ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയ്ക്ക് അന്ത്യാഞ്ജലിയർപ്പിച്ച് ലോകം
ലോകമെമ്പാടുമുള്ള പുരോഹിതന്മാരും ചില രാഷ്ട്രത്തലവന്മാരും ആയിരക്കണക്കിന് വിശ്വാസികളും ബെനഡിക്ട് പതിനാറാമന് അന്ത്യാഞ്ജലിയർപ്പിച്ചു
വത്തിക്കാൻ സിറ്റി: ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് ലോകം. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ സംസ്‌കാര ചടങ്ങുകൾ പുരോഗമിക്കുകയാണ്. ഫ്രാൻസിസ് മാർപ്പാപ്പയാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്.
കാൽമുട്ടിന് അസുഖം ബാധിച്ച ഫ്രാൻസിസ് മാർപ്പാപ്പ ചടങ്ങുകൾക്ക് നേതൃത്വം നൽകാൻ വീൽചെയറിലാണ് എത്തിയത്. ലോകമെമ്പാടുമുള്ള പുരോഹിതന്മാരും രാഷ്ട്രത്തലവന്മാരും ആയിരക്കണക്കിന് വിശ്വാസികളും ബെനഡിക്ട് പതിനാറാമന് അന്ത്യാഞ്ജലിയർപ്പിച്ചു. സ്ഥലത്ത് 1,000-ലധികം ഇറ്റാലിയൻ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ചിട്ടുണ്ട്. കുർബാന അർപ്പിച്ചത് കർദിനാൾ തിരുസംഘത്തിന്റെ ഡീനായ കർദിനാൾ ജൊവാന്നി ബത്തിസ്ത റെയാണ്. 95-ാം വയസ്സിൽ വത്തിക്കാൻ ഗാർഡനിലെ ആശ്രമത്തിൽവെച്ചാണ് ബെനഡിക്ട് പതിനാറാമൻ അന്തരിച്ചത്.
ഇറ്റലി, ജർമനി, പോളണ്ട്, പോർച്ചുഗൽ, ഹംഗറി, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളുടെ ഭരണാധികാരികളും സ്‌പെയിനിലെ സോഫിയാ രാജ്ഞിയും ബൽജിയത്തിലെ ഫിലിപ്പ് രാജാവും സംസ്‌കാരച്ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തി. കത്തോലിക്കാ സഭകളുടെ തലവന്മാരും എല്ലാ ക്രൈസ്തവസഭകളിലെയും പ്രതിനിധികളും ബെനഡിക്ട് മാർപാപ്പയുടെ കുടുംബാംഗങ്ങളും സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു.
കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ, സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സിബിസിഐ പ്രസിഡന്റ് ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണിക്കുളങ്ങര, യൂറോപ്പിലെ അപ്പസ്‌തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത് തുടങ്ങിയവർ വത്തിക്കാനിലെത്തി അന്തിമോപചാരമർപ്പിച്ചു.
Adjust Story Font
16