'ഒരമ്മയുടെ കണ്ണീര്‍ വീണ ഡയറിത്താളുകള്‍'; ചൈനയിലെ ഒറ്റകുട്ടി നയത്തിന്റെ ഹൃദയഭേദകമായ കഥ പങ്കുവെച്ച് യുവതി
'ഒരമ്മയാകുന്നത് വരെ അതിന്റെ വേദന എന്താണെന്ന് എനിക്കറിയില്ലായിരുന്നു';
ബീജിങ്: ജനസംഖ്യ നിയന്ത്രിക്കാൻ 1980-കളിലാണ് ചൈന ഒറ്റക്കുട്ടി നയം നടപ്പാക്കിയത്. രക്ഷിതാക്കൾക്ക് ഒന്നിലധികം കുട്ടികൾ ഉണ്ടെന്ന് കണ്ടെത്തിയാൽ സിവിൽ സർവീസുകാർ, സർക്കാർ ജീവനക്കാർ, യൂണിവേഴ്‌സിറ്റി ജീവനക്കാർ എന്നിവർക്ക് അവരുടെ ജോലി വരെ നഷ്ടപ്പെടുമായിരുന്നു. മാതാപിതാക്കൾ പിഴയടച്ചില്ലെങ്കിൽ രണ്ടാമത്തെ കുട്ടികളെ പൗരരേഖകളിൽ നിന്ന് നീക്കുകയും ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹിക സേവനങ്ങൾ തടയുകയും ചെയ്യുന്ന കർശന നിയമമായിരുന്നു ഇത്. ആ നയം അന്നത്തെ ചൈനീസ് കുടുംബങ്ങളെ എത്രത്തോളും ആഴത്തിൽ ബാധിച്ചുവെന്ന് തെളിയിക്കുന്ന ഒരു ഡയറിക്കുറിപ്പാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്.
ഒറ്റക്കുട്ടി നയത്തിന്റെ പേരിൽ രണ്ട് മാസം പ്രായമുള്ള മകളെ ബന്ധുവിന് അയച്ചുകൊടുക്കാൻ നിർബന്ധിതയായ അമ്മയുടെ ഹൃദയഭേദകമായ കഥ അവരുടെ മകളാണ് അടുത്തിടെ ട്വിറ്ററിൽ പങ്കുവെച്ചത്. യുകെയിലെ ഡർഹാം യൂണിവേഴ്സിറ്റിയിലെ ഇന്റർനാഷണൽ റിലേഷൻസ് അസിസ്റ്റന്റ് പ്രൊഫസറായ ഡോ ചെൻചെൻ ഷാങ് ആണ് സ്വന്തം അമ്മയുടെ കണ്ണീരുവീണ ഡയറിക്കുറിപ്പ് പങ്കുവെച്ചത്.
'ഏകദേശം 34 വർഷം മുമ്പ്, തന്റെ 2 മാസം പ്രായമുള്ള മകളെ തന്റെയരികിൽ നിന്ന് മാറ്റിനിർത്തിയ ദിവസം അമ്മ എഴുതിയ കുറിപ്പാണിത്. ഒറ്റക്കുട്ടി നിയമത്തെ പേടിച്ച് രണ്ടാമത്തെ മകളെ തന്റെ മുത്തശ്ശിയുടെ അടുത്തേക്കാണ് മാറ്റിയത്. അന്നെനിക്ക് പ്രായം ഒന്നരവയസാണ്. അന്നൊന്നും ആ വേദന എന്തെന്ന് എനിക്ക് പൂർണമായും മനസിലാക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ഞാനൊരു അമ്മയായപ്പോഴാണ് അന്ന് എന്റെ അമ്മ അനുഭവിച്ച മാനസിക സംഘർഷം എത്രത്തോളമുണ്ടെന്ന് ഞാൻ മനസിലാക്കിയതെന്നും' ട്വീറ്റിൽ പറയുന്നു.
'സഹോദരിയെ മുത്തശ്ശിയെ ഏൽപ്പിക്കുന്നതിന് മുമ്പ് അമ്മ 'ഒരിക്കൽ കൂടി , ജീവിതത്തിൽ അവസാനമായി' അവൾക്ക് മുലയൂട്ടി. എന്താണ് നടക്കുന്നതെന്നറിയാതെ ഞാനും നിർത്താതെ കരുഞ്ഞു. സഹോദരിക്ക് അഞ്ചോ ആറോ വയസ്സുള്ളപ്പോൾ അവൾ ഞങ്ങളുടെ അടുത്തേക്ക് തിരിച്ചെത്തി. എന്നാൽ ആ വേദന ജീവിതകാലം മുഴുവൻ ഞങ്ങളെ വേട്ടയാടുമെന്നും' യുവതി ട്വീറ്റ് ചെയ്തു.
'ഡയറിയുടെ രണ്ടാമത്തെ പേജ് മുഴുവൻ അമ്മയുടെ കണ്ണീരാണ്. മുപ്പത് വർഷം മുമ്പുള്ള കണ്ണീർനിറഞ്ഞ ജീവിതം. എന്റെ കുടുംബത്തിേെന്റത് മറ്റ് ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ കഥകളിൽ മാത്രമാണ്, അതിലും മോശമായ ഹൃദയഭേദകമായ കഥകൾ നിരവധിയുണ്ടാകും. .ഒറ്റക്കുട്ടി നയവുമായി ബന്ധപ്പെട്ട് ഓർമ്മകൾ സൂക്ഷിക്കാൻ ഒരു മ്യൂസിയം ഉണ്ടാക്കുന്നുണ്ടെങ്കിൽ അവിടെയാണ് എന്റെ അമ്മയുടെ ഡയറി സൂക്ഷിക്കുക..'അവൾ ട്വീറ്റ് ചെയ്തു.
നിമിഷ നേരം കൊണ്ടാണ് ട്വീറ്റ് വൈറലായത്. ആയിരക്കണക്കിന് പേരാണ് ട്വീറ്റിന് താഴെ കമന്റിട്ടിരിക്കുന്നത്. പലരും സ്വന്തം അനുഭവങ്ങൾ പങ്കുവെച്ചു.
'മൂന്നാമത്തെ കുട്ടിയായിട്ടും എന്നെ കുടുംബം ദൂരെ അയച്ചില്ല.എ്‌നാൽ അതിന്റെ പിഴ എന്റെ കുടുംബത്തെ ദരിദ്രരാക്കി. ചൈനയിലെ ഓരോ കുടുംബത്തിനും ഇതുമായി ബന്ധപ്പെട്ട നിരവധി കഥ പറയാനുണ്ടാകും'...ഒരാൾ കമന്റ് ചെയ്തു.
''ഇങ്ങനെയൊന്ന് സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്നായിരുന്നു ഒരാളുടെ കമന്റ്. മനുഷ്യത്വരഹിതമായ ഒറ്റക്കുട്ടി നയം, അതിന്റെ ആഘാതം ഇന്നും ചൈനയിലെ കുടുംബങ്ങൾ അനുഭവിക്കുന്നെന്ന് മറ്റൊരാൾ കമന്റ് ചെയ്തു.
Adjust Story Font
16