ഇറാൻ എന്തിന് പാകിസ്താനെ ആക്രമിച്ചു; ഇറാഖിലും സിറിയയിലും നടക്കുന്നതെന്ത്?-MediaOne Explainer
ജയ്ഷിനെതിരെ പാക് മണ്ണിൽ തന്നെ ശക്തമായൊരു തിരിച്ചടിക്കു തക്കം പാർത്തിരിക്കുകയായിരുന്നു ഇറാൻ
തെഹ്‌റാൻ: 24 മണിക്കൂറിനകം മൂന്ന് രാജ്യങ്ങളിൽ ആക്രമണം നടത്തി ഞെട്ടിച്ചിരിക്കുകയാണ് ഇറാൻ. ഇറാഖിലും സിറിയയിലും പാകിസ്താനിലുമായിരുന്നു ഇറാന്റെ ആക്രമണം. ഇതിനു തിരിച്ചടിയായി പാകിസ്താൻ ഇറാൻ പ്രദേശങ്ങളെയും ആക്രമിച്ചു. സംഭവത്തിനു പിന്നാലെ മേഖലയിൽ അസാധാരണമായ സംഘർഷ സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്.
ആദ്യം ഇറാഖും സിറിയയും; പിന്നാലെ പാകിസ്താൻ
തങ്ങളുടെ സൈനിക കമാൻഡർമാരുടെ കൊലപാതകത്തിനു തിരിച്ചടിയായാണ് ഇറാഖിലെ ആക്രമണമെന്നാണ് ഇറാൻ വാദിച്ചത്. ഗസ്സയിലെ നരഹത്യയ്ക്കിടെ ഉൾപ്പെടെ കമാൻഡർമാരെ ഇസ്രായേൽ വധിച്ചിരുന്നു. ഇതിനു തിരിച്ചടിയായാണ് ഇറാഖിലെ എർബിലിലുള്ള ഇസ്രായേലിന്റെ രഹസ്യാന്വേഷണ സംഘം മൊസാദിന്റെ താവളം ആക്രമിച്ചതെന്നാണു വിശദീകരണം.
ജനുവരി നാലിന് കെർമാനിലെ മുൻ കമാൻഡർ ഖാസിം സുലൈമാനിയുടെ ഖബറിടത്തിനു സമീപത്തു നടന്ന ഇരട്ട ബോംബ് സ്‌ഫോടനത്തിനുള്ള തിരിച്ചടിയായാണ് സിറിയയെ ലക്ഷ്യമിട്ടതെന്നാണ് ഇറാൻ വിശദീകരിച്ചത്. ഐ.എസ് ഭീകരതാവളങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. നേരത്തെ, കെർമാൻ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തിരുന്നു.
മൂന്നാമത്തെ ആക്രമണമാണു കൂടുതൽ നയതന്ത്ര പ്രതിസന്ധിയിലേക്കു നയിച്ചത്. തെക്കുപടിഞ്ഞാറൻ പാക് പ്രവിശ്യയായ ബലൂചിസ്താനായിരുന്നു ഇത്തവണ ലക്ഷ്യം. ഇവിടെ കൂഹെ സബ്‌സിലുള്ള ഭീകരസംഘമായ ജയ്‌ഷെ അദ്‌ലിന്റെ താവളങ്ങൾക്കുനേരെയാണ് ചൊവ്വാഴ്ച ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ രണ്ടു കുട്ടികൾക്കു പരിക്കേൽക്കുകയും ഏതാനും പേർക്കു പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് വീടുകൾക്കും ഒരു പള്ളിക്കും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.
എന്തുകൊണ്ട് പാകിസ്താൻ?
കഴിഞ്ഞ മാസം ഇറാനിലെ സിസ്താൻ-ബലൂചിസ്താൻ പ്രവിശ്യയിൽ നടന്ന പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ 11 സൈനികർ കൊല്ലപ്പെട്ടിരുന്നു. പാക് സംഘമായ ജയ്‌ഷെ അദ്ൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു. ഇതാണ് ജയ്ഷ് താവളത്തിലൊരു തിരിച്ചടി നടത്തുന്നതിനെ കുറിച്ച് ഇറാനെ പ്രേരിപ്പിച്ചത്. ഇറാൻ ഭീകരപട്ടികയിൽ ഉൾപ്പെടുത്തിയ സംഘടനയാണ് ജയ്‌ഷെ അദ്ൽ.
പൊലീസ് സ്റ്റേഷൻ ആക്രമണത്തെ പാകിസ്താൻ അപലപിച്ചിരുന്നെങ്കിലും ഇറാൻ അതുകൊണ്ട് തൃപ്തരായിരുന്നില്ല. ഇതിനുമുൻപും അതിർത്തി പ്രദേശങ്ങളിൽ ജയ്ഷ് നടത്തിയ ആക്രമണം ഇറാൻ വിഷയമായി ഉയർത്തിയിരുന്നു. എന്നാൽ, ഇത്തവണ ശക്തമായൊരു തിരിച്ചടി നൽകാൻ തക്കം പാർത്തിരിക്കുകയായിരുന്നു അവർ.
ഇരുരാജ്യങ്ങളുടെയും അതിർത്തി കേന്ദ്രീകരിച്ചാണ് ജയ്‌ഷെ അദ്ൽ പ്രവർത്തിക്കുന്നത്. സിസ്താൻ-ബലൂചിസ്താനെ ഇറാനിൽനിന്നു സ്വതന്ത്രമാക്കുകയാണു തങ്ങളുടെ ലക്ഷ്യമെന്നാണ് ജയ്ഷ് വാദിക്കുന്നത്. ഇതുകൂടിയാണ് സംഘത്തെ ഭീകരപട്ടികയിൽ ഉൾപ്പെടുത്താൻ ഇറാനു ന്യായമായത്.
പ്രതികരണം, തിരിച്ചടി
തങ്ങളുടെ വ്യോമാതിർത്തിയിൽ ഒരു പ്രകോപനവുമില്ലാതെയാണ് ഇറാൻ ആക്രമിച്ചിരിക്കുന്നതെന്നായിരുന്നു പാകിസ്താന്റെ ആദ്യ പ്രതികരണം. രണ്ടു നിരപരാധികളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നും ഇതിനു ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും പാക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്നലെ പാകിസ്താൻ തെഹ്‌റാനിൽനിന്ന് തങ്ങളുടെ അംബാസഡറെ തിരിച്ചുവിളിച്ചു. ഇറാനിലേക്കു നിശ്ചയിച്ചിരുന്ന ഉന്നതതല പര്യടനങ്ങൾ റദ്ദാക്കി. ഇറാനുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുകയും ചെയ്തു. നാട്ടിൽ പോയിരുന്ന പാകിസ്താനിലെ ഇറാൻ അംബാസഡറോട് തിരിച്ചുവരേണ്ടതില്ലെന്നു നിർദേശിച്ചതായും റിപ്പോർട്ടുണ്ട്.
ഇതിനു പിറകെയാണ് ഇറാനിലെ രണ്ട് ബലൂച് വിഘടനവാദി താവളങ്ങളെ ലക്ഷ്യമിട്ട് ഒടുവിൽ പാകിസ്താന്റെ ആക്രമണവും നടന്നത്. ബലൂചിസ്താൻ ലിബറേഷൻ ഫ്രണ്ട്, ബലൂചിസ്താൻ ലിബറേഷൻ ആർമി എന്നീ വിഘടനവാദി സംഘടനകളുടെ താവളങ്ങൾ ലക്ഷ്യമിട്ടായിരുന്നു പാക് ആക്രമണം.
Summary: Why did Iran attack Pakistan? what is happening in new border tensions?
Adjust Story Font
16