'വാഗ്‌നർ ഗ്രൂപ്പ് തലവൻ നമ്മുടെ രാജ്യത്തെത്തി'; വ്യക്തമാക്കി ബെലാറൂസ് പ്രസിഡൻറ്
വാഗ്‌നർ സംഘവും റഷ്യയും തമ്മിലുള്ള ശത്രുത ശമിപ്പിക്കാൻ മുമ്പിട്ടിറങ്ങിയയാളാണ് ബെലാറൂസ് പ്രസിഡൻറ് ലുകാഷെങ്കോ
റഷ്യക്കെതിരെ പടയ്ക്കിറങ്ങിയ വാഗ്‌നർ കൂലിപ്പടയാളി സംഘത്തിന്റെ മേധാവി യെവ്ഗിനി പ്രിഗോജിൻ ബെലാറൂസിലെത്തിയെന്ന് പ്രസിഡന്റ് അലക്‌സാണ്ടർ ലുകാഷെങ്കോ. ബെലാറൂസിലെ പ്രാദേശിക മാധ്യമമായ ബെൽറ്റയെ ഉദ്ധരിച്ച് അൽജസീറിയടക്കം ഈ വാർത്ത റിപ്പോർട്ട് ചെയ്തു. വാഗ്‌നർ സംഘവും റഷ്യയും തമ്മിലുള്ള ശത്രുത ശമിപ്പിക്കാൻ മുമ്പിട്ടിറങ്ങിയയാളാണ് ലുകാഷെങ്കോ. ശനിയാഴ്ച ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കരാർ പ്രകാരം വാഗ്‌നർ സംഘം കലാപത്തിൽ നിന്ന് പിന്മാറുകയായിരുന്നു. മേധാവിയായ പ്രിഗോജിൻ ബെലാറൂസിലേക്ക് പോകാൻ തീരുമാനിച്ചപ്പോൾ അണികൾക്ക് അദ്ദേഹത്തോടൊപ്പമോ റഷ്യൻ സൈന്യത്തിനൊപ്പമോ ചേരാമെന്നാണ് നിർദേശം നൽകിയിരുന്നത്.
ബെലാറൂസ് സൈന്യത്തിൽ വാഗ്‌നറെപ്പോലെ ഒരു യൂണിറ്റ് ഉണ്ടാകുന്നതിൽ തനിക്ക് പ്രശ്നമില്ലെന്ന് പ്രതിരോധ മന്ത്രി വിക്ടർ ഖ്രെനിക്കോവ് തന്നോട് പറഞ്ഞതായും ലുകാഷെങ്കോ പറഞ്ഞു. ഈ വിഷയത്തിൽ പ്രിഗോജിനുമായി ചർച്ച നടത്താൻ ബെലാറൂസ് നേതാവ് ഖ്രെനിക്കോവിനെ ചുമതലപ്പെടുത്തിയിരുന്നു.
അതേസമയം, വാഗ്‌നർ സംഘം ബെലാറൂസിലെത്തിയത് പോളണ്ടിന് ശുഭകരമല്ലെന്നാണ് പ്രസിഡൻറ് ആൻഡ്രേജ് ഡൂഡ പറഞ്ഞത്.
വാഗ്‌നർ സംഘത്തിന്റെ പിന്മാറ്റം
റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിന്റെ അനുമതിയോടെയാണ് അലക്സാണ്ടർ ലുകാഷെങ്കോ വാഗ്‌നർ ഗ്രൂപ്പുമായി ചർച്ച നടത്തിയത്. ഇതോടെ മോസ്‌കോ ലക്ഷ്യമിട്ടുള്ള നീക്കത്തിൽനിന്ന് അവർ പിന്തിരിയുകയായിരുന്നു. റഷ്യയിൽ നടക്കുന്ന സംഭവവികാസങ്ങൾ ശനിയാഴ്ച രാവിലെ പുടിൻ ബെലാറൂസ് പ്രസിഡന്റിനെ അറിയിച്ചിരുന്നു. തുടർന്നാണ് പ്രശ്നപരിഹാരത്തിനായി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നീക്കം സജീവമായത്. ബെലാറൂസ് പ്രസിഡന്റ് മുന്നോട്ടുവച്ച ഒത്തുതീർപ്പ് വ്യവസ്ഥകൾ വാഗ്നർ ഗ്രൂപ്പ് അംഗീകരിച്ചതായാണ് റിപ്പോർട്ട്. രക്തച്ചൊരിച്ചിൽ ഒഴിവാക്കാനാണ് പിൻമാറ്റമെന്ന് പ്രിഗോഷിൻ പ്രതികരിച്ചു. വാഗ്നർ സേനയോട് ക്യാമ്പുകളിലേക്ക് മടങ്ങാനാണ് നിർദേശിച്ചത്.
നേരത്തെ, വാഗ്‌നർ ഗ്രൂപ്പിലെ അയ്യായിരത്തിലധികം ആളുകളാണ് മോസ്‌കോ ലക്ഷ്യമാക്കി നീങ്ങിയത്. വാഗ്‌നർ ഗ്രൂപ്പിന്റെ ആയുധങ്ങൾ നിറച്ച വാഹനങ്ങൾ മോസ്‌കോ ലക്ഷ്യമാക്കി നീങ്ങുകയാണെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ മോസ്‌കോയിൽ അവധി പ്രഖ്യാപിച്ചു. ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്ന് മോസ്‌കോ മേയർ നിർദേശം നൽകുകയും ചെയ്തു. പുടിൻ മോസ്‌കോ വിട്ടതായി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. പ്രസിഡന്റിന്റെ വിമാനങ്ങളിലൊന്ന് മോസ്‌കോയിൽനിന്ന് പറന്നുയർന്നതാണ് അഭ്യൂഹങ്ങൾക്ക് ഇടയാക്കിയത്. വാഗ്നർ സംഘത്തിന്റെ പിൻമാറ്റത്തിന്റെ പശ്ചാത്തലത്തിൽ ദക്ഷിണ റഷ്യൻ പ്രവിശ്യകളിലെ നിയന്ത്രണങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്.
Yevgeny Prigoshin, head of the Wagner mercenary group that fought against Russia, has arrived in Belarus: President Alexander Lukashenko
Adjust Story Font
16