ലഗേജ് നിറയെ പണം; രാജ്യം വിടാൻ ശ്രമിക്കവെ യുക്രൈൻ രാഷ്ട്രീയ നേതാവിന്റെ ഭാര്യ പിടിയിൽ
അഭയാർത്ഥികൾക്കു വേണ്ടി ഒരുക്കിയ വഴിയിലൂടെയാണ് ഇവർ രക്ഷപ്പെടാൻ ശ്രമം നടത്തിയത്
കിയവ്: ബാഗുകളിൽ നിറയെ പണവുമായി രാജ്യം വിടാൻ ശ്രമിക്കവെ യുക്രൈൻ എംപിയുടെ ഭാര്യ അതിർത്തിയിൽ പിടിയിൽ. മുൻ എംപി ഇഹോർ കോത്വിസ്‌കിയുടെ ഭാര്യ അനസ്തേഷ്യയാണ് ഹങ്കറിയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ സകര്‍പട്ട്യ പ്രവിശ്യയില്‍ പിടിയിലായത്. നിരവധി ബാഗുകളിൽനിന്നായി 28 മില്യൺ യുഎസ് ഡോളറാണ് (1.3 ദശളക്ഷം യൂറോ) ഇവരിൽ നിന്ന് കണ്ടെടുത്തതെന്ന് ബെലറൂസ് മാധ്യമമായ നെക്‌സ്റ്റ റിപ്പോർട്ടു ചെയ്യുന്നു.
ഇവർ കൂടെക്കൊണ്ടു പോയിരുന്ന ബാഗ്ഗേജിൽ നിറയെ പണം മാത്രമായിരുന്നു. അഭയാർത്ഥികൾക്കു വേണ്ടി ഒരുക്കിയ വഴിയിലൂടെയാണ് ഇവർ രക്ഷപ്പെടാൻ ശ്രമം നടത്തിയത്.
വാർത്തകൾ ഇഗോർ നിഷേധിച്ചു. ഗർഭിണിയായ ഭാര്യ കുഞ്ഞിന് ജന്മം നൽകാനാണ് ഹങ്കറിയിലേക്ക് പുറപ്പെട്ടത് എന്നും അദ്ദേഹം അവകാശപ്പെട്ടു. ഒരുകാലത്ത് യുക്രൈനിലെ ഏറ്റവും സമ്പന്നനായ പാർലമെന്റ് അംഗമായിരുന്നു ഇഗോർ. തന്റെ പണമെല്ലാം ബാങ്കിലുണ്ടെന്നും ഒന്നു പോലും പുറത്തുകൊണ്ടു പോയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
റഷ്യൻ അധിനിവേശത്തിന് ശേഷം യുക്രൈനിൽനിന്ന് 3.5 ദശലക്ഷം പേർ പലായനം ചെയ്തെന്നാണ് യുഎൻ കണക്കുകള്‍. രണ്ടാം ലോകമഹായുദ്ധ ശേഷമുള്ള ഏറ്റവും മോശം അഭയാർത്ഥി പ്രതിസന്ധിയാണ് യൂറോപ്പ് അനുഭവിക്കുന്നത്. പോളണ്ടിലേക്കാണ് ഏറ്റവും കൂടുതൽ കുടിയേറ്റം നടന്നത്-21 ലക്ഷം. റൊമാനിയയിലേക്ക് 5.4 ലക്ഷവും മൾഡോവയിലിലേക്ക് 3.6 ലക്ഷവും ആളുകൾ കുടിയേറി. യുദ്ധം മൂലം 6.5 ദശലക്ഷം പേർ ഭവനരഹിതരായി എന്നാണ് അന്താരാഷ്ട്ര കുടിയേറ്റ സംഘടന പറയുന്നത്.
Adjust Story Font
16