Quantcast

അൽ മവാസി അഭയാർഥി ക്യാമ്പിലെ കൂട്ടക്കുരുതി: ഇസ്രായേലിനെതിരെ ലോകരാജ്യങ്ങൾ

90 പേർ കൊല്ലപ്പെടുകയും മുന്നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു

MediaOne Logo

Web Desk

  • Published:

    14 July 2024 1:32 AM GMT

al mawasi camp massacre
X

ഗസ്സ സിറ്റി: ഖാൻ യൂനിസിന് പടിഞ്ഞാറ് അൽ-മവാസി അഭയാർഥി ക്യാമ്പിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 90 പേർ കൊല്ലപ്പെട്ടു.മുന്നൂറിലേറെ പേർക്ക്​ പരിക്കേറ്റു.

യുദ്ധ വിമാനങ്ങളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ഇസ്രായേൽ ആക്രമണം നടത്തിയത്. സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകരെയും ഇസ്രായേൽ സേന വെറുതെ വിട്ടില്ല. കൊല്ലപ്പെട്ട 90 പേരിൽ ഭൂരിഭാഗവും സ്​ത്രീകളും കുട്ടികളുമാണ്​. പരിക്കേറ്റവർക്ക്​ ആശുപത്രികളിൽ ആവശ്യമായ ചികിൽസ പോലും നൽകാൻ കഴിയുന്നില്ലെന്ന്​ ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഹമാസിന്‍റെ മുതിർന്ന സൈനിക കമാൻഡർ മുഹമ്മദ് ദൈഫിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ സൈന്യം അവകാശപ്പെടുന്നത്. എന്നാൽ, ഇതു തെറ്റാണെന്നും സാധാരണക്കാർക്കുനേരെയാണ് ഇസ്രായേലിന്റെ ആക്രമണമെന്നും ഹമാസ് പ്രതികരിച്ചു.

ആക്രമണത്തെ തുടർന്നുള്ള​ പ്രദേശത്തെ ദൃശ്യങ്ങൾ അങ്ങേയറ്റം ഹൃദയഭേദകമാണെന്ന്​ അൽജസീറ റിപ്പോർട്ട്​ ചെയ്​തു. ആക്രമണത്തിന്​ അമേരിക്കൻ നിർമിത മിസൈൽ ഇസ്രായേൽ ഉപയോഗിച്ചതായി സി.എൻ.എൻ ചാനൽ റിപ്പോർട്ട്​ ചെയ്​തു. അൽ മവാസി ആക്രമണ വാർത്തകൾ ഞെട്ടിക്കുന്നതാണെന്ന്​ ബ്രിട്ടൻ പ്രതികരിച്ചു.

അന്തർദേശീയ സമൂഹം ശക്​തമായി രംഗത്തിറങ്ങിയില്ലെങ്കിൽ ഗസ്സയിലും പുറത്തും ആപൽക്കരമായ സാഹചര്യമാകും രൂപപ്പെടുകയെന്ന്​ ഖത്തർ മുന്നറിയിപ്പ്​ നൽകി. മാരകശേഷിയുളള ബോംബുകളാണ്​​ ഇസ്രായേൽ സൈന്യം ഗസ്സയിൽ ഉപയോഗിക്കുന്നതെന്ന്​ യു.എൻ മനുഷ്യാവകാശ സമിതി കുറ്റപ്പെടുത്തി.

വെടിനിർത്തൽ ചർച്ചക്ക്​ തുരങ്കം വെക്കാനുള്ള ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നീക്കമാണ്​ പുതിയ കൂട്ടക്കുരുതികൾക്ക്​ പിന്നി​ലെന്ന്​ ഹമാസ്​ നേതാവ്​ ഖലീൽ അൽ ഹയ്യ പറഞ്ഞു. എന്നാൽ, മുഹമ്മദ്​ ദൈഫ്​ ഉൾപ്പെടെ ഹമാസ്​ നേതാക്കളെ വധിക്കാനുള്ള നീക്കം തുടരുമെന്ന്​ നെതന്യാഹു പ്രതികരിച്ചു.

ഫലസ്​തീൻ ജനതയുടെ സുരക്ഷ ഉറപ്പുവരുത്താൻ ഇസ്രായേലിനെതിരായ നടപടി കടുപ്പിക്കുമെന്ന്​ യെമനിലെ ഹൂതികൾ മുന്നറിയിപ്പ് നൽകി​. ഇസ്രായേൽ കേന്ദ്രങ്ങൾക്കു നേരെ ഹിസ്ബുല്ല 15 മിസൈലുകളയച്ചു. ഹമാസുമായി വെടിനിർത്തൽ കരാർ ഉടൻ വേണമെന്നാവശ്യ​പ്പെട്ട്​ തെൽ അവീവിൽ നിന്ന്​ ജറൂസലമിലേക്ക് പതിനായിരങ്ങൾ അണിനിരന്ന മാർച്ച്​ നെതന്യാഹു സർക്കാറിനുള്ള താക്കീതായി മാറി.

TAGS :

Next Story