Quantcast

ഡോ. യൂസുഫുൽ ഖറദാവിയുടെ ഖബറടക്കം ഇന്ന് ദോഹയിൽ

വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഖത്തറിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു ഖറദാവി

MediaOne Logo

Web Desk

  • Published:

    27 Sep 2022 2:14 AM GMT

ഡോ. യൂസുഫുൽ ഖറദാവിയുടെ ഖബറടക്കം ഇന്ന് ദോഹയിൽ
X

ദോഹി: അന്തരിച്ച പ്രമുഖ ഇസ്‌ലാമിക പണ്ഡിതൻ ഡോ. യൂസുഫുൽ ഖറദാവിയുടെ ഖബറടക്കം ഇന്നു നടക്കും. ദോഹയിലെ മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് മസ്ജിദിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഖത്തറിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു ഖറദാവി. ഇന്നലെ വൈകീട്ടായിരുന്നു വിയോഗം.

1926ൽ ഈജിപ്തിലെ ത്വൻതയിൽ ജനിച്ച ഖറദാവി നാട്ടിലെ പ്രാഥമിക, സെക്കൻഡറി വിദ്യാഭ്യാസത്തിനുശേഷം വിശ്വപ്രസിദ്ധ ഇസ്‌ലാമിക സർവകലാശാലയായ അൽഅസ്ഹറിലാണ് ഉപരിപഠനം നടത്തുന്നത്. അസ്ഹറിൽനിന്ന് ഖുർആൻ, ഹദീസ് പഠനങ്ങളിലും ഭാഷാസാഹിത്യത്തിലും ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം 1973ൽ ഡോക്ടറേറ്റും സ്വന്തമാക്കി. മുസ്‌ലിം ബ്രദർഹുഡുമായി ചേർന്നു പ്രവർത്തിച്ച അദ്ദേഹത്തെ ജമാൽ അബ്ദുൽ നാസറിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം അറസ്റ്റ് ചെയ്തു ജയിലിലടച്ചിരുന്നു. ജയിൽമോചിതനായ ശേഷം 1961ൽ ഖത്തറിൽ സ്ഥിരതാമസമാക്കുകയായിരുന്നു. 1968ൽ ഖത്തർ പൗരത്വം നൽകി.

ഈജിപ്ത് മതകാര്യ വകുപ്പ് ഉദ്യോഗസ്ഥനായും അൽ അസ്ഹറിൽ സാംസ്‌കാരിക വകുപ്പിന്റെ പ്രസിദ്ധീകരണ വിഭാഗം മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്. 1961ൽ ദോഹയിലെ റിലീജ്യസ് ഇൻസ്റ്റിറ്റ്യൂട്ട് ഇൻസ്പെക്ടറായി. 1973ൽ ഖത്തറിന്റെ മതകാര്യ മേധാവിയായും നിയമിതനായി.

120ലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ് ഖറദാവി. ഫിഖ്ഹുൽ ജിഹാദ്, ഫിഖ്ഹുസ്സകാത്ത് എന്നിവയ്ക്കു പുറമെ ഫിഖ്ഹു മഖാസിദുശ്ശരീഅ, അന്നാസു വൽഹഖ്, ഫിഖ്ഹുൽ വസത്വിയ്യ, അൽഅഖല്ലിയ്യാത്തുദ്ദീനിയ്യ അടക്കം ലോകതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട നിരവധി രചനകൾ അക്കൂട്ടത്തിലുണ്ട്. ഇന്റർനാഷനൽ യൂനിയൻ ഓഫ് മുസ്‌ലിം സ്‌കോളേഴ്സിന്റെ സ്ഥാപക നേതാവും പ്രഥമ അധ്യക്ഷനുമായിരുന്നു. യൂറോപ്യൻ കൗൺസിൽ ഫോർ ഫത്വ ആൻഡ് റിസർച്ചിന്റെയും തലവനായി പ്രവർത്തിച്ചു.

മക്ക ആസ്ഥാനമായുള്ള മുസ്ലിം വേൾഡ് ലീഗ്, കുവൈത്തിലെ ഇന്റർനാഷനൽ ഇസ്ലാമിക് ചാരിറ്റബിൾ ഓർഗനൈസേഷൻ, ജറൂസലേം ഇന്റർനാഷനൽ ഫൗണ്ടേഷൻ, ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമി, ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപറേഷൻ എന്നിവയുടെ മുൻനിരയിലും അദ്ദേഹമുണ്ടായിരുന്നു. കിങ് ഫൈസൽ അവാർഡ് അടക്കം നിരവധി പുരസ്‌കാരങ്ങൾക്കും അർഹനായിട്ടുണ്ട്. സുൽത്താൻ ഹസൻ അൽബോക്കിയ അവാർഡ്, മലേഷ്യ ഇന്റർനാഷനൽ ഇസ്‌ലാമിക് യൂനിവേഴ്സിറ്റിയുടെ പ്രത്യേക അവാർഡ്, ഇസ്‌ലാമിക് ഡെവലപ്മെന്റ് അവാർഡ് എന്നിവ അവയിൽ ഉൾപ്പെടും.

Summary: The funeral of the late renowned Islamic scholar Dr. Yusuf al-Qaradawi's will be held today at the Muhammad bin AbdulWahhab Mosque in Doha

TAGS :

Next Story