Quantcast

വിദേശജോലി സ്വപ്‌നം കാണുന്നവരേ, ഇതിലേ.. ഇതിലേ..; ലോകത്തെ ഏറ്റവും സന്തുഷ്ടരാജ്യം നിങ്ങളെ കാത്തിരിക്കുന്നു

രൂക്ഷമായ തൊഴിലാളിക്ഷാമമാണ് ഫിൻലൻഡ് ഇപ്പോൾ നേരിടുന്നത്. ജനസംഖ്യയുടെ വലിയൊരു ഭാഗവും വൃദ്ധതലമുറയാണ്. ജനസംഖ്യാ വളർച്ചയും മന്ദഗതിയിലാണ്. അതിനാൽ, വലിയ തോതിലുള്ള വിദേശ തൊഴിലാളികളെയാണ് ഫിൻലൻഡ് കാത്തിരിക്കുന്നത്

MediaOne Logo

Shaheer

  • Published:

    22 Jun 2021 11:52 AM GMT

വിദേശജോലി സ്വപ്‌നം കാണുന്നവരേ, ഇതിലേ.. ഇതിലേ..; ലോകത്തെ ഏറ്റവും സന്തുഷ്ടരാജ്യം നിങ്ങളെ കാത്തിരിക്കുന്നു
X

വർഷങ്ങളായി യുഎന്നിന്റെ ആഗോള സന്തോഷ നിലവാരപ്പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യമാണ് ഫിൻലൻഡ്. ജീവിതനിലവാരം, വ്യക്തി സ്വാതന്ത്ര്യം, ലിംഗനീതി തുടങ്ങി രാജ്യാന്തര സന്തോഷ നിലവാര മാനദണ്ഡങ്ങളിലെല്ലാം ഏറെ മുൻപിലാണ് രാജ്യം. അഴിമതിയും കുറ്റകൃത്യങ്ങളും മലിനീകരണ പ്രശ്‌നങ്ങളുമെല്ലാം വളരെ കുറവ്. അതൊക്കെത്തന്നെയാണ് ഫിൻലൻഡിനെ ഏറ്റവും സന്തോഷമുള്ള രാജ്യമാക്കുന്നതും.

എന്നാൽ, ഒരു കാര്യത്തിൽ ഫിൻലൻഡുകാർ ഇപ്പോൾ സന്തുഷ്ടരല്ല; പ്രത്യേകിച്ചും ഫിൻലൻഡിലെ തൊഴിൽരംഗം. മന്ദഗതിയിലുള്ള ജനസംഖ്യാ വളർച്ചയും വലിയ തോതിലുള്ള വൃദ്ധതലമുറയുമാണ് ഈ രാജ്യത്തിന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ആശങ്ക. ഈ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പല യൂറോപ്യൻ രാജ്യങ്ങളിൽനിന്നും വ്യത്യസ്തമായി കുടിയേറ്റക്കാർക്ക് വാതിൽതുറന്നു കാത്തിരിക്കുകയാണ് ഫിൻലൻഡ്.

രൂക്ഷമായ തൊഴിലാളിക്ഷാമമാണ് ഫിൻലൻഡ് ഇപ്പോൾ നേരിടുന്നത്. ജനസംഖ്യയുടെ വലിയൊരു ഭാഗം വരുന്ന വൃദ്ധതലമുറയുടെ ചെലവ് കണ്ടെത്താൻ വലിയ തോതിലുള്ള വിദേശ തൊഴിലാളികൾ ഫിൻലൻഡിന് ആവശ്യമുണ്ട്. ജനസംഖ്യാ വളർച്ചയിലെ ഈ മന്ദഗതി കാരണമുള്ള പ്രശ്‌നങ്ങൾ നേരിടുന്ന നിരവധി യൂറോപ്യൻ രാജ്യങ്ങളുണ്ട്. ഇക്കൂട്ടത്തിൽ മുന്നിലാണ് ഫിൻലൻഡ്.


എന്താണ് ഫിൻലൻഡിന്റെ പ്രശ്‌നം?

55.2 ലക്ഷമാണ് ഫിൻലൻഡിന്റെ ജനസംഖ്യ. എന്നാൽ, 0.1 ശതമാനമാണ് രാജ്യത്തെ ജനസംഖ്യാ വളർച്ചാ നിരക്ക്. ഇതു തന്നെയാണ് ഫിൻലൻഡ് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നവും. 43.1 ആണ് ഇവിടത്തെ ഇടത്തരം പ്രായം. ജനസംഖ്യാ വളർച്ചയിൽ വളരെ പിറകിലാണ് രാജ്യം.

39.2 ആണ് നിലവിലെ വാർധക്യ ആശ്രിത അനുപാതം. ഇത് 2030 ആകുമ്പോഴേക്കും 47.5 ആയി ഉയരുമെന്ന് ഫിന്നിഷ് ഭരണകൂടം ഭയക്കുന്നു. യുഎൻ റിപ്പോർട്ടിൽ ഏറ്റവും കൂടുതൽ വയോധിക ജനസംഖ്യയുടെ രാജ്യങ്ങളുടെ പട്ടികയിൽ ജപ്പാനു പിറകെ രണ്ടാം സ്ഥാനത്താണ് ഫിൻലൻഡ്.

കുടിയേറ്റക്കാർക്ക് സ്വാഗതം

കുടിയേറ്റ ജനസംഖ്യ കൂട്ടി രാജ്യത്തെ ജനസംഖ്യാ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് ഫിൻലൻഡ് ഭരണകൂടം ലക്ഷ്യമിടുന്നത്. പ്രതിവർഷം 20,000-30,000 എന്ന തോതിൽ കുടിയേറ്റ നില ഉയർത്തിക്കൊണ്ട് വന്ന് പൊതു-സ്വകാര്യ തൊഴിൽ മേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കാമെന്ന് ഭരണകൂടം കണക്കുകൂട്ടുന്നു. അതുവഴി പെൻഷൻ ബാധ്യത കുറയ്ക്കാനാകുമെന്നും കരുതുന്നു.


വിദഗ്ധരായ കുടിയേറ്റക്കാരെ ആകർഷിക്കാനായി നേരത്തെ തന്നെ സർക്കാർ ടാലന്റ് ബൂസ്റ്റ് എന്ന പേരിലുള്ള റിക്രൂട്ടിങ് പരിപാടികളും തുടങ്ങിയിട്ടുണ്ട്. നാലു വർഷത്തോളമായി ഇതു നടന്നുവരുന്നുണ്ടെങ്കിലും വേണ്ടത്ര ഫലപ്രദമല്ലെന്നാണ് ഭരണകൂടത്തിന്റെ വിലയിരുത്തൽ. സ്‌പെയിനിൽനിന്നുള്ള ആരോഗ്യ പ്രവർത്തകർ, സ്ലോവാക്യയിൽനിന്നുള്ള മെറ്റൽ തൊഴിലാളികൾ, റഷ്യയിൽനിന്നും ഇന്ത്യയിൽനിന്നും മറ്റ് തെക്കുകിഴക്കനേഷ്യൻ രാജ്യങ്ങളിൽനിന്നുമുള്ള ഐടി, സമുദ്ര തൊഴിൽ വിദഗ്ധരെയുമാണ് ഫിൻലൻഡ് കമ്പനികളും സർക്കാരും ലക്ഷ്യമിടുന്നത്.

കുടിയേറ്റക്കാർ ഭയക്കുന്നത്

ഫിൻലൻഡിലെ നിത്യോപയോഗ വസ്തുക്കൾക്കടക്കമുള്ള അമിതവില കുടിയേറ്റക്കാരെ ഇങ്ങോട്ട് ആകർഷിക്കുന്നതിൽനിന്നു തടയുന്ന പ്രധാന പ്രശ്‌നമാണ്. ഇതോടൊപ്പം കടുത്ത തണുപ്പുള്ള കാലാവസ്ഥയും പലർക്കും സഹിക്കാനാകുന്നതല്ല. ഒരു കണക്കു പ്രകാരം ഫിൻലൻഡിലെ പടിഞ്ഞാറൻ നഗരമായ വാസയിൽ ജോലിക്കെത്തിയ എട്ട് സ്പാനിഷ് നഴ്‌സുമാരിൽ അഞ്ചുപേരും ജോലി ഉപേക്ഷിച്ചു നാട്ടിലേക്കു മടങ്ങിയിരുന്നു. ഇവിടത്തെ പ്രതികൂലാവസ്ഥകൾ തന്നെയാണ് ഇതിനു കാരണം.

സങ്കീർണമായ ഫിന്നിഷ് ഭാഷ മറ്റൊരു പ്രതിബന്ധമാണ്. യൂറോപിൽ പഠിച്ചെടുക്കാൻ പ്രയാസമുള്ള ഏറ്റവും സങ്കീർണ ഭാഷകളിലൊന്നാണ് ഫിന്നിഷ്. പല സ്വദേശ കമ്പനികളിലും ഫിന്നിഷ് ഭാഷ കർക്കശമാണ്. ഭാഷ വെറുതെ അറിഞ്ഞാൽ പോര, വിദഗ്ധനുമായിരിക്കണമെന്നാണ് പല കമ്പനികളും മുന്നോട്ടുവയ്ക്കുന്ന നിബന്ധനകൾ.


മറ്റ് യൂറോപ്യൻ രാജ്യങ്ങളെപ്പോലെ തന്നെ കുടിയേറ്റ വിരുദ്ധ മനോഭാവം ഇവിടത്തുകാർക്കിടയിലും നിലനിൽക്കുന്നുണ്ട്. വിദേശികളെ തങ്ങളുടെ സ്ഥാപനങ്ങളിൽ നിയമിക്കാൻ പലർക്കും മടിയുണ്ട്. പ്രതിപക്ഷത്തുള്ള തീവ്രവലതുപക്ഷ, കുടിയേറ്റ വിരുദ്ധ കക്ഷിയായ ഫിൻസ് പാർട്ടിക്ക് തെരഞ്ഞെടുപ്പിൽ വലിയ തോതിലുള്ള ജനകീയ പിന്തുണയും ലഭിക്കാറുണ്ട്. മുസ്ലിം കുടിയേറ്റക്കാരോട് പ്രത്യേക വിവേചനം ഇവിടത്തുകാർക്കിടയിൽ നിലനിൽക്കുന്നുണ്ടെന്ന് വാർത്താ ഏജൻസിയായ എഎഫ്പിയുടെ ഒരു റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ, ഇത്തരം പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരം കണ്ടെത്തി ഏഷ്യയിൽനിന്നടക്കം കൂടുതൽ പ്രതിഭകളെ ആകർഷിക്കാനാണ് ഫിൻലൻഡ് ഭരണകൂടം പദ്ധതിയിടുന്നത്. നാടിന്റെ പ്രതിച്ഛായ കൂട്ടാനായി അന്താരാഷ്ട്ര പിആർ കമ്പനികളുടെ സഹായവും ഭരണകൂടം തേടിയിട്ടുണ്ട്.

TAGS :

Next Story