ലോസാഞ്ചലസിലെ തീപിടുത്തം; മരണം പത്തായി, രണ്ട് ലക്ഷത്തോളം പേരെ മാറ്റി താമസിപ്പിച്ചു
യുഎസ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാശനഷ്ടമാണ് തീപിടിത്തത്തിലുണ്ടായത്
വാഷിങ്ടൺ: അമേരിക്കയിലെ ലോസാഞ്ചലസിലെ തീപിടുത്തത്തിൽ മരണം പത്തായി. തീ ഇനിയും നിയന്ത്രണവിധേയമാക്കാനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഒരു ലക്ഷത്തി എൺപതിനായിരം പേരെ മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്. ഹോളിവുഡ് സിനിമാ ലോകത്തിന്റെ ആസ്ഥാനവും താരങ്ങളുടെ വീടുകളുമുള്ള ഹോളിവുഡ് ഹിൽസിലാണ് വൻതീപ്പിടുത്തം ഉണ്ടായത്.
യുഎസ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാശനഷ്ടമാണ് തീപിടിത്തത്തിലുണ്ടായത്. മുപ്പതിനായിരത്തോളം ഏക്കറിലാണ് തീപിടിത്തമുണ്ടായത്. ലോസാഞ്ചലസിലെ ആയിരത്തോളം വീടുകളും വ്യാപാര സ്ഥാപനങ്ങളും വാഹനങ്ങളും പൂർണമായി കത്തിനശിച്ചു.
ലോകത്തെ ഏറ്റവും വിലയേറിയ വീടുകളുള്ള പ്രദേശമാണ് ഹോളിവുഡ് ഹിൽസ്. പ്രമുഖ ഹോളിവുഡ് താരങ്ങളുടെ വീടുകളും അവധിക്കാല വസതികളും തീപിടുത്തത്തിൽ നശിച്ചിട്ടുണ്ട്. സാന്റാ മോണിക്ക, മലിബു പ്രദേശങ്ങൾക്കിടയിലുള്ള കുന്നുകളിലാണ് തീ ഏറ്റവും നാശം വിതച്ചത്. താരങ്ങളായ പാരിസ് ഹിൽട്ടൺ, ബില്ലി ക്രിസ്റ്റൽ, ജയിംസ് വുഡ്സ് എന്നിവരുടെ വീടുകൾ പൂർണമായി കത്തി നശിച്ചു. സ്റ്റീവൻ സ്പിൽബർഗ്, ബെൻ അഫ്ലേക്ക്, ടോം ഹാങ്ക്സ് എന്നിവരടക്കം വീടുപേക്ഷിച്ച് രക്ഷപ്പെട്ടു.
മാസങ്ങളായി മഴ ലഭിക്കാത്ത ഉണങ്ങി കിടക്കുന്ന പ്രദേശമായതിനാലും വരണ്ട കാറ്റ് ഉള്ളതിനാലും തീ കൂടുതൽ പ്രദേശത്തേക്കു വ്യാപിക്കുകയാണ്. തീ പൂർണമായും ശമിച്ച ശേഷം മാത്രമേ യഥാർഥ മരണനിരക്ക് അറിയാൻ കഴിയൂ. ദുരന്തമേഖലയെ സഹായിക്കാൻ അധിക ഫെഡറൽ ഫണ്ടുകളും വിഭവങ്ങളും പ്രസിഡർ്റ് ജോ ബൈഡൻ വാഗ്ദാനം ചെയ്തിട്ടുണ്ട്.
Adjust Story Font
16