സംസ്കാരചടങ്ങുകള്‍ക്കിടെ ശവപ്പെട്ടിയിൽ മുട്ടി ജീവിതത്തിലേക്ക്; ഒടുവിൽ ബെല്ല മരണത്തിന് കീഴടങ്ങി
ഏഴുദിവസം ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ബെല്ല മോണ്ടോയ
ഇക്വഡോർ: സംസ്‌കാരചടങ്ങിനിടെ ശവപ്പെട്ടിയിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന ബെല്ല മോണ്ടയെ ആരും മറന്നുകാണില്ല. ലോകത്തെ മുഴുവൻ അമ്പരപ്പിച്ച ഉയിർത്തെഴുന്നേൽപ്പായിരുന്നു ആ 76 കാരിയുടേത്. എന്നാലിതാ ബെല്ല വീണ്ടും മരണത്തിന് കീഴടങ്ങിയെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ബെല്ലോ ഏഴ് ദിവസത്തെ തീവ്രപരിചരണത്തിന് ശേഷം മരിക്കുകയായിരുന്നെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
സംസ്‌കാര ചടങ്ങുകൾ നടക്കുന്നതിനിടെയാണ് ശവപ്പെട്ടിയിൽ നിന്ന് ബന്ധുക്കൾ അസാധാരണമായ മുട്ട് കേട്ടത്. പെട്ടി തുറന്നപ്പോഴാണ് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്ന ബെല്ല മോണ്ടയെ ബന്ധുക്കൾ കണ്ടത്. ജീവൻ ഉണ്ടെന്ന് മനസിലായ ബെല്ലയെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഏഴ് ദിവസത്തെ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞതിന് ശേഷമാണ് ബെല്ല മൊണ്ടോയയ്ക്ക് പക്ഷാഘാതം ഉണ്ടായതെന്ന് ഇക്വഡോർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആശുപത്രിയിൽ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നെന്നും ആരോഗ്യമന്ത്രാലായത്തിന്റെ പ്രസ്താവനയിൽ പറയുന്നു. അമ്മ ഇത്തവണ ശരിക്കും വിടപറഞ്ഞെന്ന് മകൻ ഗിൽബർട്ട് ബാർബെറ ഒരു പ്രാദേശിക പത്രത്തോട് പ്രതികരിച്ചു. ഇനി എന്റെ ജീവിതം പഴയതുപോലെയാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇക്വഡോറിലെ ബാബാഹോയോ നഗരത്തിലെ ആശുപത്രിയിൽ പക്ഷാഘാതത്തെ തുടർന്നാണ് ബെല്ലയെ ആദ്യത്തെ തവണ പ്രവേശിപ്പിച്ചത്. ചികിത്സക്കിടെ ഹൃദയാഘാതം മൂലം മരിച്ചെന്ന് ഡോക്ടർമാർ അറിയിച്ചു. 'കാർഡിയോസ്പിറേറ്ററി അറസ്റ്റ്' എന്ന് രേഖപ്പെടുത്തിയ മരണ സർട്ടിഫിക്കറ്റ് പോലും മെഡിക്കൽ എക്സാമിനർ നൽകിയതോടെ നാലുമണിക്കൂറിന് ശേഷം ബെല്ലയുടെ സംസ്കാരം നടത്തുകയായിരുന്നു. ബെല്ല ജീവിതത്തിലേക്ക് തിരികെ വരുന്നതിന്‍റെ സന്തോഷത്തിലായിരുന്നു കുടുംബം മുഴുവന്‍. എന്നാല്‍ അവരെയെല്ലാം ദുഖത്തിലാഴ്ത്തിയാണ് ബെല്ല വീണ്ടും മരണത്തിന് കീഴടങ്ങിയത്.
Adjust Story Font
16