ഭിന്നിക്കുന്ന ഇസ്രായേലി രാഷ്ട്രീയം; വെടിനിർത്തൽ കരാർ ഗസ്സയിൽ ശാശ്വത സമാധാനം കൊണ്ടുവരുമോ?
കഴിഞ്ഞ ഒന്നര വർഷമായി നെതന്യാഹു നഖശിഖാന്തം എതിർത്ത നിർദേശങ്ങൾക്കാണ് ഇന്ന് ഇസ്രായേൽ മന്ത്രിസഭാ അംഗീകാരം നൽകിയത്

ഗസ്സ സിറ്റി: ഗസ്സ വെടിനിർത്തൽ -ബന്ദി കൈമാറ്റ കരാറിന് ഒടുവിൽ ഇസ്രായേൽ അംഗീകാരം നൽകിയ വാർത്ത വലിയ പ്രതീക്ഷയോടെയാണ് ലോകം വരവേറ്റത്. ഗസ്സയിൽ 15 മാസം നീണ്ട ഇസ്രായേൽ ക്രൂരതകൾക്കാണ് അന്ത്യമാകാൻ പോകുന്നത്. ഹമാസിനെ ഉന്മൂലനം ചെയ്യാനെന്ന പേരിൽ ഗസ്സയിൽ അഴിച്ചുവിട്ട ആക്രമണങ്ങൾക്കൊടുവിൽ കാര്യമായ നേട്ടം ഉണ്ടാക്കാതെയാണ് നെതന്യാഹു ഭരണകൂടത്തിന്റെ പിന്മാറ്റം. ഒപ്പം, ഇസ്രായേലി രാഷ്ട്രീയത്തിൽ ഉടലെടുത്തിട്ടുള്ള ആഴത്തിലുള്ള ഭിന്നതകൾ കൂടി പുതിയ നീക്കങ്ങൾ കാണിക്കുന്നുണ്ടെന്നാണ് വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നത്. കരാറിന്റെ ആയുസ്സിനെ ബാധിക്കുന്ന തരത്തിലേക്ക് ഈ ഭിന്നതകൾ വളർന്നേക്കാമെന്നും അന്താരാഷ്ട്ര വിശകലന വിദഗ്ദർ കരുതുന്നുണ്ട്.
മൂന്ന് ഘട്ടമായി ഗസ്സയിലെ ഇസ്രായേൽ അതിക്രമങ്ങൾ അവസാനിപ്പിക്കുക എന്നതാണ് നിലവിലെ കരാറിന്റെ അടിസ്ഥാനം. എന്നാൽ ഇത് യുദ്ധത്തിന് ശാശ്വതമായ അന്ത്യം കുറിക്കില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. കഴിഞ്ഞ ഒന്നര വർഷമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നഖശിഖാന്തം എതിർത്ത നിർദേശങ്ങൾക്കാണ് ഇന്ന് ഇസ്രായേൽ മന്ത്രിസഭാ അംഗീകാരം നൽകിയത് എന്നത് ശ്രദ്ധേയമാണ്.
ബെഞ്ചമിൻ നെതന്യാഹു
“ഹമാസിൻ്റെ വ്യാമോഹപരമായ ആവശ്യങ്ങളൊന്നും ഞങ്ങൾ അംഗീകരിക്കില്ല. ഞാൻ ആൻ്റണി ബ്ലിങ്കനോട് പറഞ്ഞു, ഞങ്ങൾ സമ്പൂർണ്ണ വിജയത്തിന് അടുത്ത് എത്തിയിരിക്കുന്നു എന്ന്," കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഇസ്രായേൽ പ്രധാനമന്ത്രി വെടി നിർത്തൽ കരാറിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. പല ഘട്ടങ്ങളിലായുള്ള വെടിനിർത്തലും, ഇസ്രായേൽ സൈന്യത്തെ ഘട്ടംഘട്ടമായി പിൻവലിക്കലും, നൂറുകണക്കിന് ഫലസ്തീൻ തടവുകാരെ മോചിപ്പിക്കലും അടക്കമുള്ള നിർദേശങ്ങളെയാണ് ഇവിടെ നെതന്യാഹു തള്ളുന്നത്. എന്നാൽ ഇപ്പോൾ ഇസ്രായേൽ അംഗീകരിച്ചിരിക്കുന്ന കരാർ നിർദേശങ്ങളും ഇതിനോട് സമാനമാണെന്ന് കാണാം.
ഇസ്രായേൽ രാഷ്ട്രീയത്തിലെ വിള്ളലുകൾ
മുതിർന്ന നേതാക്കളെ അടക്കം നഷ്ടപ്പെട്ട്, ഹമാസ് നിഷേധിക്കാനാവാത്തവിധം ദുർബലമായെങ്കിലും, നെതന്യാഹു ദീർഘകാലം വാഗ്ദാനം ചെയ്ത സമ്പൂർണ വിജയം ഇസ്രായേൽ നേടിയിട്ടില്ലെന്ന് 15 മാസത്തെ ചരിത്രം പരിശോധിച്ചാൽ നമുക്ക് മനസിലാക്കാം. എന്നാൽ യുദ്ധം അവസാനിപ്പിക്കാനുള്ള നെതന്യാഹുവിന്റെ പുതിയ നീക്കത്തിൽ അദ്ദേഹത്തിന്റെ സഖ്യകക്ഷികൾ പലരും ആശയക്കുഴപ്പത്തിൽ ആയിരുന്നു. കരാറിൽ പ്രതിഷേധിച്ച് ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ ഇതിനോടകം തന്നെ സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നെതന്യാഹുവിനോട് സ്നേഹമുണ്ടെന്നും, എന്നാൽ കരാറിനോട് യോജിക്കാൻ ആവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ബെൻ ഗ്വിർ തീരുമാനം അറിയിച്ചത്. എന്നാൽ സുരക്ഷാ മന്ത്രിയുടെ നീക്കം നെതന്യാഹു സർക്കാരിനെ താഴെയിറക്കാൻ പര്യാപ്തമായിരിക്കില്ല.
ഇറ്റാമർ ബെൻ ഗ്വിർ
പക്ഷെ, ബെൻ ഗ്വിറിനൊപ്പം തീവ്ര വലതുപക്ഷ ദേശീയവാദി കൂടിയായ ധനമന്ത്രി ബെസാലെൽ സ്മോട്രിച്ച് കൂടിച്ചേർന്നാൽ സർക്കാരിനെ അട്ടിമറിക്കാൻ സാധിക്കും. ഗസ്സയിലെ സമാധാനം ശാശ്വതമല്ലെന്നും, 42 ദിവസത്തെ വെടിനിർത്തലിന് ശേഷം ഇസ്രായേൽ യുദ്ധത്തിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്മോട്രിച്ച് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ഇനി സ്മോട്രിച്ച് പിൻവാങ്ങാനാണ് തീരുമാനിക്കുന്നതെങ്കിൽ അത് നെതന്യാഹുവിന്റെ ഭരണസഖ്യത്തെ തകർക്കുകയും ചെയ്യും.
എന്നാൽ ഈ തകർച്ചയെ ഒഴിവാക്കാൻ നെതന്യാഹുവിന്റെ സഹായിക്കാൻ സാധിക്കുക അദ്ദേഹത്തിൻ്റെ എതിരാളി, പ്രതിപക്ഷമായ യെഷ് ആറ്റിഡ് പാർട്ടിയുടെ നേതാവ് യെയർ ലാപിഡിന് ആണ്. നെതന്യാഹുവിന് ഇതിനോടകം തന്നെ ലാപിഡ് പിന്തുണ വാഗ്ദാനം ചെയ്തിട്ടുമുണ്ട്. എന്നാൽ അതിനെയും മറ്റൊരു ഭീഷണിയാണ് നെതന്യാഹു കാണുന്നത്. പ്രതിപക്ഷത്തിന് അത്ര സുപ്രധാനമായ ഒരു ആയുധം നൽകുന്നത് നെതന്യാഹുവിന് എക്കാലത്തും ഭീഷണി സൃഷ്ടിക്കും. ഏത് നിമിഷവും പ്രതിപക്ഷത്തിന് സർക്കാരിനെ തകർക്കാനും തെരഞ്ഞെടുപ്പിലേക്ക് നയിക്കാനും സാധിക്കും.
ബെസാലെൽ സ്മോട്രിച്ച്
സ്മോട്രിച്ചിനെ ഒപ്പം നിർത്തുക എന്നതായിരിക്കും നെതന്യാഹുവിന്റെ പ്രഥമ പരിഗണന എന്നാണ് വിദഗ്‌ധരുടെ വിലയിരുത്തൽ. ഖത്തറിലെ വെടിനിർത്തൽ പ്രഖ്യാപനത്തിന് തൊട്ടുമുമ്പുള്ള മണിക്കൂറുകൾക്കുള്ളിൽ സ്മോട്രിച്ചുമായി രണ്ട് തവണ നെതന്യാഹു നടത്തിയ കൂടിക്കാഴ്ച ഇതിന് തെളിവാണ്. പിന്തുണ ഉറപ്പാക്കാൻ നെതന്യാഹു സ്മോട്രിച്ചിന് എന്തെങ്കിലും വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ടോ എന്നത് വ്യക്തമല്ല. ചർച്ചകൾ തുടരുന്നിടത്തോളം കാലം വെടിനിർത്തൽ തുടരുമെന്നാണ് കരാർ വ്യക്തമാക്കുന്നത്. എന്നാൽ 43 ആം ദിവസം യുദ്ധത്തിലേക്ക് മടങ്ങാനാണ് ഇസ്രായേലിന്റെ തീരുമാനമെങ്കിൽ കരാർ തകർന്നുവെന്നാണ് അർഥം. സ്മോട്രിച്ചിനായി നെതന്യാഹു മുൻപോട്ട് വെച്ച വാഗ്ദാനം അതാണെങ്കിൽ വെടി നിർത്തൽ കരാറിന്റെ ആയുസ്സ് എത്രയെന്ന് കണ്ടറിയേണ്ടി വരും.
അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അധികാരമേൽക്കുന്നത് സാഹചര്യത്തെ അനുകൂലമായി ബാധിച്ചേക്കുമെന്നും കരുതുന്നവരുണ്ട്. പ്രസിഡൻ്റ് ജോ ബൈഡൻ്റെ അഭിപ്രായങ്ങളെ അവഗണിക്കാൻ സാധിച്ചത് പോലെ ട്രംപിനെ അവഗണിക്കാൻ നെതന്യാഹുവിന്റെ സാധിച്ചെന്ന് വരില്ല. യുദ്ധങ്ങൾ അവസാനിപ്പിക്കുന്ന അമേരിക്കൻ പ്രസിഡൻ്റെന്ന പ്രതിച്ഛായ നിലനിർത്താൻ ശ്രമിക്കുന്ന ട്രംപ്, കരാറിൽ തുടരാൻ നെതന്യാഹുവിന്മേൽ സമ്മർദ്ദം ചെലുത്താനും സാധ്യത ഏറെയാണ്.
Adjust Story Font
16