ജീവിതച്ചെലവേറി; ഭർത്താവിനെ വാടകയ്ക്ക് നൽകി യുവതി
ഫേസ്ബുക്ക് വഴിയും ജനപ്രിയ ആപ്പായ നെക്സ്റ്റ് ഡോർ വഴിയും ബുക്കു ചെയ്യാം
ലണ്ടൻ: ജീവിതച്ചെലവ് ഏറിയാൽ നമ്മളെന്ത് ചെയ്യും? സാധാരണ ഗതിയിൽ ചെയ്യുന്ന ജോലിക്കൊപ്പം പാർട് ടൈം തൊഴിൽ കണ്ടെത്തുകയോ കൂടുതൽ വേതനമുള്ള ജോലി അന്വേഷിക്കുകയോ ചെയ്യും. എന്നാൽ തെക്കുകിഴക്കൻ ഇംഗ്ലണ്ടിലെ ബക്കിങ്ഹാംഷെയറിൽ താമസിക്കുന്ന ലോറ യങ് എന്ന യുവതി ചെയ്തത് മറ്റൊന്നാണ്. തന്റെ ഭർത്താവിനെ വാടകയ്ക്ക് നൽകി പണിയെടുപ്പിക്കുക എന്ന ആശയമാണ് ലോറ മുമ്പോട്ടുവച്ചത്.
ചുമ്മാ പറയുക മാത്രമല്ല, അതിനായി ഹെയർ മൈ ഹാൻഡി ഹബ്ബി എന്ന വെബ്‌സൈറ്റ് തന്നെ മൂന്നു മക്കളുടെ അമ്മയായ അവർ ആരംഭിച്ചു. ചെയ്യാൻ പറ്റുന്ന എല്ലാ വീട്ടുജോലിയും ഭർത്താവ് ജെയിംസ് ചെയ്യുമെന്നാണ് ലോറയുടെ വാഗ്ദാനമെന്ന് ദ മിറർ റിപ്പോർട്ടു ചെയ്യുന്നു.
ഡൈനിങ് ടേബിൾ നിർമാണം, കട്ടിലുകളുടെ നിർമാണം, കിച്ചൻ മേയ്ക്കിങ് തുടങ്ങിയവയിൽ വിദഗ്ധനാണ് ജെയിംസ്. പെയിന്റ്, ടൈലിങ്, കാർപറ്റ് വിരിക്കൽ, അലങ്കാരപ്പണി എന്നിവയിലും മിടുക്കനാണ്. വീട്ടിലും തോട്ടത്തിലും എല്ലാ കാര്യങ്ങൾക്കും അദ്ദേഹം മികച്ചതാണ്. ഈ കഴിവുകൾ എന്തുകൊണ്ട് മറ്റുള്ളവർക്ക് വാടകയ്ക്ക് നൽകിക്കൂടാ എന്നായിരുന്നു എന്റെ ചിന്ത- പുതിയ ആശയത്തെ കുറിച്ച് ലോറ പറയുന്നു.
ജെയിംസിന്റെ സേവനം വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്താൽ ലഭ്യമാകും. ഫേസ്ബുക്ക് വഴിയും ജനപ്രിയ ആപ്പായ നെക്സ്റ്റ് ഡോർ വഴിയും ബുക്കു ചെയ്യാം. 'ആളുകൾക്ക് താത്പര്യമുണ്ട്. ചെറിയ ജോലികൾ ചെയ്യാൻ തൊഴിലാളികൾക്ക് താത്പര്യമില്ല എന്ന് അവർ പറയുന്നു. ഈ ജോലികളൊക്കെ ചെയ്യാൻ ജെയിംസ് മിടുക്കനാണ്.' - അവർ കൂട്ടിച്ചേർത്തു.
നേരത്തെ പ്രദേശത്തെ വെയർഹൗസിൽ രാത്രികാല തൊഴിലാളിയായിരുന്നു ജെയിംസ്. മക്കളെ പരിപാലിക്കാനായി രണ്ടു വർഷം മുമ്പാണ് ജോലി ഉപേക്ഷിച്ചത്. ജോലിക്കൊപ്പം കോളജിൽ പോയി മോട്ടോർ മെക്കാനിക്ക് പഠിക്കുക എന്നതു കൂടി ജെയിംസിന്റെ ആഗ്രഹമായി നിലനിൽക്കുന്നു.
Adjust Story Font
16