Quantcast

യാഫാ കൊല്ലപ്പെട്ടു; അവൾ കുറിച്ചുവച്ചതു പോലെ!

യുദ്ധം ആരംഭിച്ച ശേഷം ഏറ്റവും ദുരിതമേറിയ ദിനങ്ങളിലൂടെയാണു തങ്ങൾ കടന്നുപോകുന്നതെന്ന് കഴിഞ്ഞ ദിവസം യാഫാ സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-12-09 07:47:57.0

Published:

9 Dec 2023 6:48 AM GMT

Yafaa was killed; As she feared!
X

കൊല്ലപ്പെട്ട യാഫാ

ഗസ്സ സിറ്റി: ''എന്റെ പേര് യാഫാ. അധിനിവേശ സേനയുടെ ആക്രമണത്തിനിരയായി ദിവസവും കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന എണ്ണമറ്റ മനുഷ്യരുടെ കൂട്ടത്തിലൊരാളായി എന്റെ പേരും വായിക്കപ്പെടുന്നതാണിപ്പോൾ ഞാൻ ഏറ്റവും ഭയക്കുന്നത്. താമസകേന്ദ്രത്തിൽ സയണിസ്റ്റ് സംഘം നടത്തിയ ആക്രമണത്തിൽ നിരവധി പേർക്കൊപ്പം ഒരു യുവതിയും രക്തസാക്ഷിയായിരിക്കുന്നുവെന്ന് അവർ വിളിച്ചുപറയുന്നത് പേടിക്കുന്നു. ഞാനൊരു സംഖ്യയല്ല. 24 വർഷമെടുത്താണ് ഞാനിപ്പോഴുള്ള ആളായത്. എനിക്ക് സുഹൃത്തുക്കളുണ്ട്. ഓർമയും ഒരുപാട് വേദനകളുമുണ്ട്.''

ഒടുവിൽ യാഫാ ഭയന്നതു തന്നെ സംഭവിച്ചു; ദിവസവും ഇസ്രായേൽ കൂട്ടക്കുരുതിയിൽ മരിച്ചുവീഴുന്ന ഫലസ്തീൻ രക്തസാക്ഷിക്കൾക്കിടയിൽ ഒരുവളായി, ഒരു പേരുമാത്രമായി അവളും! ഫലസ്തീൻ സാമൂഹിക പ്രവർത്തകയാണ് യാഫാ. അവർ അവസാനമായി സോഷ്യൽ മീഡിയയിൽ കുറിച്ചതാണു മുകളിലുള്ള വാക്കുകൾ.

യാഫായുടെ മരണവിവരം ഇതേ അക്കൗണ്ടിലൂടെത്തന്നെ ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്. ''സുന്ദരസ്മിതത്തിനുടമയായ യാഫാ രക്തസാക്ഷിയായ വിവരം അറിയിക്കുകയാണ്. എഴുതാനും സ്വന്തം ശബ്ദം റെക്കോർഡ് ചെയ്തുവിടാനും ഇഷ്ടപ്പെട്ടവൾ. ലോകത്തെ പഴിച്ച്, ദൈവത്തോട് രക്തസാക്ഷിത്വം ചോദിച്ചുവാങ്ങി മടങ്ങിയിരിക്കുകയാണവൾ.''-അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു.

ഖാൻ യൂനിസിലായിരുന്നു യാഫാ കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രായേലിന്റെ കടുത്ത ആക്രമണമാണു മേഖലയിലുണ്ടായത്. ബനീ സുഹൈലയിലും ഖുസാഅയിലും അബ്‌സാനിലുമെല്ലാം മണിക്കൂറുകൾ നിരന്തരമായി ഇസ്രായേൽ ആക്രമണം തുടരുകയാണെന്ന് യാഫാ എക്‌സിൽ കുറിച്ചിരുന്നു.

ഇവിടെനിന്നു കിട്ടിയ സാധനങ്ങളുമായി പലായനം ചെയ്യുന്ന നാട്ടുകാരുടെ ചിത്രങ്ങളും പങ്കുവച്ചിരുന്നു. ഇത്തവണ യുദ്ധം ആരംഭിച്ച ശേഷമുള്ള ഏറ്റവും ദുരിതമേറിയ ദിവസങ്ങളായിരുന്നു ഇതെന്നാണ് അവർ വെളിപ്പെടുത്തിയത്. ഒടുവിൽ ഇതേ ആക്രമണത്തിനിടയിലാണ് യാഫായ്ക്കും ജീവൻ നഷ്ടപ്പെടുന്നത്.

അതിനിടെ, ഗസ്സയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള യു.എൻ രക്ഷാസമിതി പ്രമേയം യു.എസ് വീറ്റോ ചെയ്തിരിക്കുകയാണ്. യു.എസ് നടപടി അപകടകരവും അപമാനവുമാണെന്ന് ഫലസ്തീൻ അധികൃതർ പ്രതികരിച്ചു. ഖാൻ യൂനിസിലടക്കം ഇപ്പോഴും ഇസ്രായേൽ ആക്രമണം തുടരുകയാണ്. ഒക്ടോബർ ഏഴിനുശേഷം ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 17,487 കടന്നിരിക്കുകയാണ്.

Summary: Yafaa was killed; As she feared!

TAGS :

Next Story