായ കനേഡിയൻ റിസർച്ച് ഐസ് ബ്രേക്കർ പോളാർ പ്രിൻസുമായുള്ള ബന്ധം നഷ്ടപ്പെട്ടു.ഓഷ്യൻഗേറ്റ് സിഇഒ സ്റ്റോക്ക്‌ടൺ റഷ്, ബ്രിട്ടീഷ് സാഹസികനായ ഹാമിഷ് ഹാർഡിംഗ്, ടൈറ്റാനിക് വിദഗ്ധന്‍ എന്നിവരും അന്തര്‍വാഹിനിയിലുണ്ടായിരുന്നു.

ഒരു വൈദ്യുത തകരാർ അല്ലെങ്കിൽ മറ്റെന്തെങ്കിലും അപകടത്തിന് ശേഷം അത് സമുദ്രത്തിന്‍റെ ഉപരിതലത്തിൽ പൊങ്ങിക്കിടക്കുന്നതാകാമെന്നും അല്ലെങ്കില്‍ ഉപരിതലത്തിനും അടിഭാഗത്തിനും ഇടയിൽ പെട്ടിരിക്കാമെന്നും ആഴക്കടല്‍ വിദഗ്ധനായ ജോൺസ് ഹോപ്കിൻസ് സർവകലാശാലയിലെ വിദഗ്ധനായ ജിം ബെല്ലിംഗ്ഹാം യു.എസ് മാധ്യമങ്ങളോട് പറഞ്ഞു. തിരമാലകൾക്കിടയിൽ 21 അടി നീളമുള്ള ടൈറ്റനെ കണ്ടെത്താൻ പ്രയാസമാണെങ്കിലും കോസ്റ്റ് ഗാര്‍ഡിന് അതു സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2021-ലും കഴിഞ്ഞ വേനൽക്കാലത്തും ടൈറ്റനിൽ നടത്തിയ രണ്ട് യാത്രകളിൽ, മുങ്ങിക്കപ്പലിന് സമുദ്രോപരിതലത്തിൽ വെച്ച് അതിന്റെ മാതൃകപ്പലുമായുള്ള ബന്ധം ഇടയ്ക്കിടെ നഷ്ടപ്പെട്ടെങ്കിലും ആശയവിനിമയം പുനഃസ്ഥാപിക്കാൻ കഴിഞ്ഞുവെന്ന് രണ്ട് തവണ ടൈറ്റാനിക് അവശിഷ്ടങ്ങള്‍ കാണാന്‍ പോയ പെൻസിൽവാനിയ പര്യവേഷകനും ഹേഗൻ കൺസ്ട്രക്ഷന്റെ സിഇഒയുമായ ഫ്രെഡ് ഹേഗൻ പറഞ്ഞു.

വടക്കൻ അറ്റ്‌ലാന്‍റിക് സമുദ്രത്തിൽ ഏകദേശം 14,000 അടി താഴ്ചയിലാണ് ടൈറ്റാനിക് അന്ത്യനിദ്ര കൊള്ളുന്നത്. ഓഷ്യന്‍ ഗേറ്റ് എസ്പെഡിഷന്‍സാണ് കടലിന്‍റെ അടിത്തട്ടില്‍ പോയി ടൈറ്റാനിക് കാണാന്‍ അവസരമൊരുക്കുന്നത്.

TAGS :

Next Story