‘ഗർഭച്ഛിദ്രം,കുടിയേറ്റം,ഗസ്സ,ഇസ്രായേൽ’; ആദ്യ സംവാദത്തിൽ കടന്നാക്രമിച്ച് കമലാ ഹാരിസ്, പ്രതിരോധിച്ച് ട്രംപ്
ആദ്യ സംവാദം കഴിയുമ്പോൾ കമലാ ഹാരിസിന് മുൻതൂക്കം ലഭിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്
വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാഹാരിസും റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപും നേരിട്ട് ഏറ്റുമുട്ടിയ ആദ്യ സംവാദം അവസാനിച്ചു. സാമ്പത്തിക രംഗം,ഗർഭച്ഛിദ്രം, കുടിയേറ്റം അടക്കമുള്ള വിഷയത്തിൽ ഇരുവരും നിലപാടുകൾ കൊണ്ട് ഏറ്റുമുട്ടി. ഗസ്സ യുദ്ധവും സംവാദത്തിലെ പ്രധാന വിഷയമായി.പെന്‍സിൽവേനിയയിലെ ഫിലാഡൽഫിയയിലുള്ള എൻ.സി.സി. സെന്ററിൽ അമേരിക്കൻ സമയം ചൊവ്വാഴ്ച രാത്രിയാണ് സംവാദം നടന്നത്.
ഇരുവരും തമ്മിലുള്ള ആദ്യസംവാദം കഴിയുമ്പോൾ കമലാ ഹാരിസിന് മുൻതൂക്കം ലഭിച്ചുവെന്നാണ് അമേരിക്കൻ മാധ്യമങ്ങൾ വിലയിരുത്തുന്നത്. ജോ ബൈഡനൊപ്പം നടന്ന ആദ്യ സംവാദത്തിൽ ലഭിച്ച മേൽക്കോയ്മ ഇക്കുറി ട്രംപിന് ലഭിച്ചില്ലെന്നാണ് അമേരിക്കൻ മാധ്യമങ്ങളും എക്സ് അടക്കമുള്ള സോഷ്യൽ മീഡിയകളും വിലയിരുത്തുന്നത്.
സാമ്പത്തികരംഗം,ഗർഭച്ഛിദ്രം,കുടിയേറ്റം എന്നിവയിലൂന്നിയാണ് 90 മിനിട്ട് നീണ്ട സംവാദം നടന്നത്. ഈ വിഷയങ്ങളിൽ കൃത്യമായ നിലപാട് സ്വീകരിക്കാൻ കമലാ ഹാരിസിന് കഴിഞ്ഞപ്പോൾ പലപ്പോഴും ട്രംപിന് പതറേണ്ടി വന്നു. സാമ്പത്തികരംഗം ഗർഭച്ഛിദ്രവും എന്നിവ ഉയർത്തി ട്രംപിനെ പ്രതിരോധത്തിലാക്കുന്ന തന്ത്രമാണ് കമലാ ഹാരിസ് പുറത്തെടുത്തത്. സംവാദത്തിന്റെ പലസന്ദർഭത്തിലും ട്രംപിനെ കടന്നാക്രമിക്കുന്ന നിലപാടാണ് കമലാ ഹാരിസ് സ്വീകരിച്ചത്.
ഗർഭച്ഛിദ്രം വിഷയത്തിൽ സ്ത്രീകളുടെ അവകാശം ഹനിക്കുന്ന നിലപാടാണ് ട്രംപ് സ്വീകരിക്കുന്നതെന്ന് കമല ഹാരിസ് പറഞ്ഞു. ട്രംപ് അധികാരത്തിലെത്തിയാൽ രാജ്യത്തൊട്ടാകെ ഗർഭച്ഛിദ്രം നിരോധിക്കുന്ന നിയമം കൊണ്ടുവരുമെന്നും കമലാ ഹാരിസ് ആരോപിച്ചു. അതേസമയം കുടിയേറ്റവുമായി ബന്ധപ്പെട്ട വിഷയത്തിൽ കമലാ ഹാരിസിനെ പ്രതിരോധത്തിലാക്കാൻ ട്രംപിന് കഴിഞ്ഞു. അനധികൃത കുടിയേറ്റത്തിന് അനുകൂലമായ നിലപാടാണ് കമലാ ഹാരിസിന്റെതെന്നായിരുന്നു ട്രംപിന്റെ ആരോപണം. സംവാദത്തിൽ പലകുറി കമലാ ഹാരിസിനെതിരെ ഇക്കാര്യം ട്രംപ് ആരോപിച്ചു.
സംവാദത്തിൽ ശ്രദ്ധേയമായ മറ്റൊരു വിഷയം ഗസ്സയായിരുന്നു. താൻ അധികാരത്തിലുണ്ടായിരുന്നെങ്കിൽ ഗസ്സ യുദ്ധം തന്നെയുണ്ടാകില്ലെന്നായിരുന്നു ട്രംപ് പറഞ്ഞത്. ഇറാന് അനുകൂലമായി ജോ ബൈഡൻ സർക്കാർ നിന്നതുകൊണ്ടാണ് യുദ്ധമുണ്ടായതെന്നും ട്രംപ് ആരോപിച്ചു. കമല ഇസ്രായേൽ വിരുദ്ധപക്ഷത്താണെന്ന് സ്ഥാപിക്കാനും ട്രംപ് ശ്രമിച്ചു. യുദ്ധവുമായി ബന്ധപ്പെട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎസ് കോൺഗ്രസിൽ സംസാരിക്കാനെത്തിയപ്പോൾ കമല പങ്കെടുത്തില്ലെന്നത് ട്രംപ് ചൂണ്ടിക്കാട്ടി. കമല പ്രസിഡന്റായാൽ രണ്ടു വർഷത്തിനകം ഇസ്രായേൽ ഇല്ലാതാകുമെന്നും ട്രംപ് പറഞ്ഞു.
താൻ ഇസ്രായേൽ വിരുദ്ധയല്ലെന്ന് പറഞ്ഞാണ് കമലാ ഹാരിസ് ഇതിനു മറുപടിയുമായി രംഗത്തെത്തിയത്. ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും ഈ യുദ്ധത്തിൽ ഇനിയും ഇസ്രായേലിന് ആയുധങ്ങൾ നൽകാൻ തയ്യാറാണെന്നും ആയുധ കയറ്റുമതിതുടരുമെന്നും കമലാ ഹാരിസ് വ്യക്തമാക്കി.
ഒരു ഘട്ടത്തിൽ കമലാ ഹാരിസിനെതിരെ വ്യക്തിപരമായ ആക്രമണത്തിനും ട്രംപ് തുനിഞ്ഞു. ‘കമല ഒരു മാർക്സിസ്റ്റാണ്. അവളുടെ അച്ഛൻ ഒരു മാർക്സിസ്റ്റായിരുന്നുവെന്ന് പറഞ്ഞു. എന്നാൽ അതിനെ ചിരിച്ചുകൊണ്ടാണ് കമലാ ഹാരിസ് നേരിട്ടത്. സംവാദത്തിൽ കമലാ ഹാരിസ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ ട്രംപ് ആണ് മികച്ച പ്രകടനം കാഴ്ചവെച്ചതെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Adjust Story Font
16