യുറുഗ്വായ് തെരഞ്ഞെടുപ്പ്: ഇടതുമുന്നണിക്ക് ജയം, യമാണ്ടു ഓർസി പ്രസിഡന്റ്
കടുത്ത മത്സരത്തിനൊടുവിൽ യാഥാസ്ഥിതിക ഭരണസഖ്യത്തെ പുറത്താക്കിയാണ് ഇടതുപക്ഷം വിജയിച്ചത്
മൊണ്ടേവീഡിയോ: തെക്കേ അമേരിക്കൻ രാജ്യമായ യുറുഗ്വായിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് വിജയം.
മധ്യഇടതുപക്ഷ സഖ്യമായ ബ്രോഡ് ഫ്രണ്ടിന്റെ യമാണ്ടു ഓർസിയെയാണ് പ്രസിഡന്റായി തെരഞ്ഞെടുത്തത്.
കടുത്ത മത്സരത്തിനൊടുവിൽ യാഥാസ്ഥിതിക ഭരണസഖ്യത്തെ പുറത്താക്കിയാണ് ഇടതുപക്ഷം വിജയിച്ചത്. മധ്യ-വലത് ഭരണസഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി അൽവാരോ ഡെൽഗാഡോ പരാജയം സമ്മതിച്ചു. പാര്‍ട്ടി ആസ്ഥാനത്ത് സംഘടിപ്പിച്ച പരിപാടിയില്‍ പുതിയ പ്രസിഡന്‍റിന് അഭിനന്ദനങ്ങളും അദ്ദേഹം അറിയിച്ചു.
ഓർസി അധികാരത്തിലേറുമെന്ന് സർവേകളിൽ ഭൂരിഭാഗവും പ്രവചിച്ചിരുന്നു. 57 കാരനായ യമാണ്ടു ഓർസി മുൻ ചരിത്രാധ്യാപകനും കനെലോൺസിലെ മുൻ മേയറുമായിരുന്നു. 49.77 ശതമാനം വോട്ടുകളോടെയാണ് ഒർസി വിജയിച്ചത്. എതിർ സ്ഥാനാർഥിയായ അൽവാരോ ഡെൽഗാഡോയിക്ക് 45.94 ശതമാനം വോട്ടുകളാണ് നേടാനായത്.
സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും രാജ്യം ഒരിക്കൽ കൂടി വിജയിക്കുന്നുവെന്നാണ് യമാണ്ടു ഓർസി വിജയത്തോട് പ്രതികരിച്ചത്.
കോവിഡ് മഹാമാരിക്കു ശേഷമുള്ള സാമ്പത്തിക അസ്വാസ്ഥ്യത്തെക്കുറിച്ചുള്ള അതൃപ്തി നിഴലിച്ച തെരഞ്ഞെടുപ്പിൽ ഓർസിയുടെ വിജയം നിർണായകമാണ്. വർദ്ധിച്ചുവരുന്ന പൊതുജന അതൃപ്തിയുടെ ഫലമായാണ് ഒർസിയുടെ വിജയത്തെ വിശേഷിപ്പിക്കുന്നത്. അഞ്ച് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് യുറുഗ്വായില്‍ ഇടതുസഖ്യം ഭരണം തിരിച്ചുപിടിക്കുന്നത്.
Adjust Story Font
16