പരിക്ക് നിസ്സാരമല്ല! ഇസ്രായേൽ പുറത്തുവിട്ടതല്ല പരിക്കേറ്റ സൈനികരുടെ യഥാർത്ഥ കണക്കെന്ന് 'ഹാരെറ്റ്‌സ്'
ആകെ 1,593 സൈനികർക്ക് പരിക്കേറ്റെന്നാണ് ഇസ്രായേല്‍ സൈന്യം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതെങ്കില്‍ ഒരു ആശുപത്രിയില്‍ മാത്രം 1,949 സൈനികർ ചികിത്സയിലുണ്ടെന്ന് 'ഹാരെറ്റ്സ്' വെളിപ്പെടുത്തുന്നു
ഗസ്സ സിറ്റി: ഒക്ടോബർ ഏഴിനുശേഷം ഹമാസ് ആക്രമണത്തിൽ സൈന്യത്തിനുണ്ടായ നഷ്ടങ്ങൾ പുറത്തുവന്നതിനും അപ്പുറത്താണെന്ന് ഇസ്രായേൽ പത്രം. പ്രമുഖ മാധ്യമമായ ഹാരെറ്റ്‌സ് ആണ് സൈന്യത്തിന്റെ കണക്കുകൾ തള്ളിക്കൊണ്ടുള്ള വിവരങ്ങൾ പുറത്തുവിട്ടത്. ആശുപത്രിരേഖകളുടെ അടിസ്ഥാനത്തിലാണ് ഹാരെറ്റ്‌സ് റിപ്പോർട്ട്.
ഒക്ടോബർ ഏഴിനും ഡിസംബർ പത്തിനും ഇടയിൽ സൈനികരും സിവിലിയന്മാരും ഉൾപ്പെടെ 10,548 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് ഇസ്രായേൽ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട വിവരം. ഇതിൽ 471 പേർ ഗുരുതരാവസ്ഥയിലും 868 പേർ ഭേദപ്പെട്ട നിലയിലുമാണുള്ളതെന്ന് പത്രം ചൂണ്ടിക്കാട്ടുന്നു. ഹമാസിന്റെ മിന്നലാക്രമണത്തിനുശേഷം ഇതാദ്യമായി കഴിഞ്ഞ ദിവസമാണ് പരിക്കേറ്റ സൈനികരുടെ എണ്ണം ഇസ്രായേൽ പുറത്തുവിട്ടത്. 1,593 സൈനികർക്ക് പരിക്കേറ്റെന്നാണു കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിട്ടുള്ളത്.
255 സൈനികരുടെ നില ഗുരുതരമാണെന്ന് ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്. 446 പരിക്കുകൾ താരതമ്യേനെ ഗുരുതരമല്ല. 892 പേർക്ക് നിസ്സാരമായ പരിക്കുകളുമാണുള്ളതെന്ന് സൈന്യം അവകാശപ്പെടുന്നു. എന്നാൽ, സൈനികരെ പ്രവേശിപ്പിച്ച ആശുപത്രികളിൽ പരിശോധിക്കുമ്പോഴാണ് വലിയ അന്തരം വെളിപ്പെടുന്നതെന്ന് ഹാരെറ്റ്‌സ് റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു. സൈന്യത്തിന്റെ കണക്കും ആശുപത്രിയിലെ വിവരവും തമ്മിൽ വമ്പൻ വ്യത്യാസമുണ്ടെന്നാണ് പത്രം ചൂണ്ടിക്കാട്ടുന്നത്.
സൈന്യത്തിന്റെ കണക്കിലും ഇരട്ടി വരും ആശുപത്രികളിലുള്ള സൈനികരെന്ന് റിപ്പോർട്ടിൽ അവകാശപ്പെടുന്നു. അഷ്‌കെലോണിലെ ബർലിസായ് മെഡിക്കൽ സെന്ററിൽ മാത്രം 1,949 സൈനികർ കഴിയുന്നുണ്ട്. യുദ്ധത്തിനിടയിൽ 3,117 പേർ ഇവിടെ ചികിത്സ തേടിയിട്ടുണ്ട്. സൈന്യത്തിന്റെ കണക്കിൽ ആകെ 1,500 പേർക്ക് പരിക്കേറ്റെന്നു പറയുമ്പോഴാണ് ഒറ്റ ആശുപത്രിയിൽ രണ്ടായിരത്തോളം സൈനികരെ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് പത്രം ചൂണ്ടിക്കാട്ടുന്നു. അഷ്‌ദോദിലെ അശ്ശുത ആശുപത്രിയിൽ 178, തെൽഅവീവിലെ ഇക്കിലോവിൽ 148, ഹൈഫയിലെ റംബാമിൽ 181, ജറൂസലമിലെ ഹദസ്സയിൽ 209, ജറൂസലമിലെ തന്നെ ശആരി സെദെകിൽ 139 എന്നിങ്ങനെ സൈനികരെയും പ്രവേശിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ കണക്കുകൾ നിരത്തുന്നുണ്ട്.
ഇതിനു പുറമെ സോറോക മെഡിക്കൽ സെന്ററിൽ ആയിരത്തോളം പേരെയും തെൽഹഷോമറിലെ ഷെബാ മെഡിക്കൽ സെന്ററിൽ 650 പേരെയും പ്രവേശിപ്പിച്ചതിന്റെ കണക്കുകളും ഹാരെറ്റ്‌സ് പുറത്തുവിടുന്നുണ്ട്. നിലവിൽ ആശുപത്രികളിൽ കഴിയുന്നവരുടെ ഭാഗികമായ വിവരങ്ങൾ മാത്രമാണ് ഇവയെല്ലാമെന്നും പത്രം പറയുന്നുണ്ട്. നേരത്തെ ആശുപത്രി വിട്ടവരും അന്വേഷണപരിധിയിൽ വരാത്ത സ്ഥലങ്ങളിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരും ഇതിനും പുറമെ വരുമെന്നും ഹാരെറ്റ്‌സ് റിപ്പോർട്ടിൽ കൂട്ടിച്ചേർക്കുന്നുണ്ട്.
Summary: Number of wounded Israel soldiers is much higher than army reports: Reports Israel newspaper Haaretz
Adjust Story Font
16