Quantcast

വാർത്ത വായിക്കുന്നതിനിടെ താലിബാൻ നേതാവിന്റെ കോൾ; പതറാതെ കൈകാര്യം ചെയ്ത് വനിതാ ജേണലിസ്റ്റ്

അഫ്ഗാൻ - സോവിയറ്റ് യുദ്ധത്തിനിടെ 1980-കളിൽ മനുഷ്യക്കടത്തുകാർക്കൊപ്പമാണ് യൽദ ഹകീമും കുടുംബവും അഫ്ഗാൻ വിട്ടത്.

MediaOne Logo

André

  • Published:

    17 Aug 2021 9:09 AM GMT

വാർത്ത വായിക്കുന്നതിനിടെ താലിബാൻ നേതാവിന്റെ കോൾ; പതറാതെ കൈകാര്യം ചെയ്ത് വനിതാ ജേണലിസ്റ്റ്
X

ടി.വി ചാനലിൽ വാർത്താവതരണം നടത്തുന്ന മാധ്യമപ്രവർത്തകയ്ക്ക് താലിബാൻ നേതാവിന്റെ ഫോൺ കോൾ വന്നാൽ എങ്ങനെയിരിക്കും? അതും അവതാരക ചെറുപ്പത്തിൽ അഫ്ഗാനിലെ യുദ്ധക്കെടുതികളിൽ നിന്ന് പലായനം ചെയ്തയാളാണെങ്കിലോ? അത്തരമൊരു സന്ദർഭത്തെയാണ് ബി.ബി.സി ന്യൂസിലെ യൽദ ഹകീം എന്ന ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകയ്ക്ക് കഴിഞ്ഞ ദിവസം അഭിമുഖീകരിക്കേണ്ടി വന്നത്. ഒട്ടും പതർച്ചയില്ലാതെ, തികഞ്ഞ പ്രൊഫഷണലിസത്തോടെ ആ സാഹചര്യം കൈകാര്യം ചെയ്ത് അവർ മാധ്യമലോകത്തിന്റെയും പ്രേക്ഷകരുടെയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു.

അഫ്ഗാൻ തലസ്ഥാനമായ കാബൂൾ താലിബാൻ പിടിച്ചെടുക്കുമ്പോൾ യൽദ ഹകീം ബി.ബി.സി ന്യൂസിൽ വാർത്താ പ്രോഗ്രാമിന്റെ ഭാഗമായുള്ള ഒരു ലൈവ് ഇന്റർവ്യൂവിലായിരുന്നു. അതിനിടയിലാണ് താലിബാൻ വക്താവ് സുഹൈൽ ഷഹീനിന്റെ കോൾ യൽദയുടെ മൊബൈൽ ഫോണിലേക്കു വന്നത്. കോൾ അറ്റൻഡ് ചെയ്ത് ലൗഡ് സ്പീക്കറിലിട്ട യൽദ അര മണിക്കൂറിലധികം താലിബാൻ വക്താവുമായി സംസാരിക്കുകയും ശക്തമായ നിരവധി ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു.

അഫ്ഗാനിൽ സമാധാനം സ്ഥാപിക്കുന്നതിനാണ് തങ്ങൾ പരിഗണന നൽകുന്ന പ്രസ്താവനയുമായാണ് ഷഹീൻ സംസാരം തുടങ്ങിയത്. ജനങ്ങളും അവരുടെ വസ്തുവകകളും സുരക്ഷിതരായിരിക്കുമെന്നും ആരോടും പ്രതികാരം ചെയ്യില്ലെന്നും താലിബാൻ വക്താവ് അവകാശപ്പെട്ടു.

താലിബാൻ മുമ്പ് അധികാരത്തിലിരുന്നപ്പോൾ നടപ്പിലാക്കിയിരുന്ന വധശിക്ഷ, അംഗച്ഛേദനം തുടങ്ങിയ ശിക്ഷാമുറകൾ ഇത്തവണ തുടരുമോ എന്ന യൽദ ഹകീമിന്റെ ചോദ്യത്തിന് വ്യക്തതയില്ലാത്ത മറുപടിയാണ് വക്താവ് നൽകിയത്. അക്കാര്യത്തിൽ എന്തെങ്കിലും പറയാൻ ഇപ്പോൾ കഴിയില്ലെന്നും, പുതിയ ഭരണകൂടത്തിന്റെ നയപ്രകാരം നിയമിക്കപ്പെടുന്ന ജഡ്ജുമാരായിരിക്കും ശിക്ഷകൾ വധിക്കുകയെന്നും ഷഹീൻ പറഞ്ഞു.

താലിബാൻ ഭരണത്തിൽ സ്ത്രീകളോടുള്ള സമീപനം എന്തായിരിക്കുമെന്ന ചോദ്യവും യൽദ ഉയർത്തി. 'അഫ്ഗാനിസ്താനിലെ സ്ത്രീജനങ്ങൾക്ക് കടുത്ത ആശങ്കയുണ്ട്. പലരും എനിക്ക് സന്ദേശങ്ങളയക്കുന്നു. പെൺകുട്ടികൾക്ക് സ്‌കൂളുകളിൽ പോകാൻ കഴിയാത്ത, സ്ത്രീകൾക്ക് ജോലിക്ക് പോകാൻ കഴിയാത്ത തൊണ്ണൂറുകളിലെ ഭരണരീതി തന്നെയായിരിക്കും നിങ്ങൾ ഏർപ്പെടുത്തുക എന്നവർക്കു ഭയമുണ്ട്. ഈ വിഷയത്തിൽ നിങ്ങളുടെ പദ്ധതികളെപ്പറ്റി വ്യക്തത നൽകാൻ കഴിയുമോ?' - യൽദ ചോദിച്ചു.

സ്ത്രീകൾക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്നും അവർക്ക് പഠനം തുടരാമെന്നും ഇതിന് ഷഹീൻ മറുപടി നൽകിയപ്പോൾ യൽദ ഇടപെട്ടു: 'ഹെറാത്തിലെ യൂണിവേഴ്‌സിറ്റിയിൽ എത്തിയ താലിബാൻ സൈനികർ, പെൺകുട്ടികളോട് അവിടെ നിന്ന് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടതായി കേട്ടല്ലോ...' ഇതേപ്പറ്റി വ്യക്തമായ വിശദീകരണം നൽകാൻ താലിബാൻ വക്താവിന് കഴിഞ്ഞില്ല.

32 മിനുട്ട് നേരം തികഞ്ഞ ആത്മവിശ്വാസത്തോടെ ഇന്റർവ്യൂ മുന്നോട്ടു കൊണ്ടുപോയ യൽദക്ക് മാധ്യമ ലോകത്തുനിന്നടക്കം വൻ പിന്തുണയാണ് ലഭിച്ചത്. ടൈംസ് റേഡിയോ അവതാരക ആസ്മ മിർ, ദി നാഷണൽ എഡിറ്റർ ഇൻ ചീഫ് മിന അൽ ഒറൈബി, ഓസ്‌ട്രേലിയയിലെ വിക്കിലീക്‌സ് പാർട്ടി പ്രതിനിധി സുരേഷ് രാജൻ, റാണ അയ്യൂബ് തുടങ്ങി നിരവധി പേർ അവരെ അഭിനന്ദിച്ച് സമൂഹമാധ്യമങ്ങളിൽ രംഗത്തുവന്നു.



അഫ്ഗാൻ - സോവിയറ്റ് യുദ്ധത്തിനിടെ 1980-കളിൽ മനുഷ്യക്കടത്തുകാർക്കൊപ്പമാണ് യൽദ ഹകീമും കുടുംബവും അഫ്ഗാൻ വിട്ടത്. ഓസ്‌ട്രേലിയയിലേക്ക് പലായനം ചെയ്ത അവർ പശ്ചിമ സിഡ്‌നിയിൽ പഠനം പൂർത്തിയാക്കുകയും ഓസ്‌ട്രേലിയൻ ചാനലായ എസ്.ബി.എസ്സിൽ മാധ്യമപ്രവർത്തനം തുടങ്ങുകയും ചെയ്തു. ബി.ബി.സിയിൽ ജോലി കിട്ടിയതിനെ തുടർന്ന് 2012-ലാണ് അവർ ലണ്ടനിലേക്ക് താമസം മാറിയത്.

TAGS :

Next Story