Quantcast

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം എട്ടാം വര്‍ഷവും ഫിന്‍ലാന്‍ഡ്; പട്ടികയില്‍ ഇന്ത്യ 118-ാമത്

ഒന്ന് മുതല്‍ 10 വരെയുള്ള സ്‌കെയിലില്‍ 7.74 എന്ന പോയിന്‍റുമായാണ് ഫിന്‍ലാൻഡ് ഒന്നാം സ്ഥാനത്തെത്തിയത്

MediaOne Logo

Web Desk

  • Published:

    21 March 2025 4:54 AM

finaland people
X

ലണ്ടൻ: തുടര്‍ച്ചയായ എട്ടാം വര്‍ഷവും ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി ഫിൻലാൻഡ്. ഓക്‌സ്‌ഫോർഡ് സർവകലാശാലയിലെ വെൽബീയിംഗ് റിസർച്ച് സെന്‍റര്‍, ഗാലപ്പ്, യുഎൻ സസ്റ്റൈനബിൾ ഡെവലപ്‌മെന്‍റ് സൊല്യൂഷൻസ് നെറ്റ്‌വർക്ക്, ഒരു സ്വതന്ത്ര എഡിറ്റോറിയൽ ബോർഡ് എന്നിവയുമായി സഹകരിച്ച് വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ദി വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിലാണ് ഫിൻലാൻഡ് ഒന്നാമതായി ഇടംപിടിച്ചത്. 147 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 118-ാം സ്ഥാനത്താണ്.

ഒന്ന് മുതല്‍ 10 വരെയുള്ള സ്‌കെയിലില്‍ 7.74 എന്ന പോയിന്‍റുമായാണ് ഫിന്‍ലാൻഡ് ഒന്നാം സ്ഥാനത്തെത്തിയത്.അതേസമയം ഇതുവരെയുള്ള ഏറ്റവും താഴ്ന്ന റാങ്കിംഗാണ് അമേരിക്ക രേഖപ്പെടുത്തിയത്. 24ാം സ്ഥാനത്താണ് അമേരിക്ക. അമേരിക്കയിലേക്ക് അനധികൃതമായി പതിനായിരക്കണക്കിന് ആളുകള്‍ കുടിയേറുന്നതിനുള്ള കവാടമായി ഉപയോഗിക്കുന്ന മെക്‌സിക്കോ സൂചികയിലെ ആദ്യ പത്തില്‍ ഇടം നേടിയിട്ടുണ്ട് എന്നതാണ് കൗതുകം. 2012ൽ ഇന്ത്യയുടെ റാങ്കിങ് 144 ആയിരുന്നു. 2022ൽ നില മെച്ചപ്പെടുത്തി 94ൽ എത്തിയിരുന്നു. ഉയർന്ന ജനസംഖ്യ, സമൂഹ കേന്ദ്രീകൃത സംസ്കാരം, കൂട്ടുകുടുംബം എന്നിവ കാരണം ഇന്ത്യ സാമൂഹിക പിന്തുണയുടെ കാര്യത്തിൽ ഉയർന്ന സ്ഥാനത്താണ്. എന്നാൽ സ്വാതന്ത്ര്യത്തിന്‍റെ കാര്യത്തിൽ പിന്നിലാണ്.

140ല്‍ അധികം രാജ്യങ്ങളില്‍ നിന്നുള്ള ഡേറ്റയെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് നടത്തിയിരിക്കുന്നത്. ആളോഹരി ജിഡിപി, സോഷ്യല്‍ സപ്പോര്‍ട്ട്, ആളുകളുടെ ആരോഗ്യവും ആയുര്‍ദൈര്‍ഘ്യവും, സ്വാതന്ത്ര്യം, അഴിമതിയെ കുറിച്ചുള്ള ധാരണകള്‍ തുടങ്ങിയ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയത്.

അഫ്ഗാനിസ്ഥാനാണ് പട്ടികയില്‍ ഏറ്റവും ഒടുവില്‍(147) ഇടം പിടിച്ച രാജ്യം. സിയേറ ലിയോണ്‍, ലെബനന്‍, മലാവി, സിംബാവെ തുടങ്ങിയ രാജ്യങ്ങളാണ് ഹാപ്പിനസ് ഇന്‍ഡക്‌സ് അനുസരിച്ച് ഏറ്റവും പിന്നിലുള്ള മറ്റ് രാജ്യങ്ങള്‍. ഇന്ത്യയുടെ അയൽരാജ്യങ്ങളായ ശ്രീലങ്ക 133-ാം സ്ഥാനത്തും ബംഗ്ലാദേശ് 134-ാം സ്ഥാനത്തും പാകിസ്താൻ 109-ാം സ്ഥാനത്തും നേപ്പാൾ 92-ാം സ്ഥാനത്തും ചൈന 68-ാം സ്ഥാനത്തുമാണ്. പാശ്ചാത്യ രാജ്യങ്ങൾ ആദ്യ 20 സ്ഥാനങ്ങളിൽ ഇടം പിടിച്ചപ്പോൾ കോസ്റ്റാറിക്കയും മെക്സിക്കോയും ആദ്യമായി ആദ്യ പത്തിൽ ഇടം നേടി, യഥാക്രമം 6, 10 സ്ഥാനങ്ങൾ നേടി.

TAGS :

Next Story