Quantcast

ശവാസനം ചെയ്യുന്നവരെ കണ്ട് കൂട്ടക്കൊലയാണെന്ന് തെറ്റിദ്ധരിച്ചു; പൊലീസിനെ വിവരം അറിയിച്ച് ദമ്പതികൾ...ഒടുവിൽ സംഭവിച്ചത്

യോഗാ സെന്‍ററിലേക്ക് അഞ്ചു വാഹനങ്ങള്‍ നിറയെ പൊലീസ് കുതിച്ചെത്തുകയായിരുന്നു

MediaOne Logo

Web Desk

  • Published:

    11 Sep 2023 7:43 AM GMT

Yoga Class Mistaken For Mass Killing In UK
X

ബ്രിട്ടൺ: വ്യായാമ മുറ എന്നരീതിയിൽ യോഗ ഇന്ന് എല്ലാ രാജ്യങ്ങളിലും വളരെ പ്രചാരം നേടിയിട്ടുണ്ട്. മനസിനും ശരീരത്തിനും ഒരുപോലെ ഗുണം ചെയ്യുന്ന യോഗ പാശ്ചാത്യർ ഉൾപ്പെടെ വളരെ പ്രാധാന്യത്തോടെയാണ് കണക്കാക്കുന്നത്. ജോലിത്തിരക്കുകൾ മാറ്റിവെച്ച് യോഗ പഠിക്കാനായി നിരവധി പേർ എത്തുന്നുണ്ട്.

യോഗയിലെ പ്രധാനപ്പെട്ടൊരു ഭാഗമാണ് ശവാസനം. ഈ ശവാസനം മൂലം ബ്രിട്ടണിലെ പൊലീസ് പുലിവാല് പിടിച്ച വാർത്തയാണ് കഴിഞ്ഞദിവസം വിദേശ മാധ്യമങ്ങൾ പുറത്ത് വിട്ടത്. നടക്കാനിറങ്ങിയ ദമ്പതികൾ ഒരു യോഗാസെന്ററിൽ കുറേ പേർ തറയിൽ കിടക്കുന്നത് കണ്ടതാണ് ഈ കുഴപ്പങ്ങൾക്ക് തുടക്കമിട്ടത്. തറയിൽ നിരവധി പേർ അനങ്ങാതെ കിടക്കുന്നത് കണ്ട ഇവർ 'ആചാരപരമായ കൂട്ടക്കൊല'യാണെന്ന് തെറ്റിദ്ധരിച്ചു. പിന്നെ വൈകിയില്ല. വിവരം പൊലീസിനെ അറിയിക്കുകയും ചെയ്തു.

ലിങ്കൺഷയറിലെ ചാപ്പൽ സെന്റ് ലിയോനാർഡിലെ നോർത്ത് സീ ഒബ്‌സർവേറ്ററിയിൽ പൊലീസ് വാഹനങ്ങൾ കുതിച്ചെത്തി. പ്രദേശമാകെ പൊലീസ് വളയുകയും ചെയ്തു. തുടർന്ന് അന്വേഷിച്ചപ്പോഴാണ് ശവാസനത്തിന്റെ കാര്യം പൊലീസിന് മനസിലായത്. ഇതോടെ മണിക്കൂറുകൾ നീണ്ടുനിന്ന പരിഭ്രാന്തിക്ക് വിരാമമായി. എല്ലാവരും സുരക്ഷിതരാണെന്നും മറ്റ് പ്രശ്‌നങ്ങളില്ലെന്നും ലിങ്കൺഷെയർ പൊലീസ് സ്ഥിരീകരിച്ചു. ഇതോടെ വിവരം പൊലീസിനെ അറിയിച്ച ദമ്പതികളും ആകെ അങ്കലാപ്പിലായി.എന്നാൽ നല്ല ഉദ്ദേശ്യത്തോടെ ചെയ്ത കാര്യമായതിനാൽ അവർക്കെതിരെ പൊലീസ് നടപടിയെടുത്തില്ല.

പൊലീസുകാർ യോഗാസെന്ററിൽ ഇടിച്ചുകയറിയപ്പോൾ താൻ ഭയന്നുപോയെന്ന് യോഗാ അധ്യാപികയായ മില്ലി ലോസ് പറഞ്ഞു. അതിരാവിലെ നടക്കാനിറങ്ങിയ രണ്ടുപേർ യോഗ പഠിപ്പിക്കുന്ന കെട്ടിടത്തിന്റെ ഗ്ലാസിലൂടെ നോക്കുന്നത് താൻ കണ്ടിരുന്നു. പക്ഷേ അത് ഇത്രയും വലിയ പ്രശ്‌നമാകുമെന്നോ താൻ ഒരു 'കൂട്ടക്കൊലയാളി'യാകുമെന്നോ കരുതിയിരുന്നില്ലെന്നും 22 കാരിയായ യോഗ അധ്യാപിക ബി.ബി.സിയോട് പറഞ്ഞു.

TAGS :

Next Story