Quantcast

റഷ്യയെ പിണക്കാതെ, യുക്രൈനെ കൈവിടാതെ ഇന്ത്യ; യു.എൻ വോട്ടെടുപ്പില്‍നിന്ന് എന്തുകൊണ്ട് വിട്ടുനിന്നു?

യുക്രൈൻ അധിനിവേശത്തെ അപലപിച്ച് യു.എൻ രക്ഷാസമിതിയിൽ യു.എസ് അവതരിപ്പിച്ച പ്രമേയത്തിനുമേലുള്ള വോട്ടെടുപ്പില്‍നിന്ന് ഇന്ത്യ എന്തുകൊണ്ട് വിട്ടുനിന്നുവെന്ന് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂർത്തി വിശദീകരിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-02-26 06:34:02.0

Published:

26 Feb 2022 5:41 AM GMT

റഷ്യയെ പിണക്കാതെ, യുക്രൈനെ കൈവിടാതെ ഇന്ത്യ; യു.എൻ വോട്ടെടുപ്പില്‍നിന്ന് എന്തുകൊണ്ട് വിട്ടുനിന്നു?
X

യുക്രൈൻ സൈനികനടപടിക്കെതിരെ അമേരിക്കയുടെ നേതൃത്വത്തിൽ യു.എൻ രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയം റഷ്യ വീറ്റോ ചെയ്തതോടെ പാസാക്കാനായിരുന്നില്ല. എന്നാൽ, ബഹുഭൂരിഭാഗം അംഗങ്ങളും അനുകൂലിച്ച പ്രമേയത്തെ എന്തുകൊണ്ട് ഇന്ത്യ പിന്തുണച്ചില്ല എന്നതാണ് ഇപ്പോൾ രാജ്യാന്തര രാഷ്ട്രീയ വിദഗ്ധർ ചർച്ച ചെയ്യുന്നത്. വിഷയം ചർച്ച ചെയ്തുമാത്രമേ പരിഹരിക്കാനാകൂവെന്നാണ് വോട്ടെടുപ്പിൽനിന്ന് മാറിനിൽക്കാൻ രാജ്യം നൽകിയ വിശദീകരണമെങ്കിലും കൂടുതൽ രാഷ്ട്രീയമാനങ്ങളുള്ളതാണ് നടപടി.

ഇന്ത്യയുടെ വിശദീകരണം

യുക്രൈനിൽ നടന്നുകൊണ്ടിരിക്കുന്ന പുതിയ സംഭവവികാസങ്ങളിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിക്കുന്നുവെന്ന് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂർത്തി പറഞ്ഞു. യു.എൻ രക്ഷാസമിതിയിൽ യു.എസും അൽബേനിയയും ചേർന്ന് അവതരിപ്പിച്ച പ്രമേയത്തിനുമേലുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശത്രുതയും ആക്രമണവും ഉടൻ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മനുഷ്യജീവനെടുത്ത് ഒരിക്കലും പരിഹാരം കാണാനാകില്ല. യുക്രൈനിൽ കഴിയുന്ന വലിയ തോതിലുള്ള വിദ്യാർത്ഥികളടങ്ങുന്ന ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിന്റെ കാര്യത്തിലും കടുത്ത ആശങ്കയുണ്ട്. യു.എൻ ചാർട്ടർ, അന്താരാഷ്ട്ര നിയമങ്ങൾ, രാജ്യങ്ങളുടെ പരമാധികാരത്തോടുള്ള ബഹുമാനം എന്നിവയെല്ലാം അടിസ്ഥാനമാക്കിയാണ് ഇപ്പോഴത്തെ ആഗോളക്രമം രൂപപ്പെടുത്തപ്പെട്ടിട്ടുള്ളത്. എല്ലാ അംഗങ്ങളും ഈ തത്വങ്ങളെ മാനിക്കുകയും മുന്നോട്ടുപോക്കിന് സക്രിയമായ മാർഗങ്ങൾ കണ്ടെത്തുകയും വേണം-ടി.എസ് തിരുമൂർത്തി രക്ഷാസമിതിയിൽ ആവശ്യപ്പെട്ടു.

പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ഒരേയൊരു മാർഗം സംവാദവും ചർച്ചകളും മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാലും കാര്യങ്ങൾ ഭീതിപ്പെടുത്തുന്ന നിലയിലാണ് ഇപ്പോഴുള്ളത്. പ്രശ്‌നപരിഹാരത്തിന് നയതന്ത്രമാർഗം ഉപേക്ഷിച്ചത് നിരാശാജനകമാണ്. നയതന്ത്ര ചർച്ചകളിലേക്ക് എല്ലാവരും മടങ്ങണം. ഈ കാരണങ്ങളാലെല്ലാമാണ് പ്രമേയത്തിനുമേലുള്ള വോട്ടെടുപ്പിൽനിന്ന് വിട്ടുനിൽക്കാൻ ഇന്ത്യ തീരുമാനിച്ചതെന്നും തിരുമൂർത്തി രക്ഷാസമിതിയിൽ വ്യക്തമാക്കി.

റഷ്യയെ പിണക്കാൻ വയ്യ; യുക്രൈനെ കൈവിടാനും

റഷ്യ-യുക്രൈൻ യുദ്ധത്തിൽ ഇരുരാജ്യങ്ങളെയും പിണക്കാതെ സന്തുലിതമായ നയതന്ത്ര സമീപനമാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളത്. റഷ്യയുടെ സൈനികനടപടിക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചെങ്കിലും കൃത്യമായ വിശദീകരണത്തോടെ യു.എൻ വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നത് അതിന്റെ വ്യക്തമായ ഉദാഹരണമാണ്.

യു.എന്നിൽ വോട്ടെടുപ്പിന് മുൻപ് യു.എസ് വൃത്തങ്ങൾ ഇന്ത്യൻ നേതാക്കളെ വിളിച്ചിരുന്നു. റഷ്യൻ നടപടിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും യു.എൻ പ്രമേയത്തെ പിന്തുണയ്ക്കണമെന്നും യു.എസ് ആവശ്യപ്പെട്ടതായാണ് അറിയുന്നത്. ഇതിനായി യു.എസ് വിദേശകാര്യ സെക്രട്ടറി ആന്തണി ബ്ലിങ്കൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന നേരിട്ടു വിളിച്ചിരുന്നു.

എന്നാൽ, കഴിഞ്ഞ ദിവസം വോട്ടെടുപ്പിൽ തങ്ങളെ പിന്തുണയ്ക്കണമെന്ന റഷ്യ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. യുക്രൈൻ സൈനിക നടപടി ആരംഭിച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മിർ പുടിനെ വിളിച്ച് സംസാരിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയുമായി ഉറ്റ നയതന്ത്രബന്ധം പുലർത്തുന്ന രാജ്യമായതുകൊണ്ടുതന്നെ റഷ്യയെ പിണക്കുന്ന ഒരു നടപടിയും രാജ്യത്തിന്റെ ഭാഗത്തുനിന്നുണ്ടാകില്ല.

അതോടൊപ്പം, യുക്രൈനിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയും വളരെ പ്രധാനമാണ്. സൈനിക നടപടിയിൽ ഇന്ത്യക്കാരെ അപായങ്ങളൊന്നുമില്ലാതെ കാക്കുന്നതിനൊപ്പം സാധ്യമായവരെയെല്ലാം സുരക്ഷിതമായി നാട്ടിലെത്തിക്കുക എന്ന വലിയ ദൗത്യവും സർക്കാരിനു മുന്നിലുണ്ട്.

രക്ഷാസമിതിയിൽ നടന്നതെന്ത്?

യുക്രൈൻ അധിനിവേശത്തെ ശക്തമായി അപലപിച്ച് യു.എൻ രക്ഷാസമിതിയിൽ അവതരിപ്പിക്കപ്പെട്ട പ്രമേയത്തെ റഷ്യ വീറ്റോ ചെയ്തു. യുക്രൈനെതിരായ റഷ്യയുടെ സൈനിക നടപടിയെ കടുത്ത ഭാഷയിൽ വിമർശിച്ച പ്രമേയത്തിൽ സൈന്യത്തെ അടിയന്തരമായി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. പ്രമേയത്തിനുമേലുള്ള വോട്ടെടുപ്പിൽനിന്ന് ഇന്ത്യയും ചൈനയും യു.എ.ഇയിലും വിട്ടുനിന്നു.

അമേരിക്കയും അൽബേനിയയും ചേർന്നാണ് പ്രമേയം തയാറാക്കി സഭയിൽ അവതരിപ്പിച്ചത്. 15 രക്ഷാസമിതി അംഗങ്ങളിൽ 11 പേരും പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ ഇന്ത്യയും ചൈനയും യു.എ.ഇയും വിട്ടുനിൽക്കുകയായിരുന്നു. രക്ഷാസമിതിയിലെ സ്ഥിരാംഗമായ റഷ്യ വീറ്റോ ചെയ്തതോടെ പ്രമേയം പാസാക്കാനായില്ല.

''നിങ്ങൾക്ക് ഈ പ്രമേയത്തെ വീറ്റോ ചെയ്യാനാകും. എന്നാൽ, ഞങ്ങളുടെ ശബ്ദത്തെ വീറ്റോ ചെയ്യാനാകില്ല. സത്യത്തെ നിങ്ങൾക്ക് വീറ്റോ ചെയ്യാനാകില്ല. നമ്മുടെ തത്വങ്ങ്ളെയും യുക്രൈൻ ജനതയെയുമൊന്നും നിങ്ങൾക്ക് വീറ്റോ ചെയ്യാനാകില്ല..''- അമേരിക്കയുടെ യു.എൻ അംബാസഡർ ലിൻഡ തോമസ് ഗ്രീൻഫീൽഡ് പറഞ്ഞു.

റഷ്യ ഒറ്റപ്പെട്ടിരിക്കുകയാണെന്നും അബദ്ധങ്ങൾ ചെയ്യാൻ നിൽക്കരുതെന്നും ബ്രിട്ടീഷ് അംബാസഡർ ബർബറ വുഡ്വാർഡ് പറഞ്ഞു. റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന് ഒരു പിന്തുണയുമില്ലെന്നും ബർബറ കൂട്ടിച്ചേർത്തു.

നിലവിൽ രക്ഷാസമിതി അധ്യക്ഷൻ റഷ്യൻ പ്രതിനിധിയാണ്. രക്ഷാസമിതിയിൽ പ്രമേയം പാസായില്ലെങ്കിലും യു.എൻ പൊതുസഭയിലും സമാനമായ പ്രമേയം വോട്ടിനെത്തും. പൊതുസഭയിൽ വലിയ ഭൂരിപക്ഷത്തോടെ പ്രമേയം പാസാകാനിടയുണ്ടെങ്കിലും ഇത് റഷ്യയ്ക്ക് ബാധകമാകില്ല.

Summary: Why India abstained from voting on 'Russia resolution' in UN Security Council?, India's Permanent Representative TS Tirumurti explains

TAGS :

Next Story