Quantcast

'നമ്മൾ യുക്രൈനല്ല; അതിനാൽ അവർ പിന്തുണക്കുകയുമില്ല';ഇസ്രായേൽ അധിനിവേശത്തിലെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി ഫലസ്തീൻ നിരീക്ഷക

'അധിനിവേശത്തിൽ പ്രതികരിക്കുന്നവർ ഇസ്രായേലിനെ ഫലസ്തീനികൾക്ക് ദുരിതം വിതയ്ക്കുന്ന 'അക്രമകാരി' ആക്കാതിരിക്കാൻ ഏറെ ശ്രദ്ധാലുക്കളാണ്‌

MediaOne Logo

Web Desk

  • Updated:

    2022-08-09 16:14:00.0

Published:

9 Aug 2022 1:44 PM GMT

നമ്മൾ യുക്രൈനല്ല; അതിനാൽ അവർ പിന്തുണക്കുകയുമില്ല;ഇസ്രായേൽ അധിനിവേശത്തിലെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി ഫലസ്തീൻ നിരീക്ഷക
X

ജറുസലേം: റഷ്യ യുക്രൈനിലും ഇസ്രായേൽ ഫലസ്തീലും നടത്തുന്ന അധിനിവേശങ്ങളിൽ യൂറോപ്യൻ രാജ്യങ്ങളടക്കം പുലർത്തുന്ന ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി ഫലസ്തീൻ നയനിരീക്ഷക യാരാ ഹവാരി. ട്രൂത്ത്ഫുൾ ഡൗൺ എന്ന പേരിൽ ഗസ്സ മുനമ്പിൽ ഇസ്രായേൽ നടത്തിയ അതിക്രമത്തെ തുടർന്ന് അൽജസീറയിൽ എഴുതിയ ലേഖനത്തിലാണ് ഫലസ്തീൻ നയ ശൃംഖലയായ അൽ ഷബക്കയുടെ ഭാഗമായി പ്രവർത്തിക്കുന്ന ഇവർ പ്രതികരിച്ചത്.

ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന അതിക്രമങ്ങളിൽ നിരവധി രാഷ്ട്രീയക്കാരും നയതന്ത്രജ്ഞരും ആശങ്ക രേഖപ്പെടുത്തി പ്രസ്താവനകൾ പുറപ്പെടുവിക്കുകയും സംഘർഷങ്ങൾ കുറയ്ക്കുന്നതിനും സമാധാനം പുലർത്തുന്നതിനും വേണ്ടി അഭ്യർത്ഥിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇസ്രായേലിനെ ഫലസ്തീനികൾക്ക് ദുരിതം വിതയ്ക്കുന്ന 'അക്രമകാരി' ആക്കാതിരിക്കാൻ അവർ ഏറെ ശ്രദ്ധാലുവാണ്. അഞ്ച് വയസ്സുള്ള അലാ ഖദൂമും അഞ്ച്-ഉം 11-ഉം വയസ്സുള്ള സഹോദരന്മാരായ അഹമ്മദും മൊമെൻ അൽ നൈറാബും ഇസ്രയേലിന്റെ ബോംബേറ്റല്ല, സ്വാഭാവിക സാഹചര്യങ്ങളാൽ മരിച്ചതുപോലെയാണ് അവർ പെരുമാറുന്നത്. ഇസ്രായേൽ ഭരണകൂടം ദശാബ്ദങ്ങളായി ഫലസ്തീനികളെ കൊല്ലുകയും അംഗവൈകല്യം വരുത്തുകയും വേദനിപ്പിക്കുകയും ചെയ്യാത്തതുപോലെയാണ് അവരുടെ ഇടപെടലെന്നും യാരാ കുറ്റപ്പെടുത്തി.


ഏറ്റവും ഒടുവിൽ നടന്ന ഇസ്രായേൽ അതിക്രമത്തിൽ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്സ് പ്രതികരിച്ചത് 'യു.കെ ഇസ്രായേലിനും പ്രതിരോധിക്കാനുള്ള അവരുടെ അവകാശത്തിനുമൊപ്പം ഒനിൽക്കുന്നു' എന്നായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി. തുടക്കം മുതലേ ഇസ്രായേലിനെ പിന്തുണക്കുന്ന ഇവരുടെ ഈ നിലപാട് അതിശയകരമല്ലെന്നും ഗസ്സയിൽ അതിക്രമം നടത്താൻ സഹായം നൽകിയത് യുകെയാണെന്നും ലേഖനത്തിൽ വ്യക്തമാക്കി.


'ഫലസ്തീനികൾ വിശുദ്ധരും ഫലസ്തീൻ യുക്രൈനുമല്ല. യുക്രൈനികൾക്ക് ലഭിക്കുന്ന പിന്തുണ തങ്ങൾക്ക് ലഭിക്കില്ല. അധിനിവേശ ശക്തിക്ക് മുമ്പിൽ തങ്ങളുടെ അവകാശം സംരക്ഷിക്കാൻ ആരും മുന്നോട്ടുവരില്ല. നമ്മുടെ രക്തസാക്ഷികളെ മഹത്വവത്കരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ ചിത്രങ്ങൾ പ്രസിദ്ധീകരിക്കില്ല. പോപ് സ്റ്റാറുകൾ, ഹോളിവുഡ് അഭിനേയതാക്കൾ, പ്രധാനമന്ത്രിമാർ എന്നിവർ ഗസ്സയിലെ കുടുംബങ്ങളെ സന്ദർശിക്കില്ല. സ്വയം വിശുദ്ധരായി ചമഞ്ഞ് കൊണ്ടു തന്നെ ഫലസ്തീനികളെ കൊല്ലുന്നത് ഇസ്രായേൽ തുടരും' യാരാ കുറിച്ചു.


ഇസ്രയേൽ മൂന്നു ദിവസം കൊണ്ട് ഗസ്സയിൽ നടത്തിയ ബോംബ് വർഷത്തിൽ 15 കുട്ടികളടക്കം 44 ഫലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടതും നൂറുകണക്കിന് പേർക്ക് പരിക്കേറ്റതും അവർ ചൂണ്ടിക്കാട്ടി. 15 വർഷത്തെ ഉപരോധം മതിയാകാത്ത ഇസ്രയേൽ വർഷം തോറും പ്രദേശത്ത് ഓപ്പറേഷനുകൾ നടത്തി ആയിരങ്ങളെ കൊല്ലുകയും നൂറുകണക്കിന് പേരെ പരിക്കേൽപ്പിക്കുകയും ചെയ്യുകയാണെന്നും അടിസ്ഥാന സൗകര്യങ്ങൾ പൂർണമായി നശിപ്പിച്ചിരിക്കുകയാണെന്നും അവർ ലേഖനത്തിൽ ചൂണ്ടിക്കാട്ടി.

2020 ഓടെ ഗസ്സ ജീവിക്കാൻ യോഗ്യമല്ലാതാകുമെന്ന് 2012ൽ യുഎൻ പ്രവചിച്ചിരുന്നു. പല കാര്യങ്ങളിലൂടെയും പ്രവചനം ശരിയാണെന്ന് തെളിഞ്ഞിട്ടും, രണ്ട് ദശലക്ഷത്തിലധികം ഫലസ്തീനികൾ അവിടെ താമസിക്കുന്നുണ്ട്. അവരിൽ ഭൂരിഭാഗവും അവിടെ താമസിക്കുന്നത് ഇഷ്ടാനുസരണമല്ല. സമീപകാല വോട്ടെടുപ്പുകൾ കണക്കാക്കുന്നത് ഗാസയിൽ താമസിക്കുന്നവരിൽ 40 ശതമാനവും തങ്ങൾക്ക് കഴിയുമെങ്കിൽ പോകുമെന്നാണെന്നും കുറിപ്പിൽ യാരാ വ്യക്തമാക്കി. അവിടെ ഭാവി ജീവിതം കാണാൻ കഴിയാത്തത് ഒട്ടും അത്ഭുതകരമല്ലെന്നും അവർ കുറിച്ചു.

പൊതുവേ ശുഷ്‌കിച്ച ഗസ്സയിലെ ആരോഗ്യസംവിധാനങ്ങൾ ഒടുവിലെ ആക്രമണത്തോടെ മുച്ചൂടും തകർന്നിരിക്കുകയാണെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുകയാണ്. ഇന്ധനം ലഭ്യമല്ലാത്തതിനാൽ ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാനാകുന്നില്ലെന്നും ഇസ്രയേൽ സേനയുടെ അതിക്രമം ഇന്ധനവും ഇതര അവശ്യവസ്തുക്കളും കൊണ്ടുവരുന്നത് തടഞ്ഞിരിക്കുകയാണെന്നും അവർ പറഞ്ഞു.


ഒരിക്കലും തീരാത്ത ആഘാതം

മുമ്പുള്ള ഇസ്രയേൽ ആക്രമണങ്ങളെ പോലെ ഇക്കുറിയും അതിക്രമം നിർത്തിയിരിക്കുകയാണ്. ഈജിപ്തിന്റെ ഇടപെടലിനെ തുടർന്നാണ് ഇസ്രയേലും ഫലസ്തീൻ സംഘമായ ഇസ്‌ലാമിക് ജിഹാദും തമ്മിൽ ഉടമ്പടിയിലേർപ്പെട്ടിരിക്കുന്നത്. എന്നാൽ ഈ അതിക്രമത്തിന്റെ ദുരന്തഫലങ്ങൾ മുമ്പുള്ളത് തുടരുമെന്നാണ് യാരാ ഹവാരി നിരീക്ഷിക്കുന്നത്. ഓരോ ബോംബാക്രമണത്തിൽനിന്ന് അതിജീവിക്കാൻ ശ്രമിക്കുന്ന ഗസ്സ നിവാസികൾ അതേസമയം തന്നെ മറ്റൊരു ആക്രമണം ഭയക്കുന്നുണ്ട്. ശാരീരികവും മാനസികവുമായ മുറിവുകളിൽ നിന്ന് മോചനം നേടാൻ ഇവർക്ക് വഴികളേതുമില്ല താനും. പ്രദേശത്തെ പ്രശ്‌നങ്ങൾ പഠിക്കാൻ നിരവധി ആഗോള എൻജിഒകളും യു.എൻ ഏജൻസികളും ശ്രമിക്കുന്നുണ്ടെങ്കിലും അവക്കത് സാധ്യമാകുന്നില്ല.

ഫലസ്തീനികൾ ഗസ്സയിൽ അനുഭവിക്കുന്ന ആഘാതം കഴിഞ്ഞ ആഴ്ചയോ, കഴിഞ്ഞ വർഷമോ, അല്ലെങ്കിൽ 2006-ൽ ഇസ്രായേൽ ഭരണകൂടം തങ്ങൾക്ക് ഇഷ്ടപ്പെടാത്ത ഒരു ഗവൺമെന്റിനെ തിരഞ്ഞെടുത്തതിന് സ്ട്രിപ്പിൽ ആദ്യമായി ഉപരോധിച്ചപ്പോഴോ തുടങ്ങിയതല്ല. പതിറ്റാണ്ടുകൾക്ക് മുമ്പ്, സയണിസ്റ്റ് പ്രസ്ഥാനം അതിന്റെ കുടിയേറ്റ-കൊളോണിയൽ പദ്ധതി ആരംഭിക്കുന്നതിനുള്ള ഭൂമിയായി ഫലസ്തീനിലേക്ക് ആദ്യമായി ദൃഷ്ടി വെച്ചതോടെയാണ് ഇത് ആരംഭിച്ചത്.

ഭീമാകാരവും നിരന്തരവുമായ തുടർ ആക്രമണവും അധിനിവേശവുമാണ് ഗസ്സയിൽ ഇന്ന് കാണുന്ന തുറന്ന ജയിൽ സൃഷ്ടിച്ചത്. ഗസ്സയിലെ രണ്ട് ദശലക്ഷത്തിലധികം നിവാസികളിൽ, 1.4 ദശലക്ഷവും അധിനിവേശ ഫലസ്തീനിലെ മറ്റിടങ്ങളിൽ നിന്നുള്ള അഭയാർത്ഥികളാണ്. അതുകൊണ്ടാണ് 2018 ൽ ഗസ്സയിൽ ഫലസ്തീനികൾ 'ദി ഗ്രേറ്റ് മാർച്ച് ഓഫ് റിട്ടേൺ' ആരംഭിച്ചത്, അതിൽ പതിനായിരക്കണക്കിന് ഇസ്രായേൽ ഭരണകൂട വേലിയിൽ തങ്ങളുടെ ജന്മദേശത്തേക്ക് മടങ്ങാനുള്ള അവകാശം ആവശ്യപ്പെട്ട് പ്രതിഷേധിച്ചു. തുടർന്ന് നൂറുകണക്കിനാളുകൾ ഇസ്രായേൽ ഭരണകൂട സ്നൈപ്പർമാരുടെ വെടിയേറ്റ് മരിക്കുകയും നിരവധി പേർ അംഗവൈകല്യം സംഭവിക്കുകയും ചെയ്തിരുന്നു.

ഇന്ന് വെസ്റ്റ്ബാങ്കിൽ നടന്ന ഇസ്രായേൽ ആക്രമണത്തിൽ വീട് തകർന്ന് രണ്ടു ഫലസ്തീനികൾ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

Yara Hawari, a Palestinian political analyst, pointed out the double standard of the European countries in the occupations of Russia in Ukraine and Israel in Palestine.

TAGS :

Next Story